അടിയന്തരാവസ്ഥക്കാലത്തുപോലും ഇതുപോലെ മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങിട്ടിട്ടില്ല -സാദിഖലി തങ്ങൾ
text_fields‘ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം’ മുസ്ലിം യൂത്ത് ലീഗ് മനുഷ്യാവകാശ സെമിനാർ മുസ്ലിം ലീഗ് ഉന്നതാധികാരി സമിതി അംഗം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: അടിയന്തരാവസ്ഥക്കാലത്തുപോലും ഇന്നത്തെ പോലെ മാധ്യമങ്ങൾക്ക് കൂച്ചൂവിലങ്ങിട്ടിട്ടില്ലെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഹനിക്കപ്പെടുന്ന പൗരസ്വാതന്ത്ര്യം എന്ന വിഷയത്തിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ ഉത്തരവിൽ ഒപ്പിടുന്നതിനെ വിമർശിച്ചുള്ള കാർട്ടൂണുകൾ പോലും അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.
ഇന്നാണെങ്കിൽ വിമർശനമുന്നയിക്കുന്നവർക്ക് സ്വന്തം ജീവൻതന്നെ ബലിനൽകേണ്ട അവസ്ഥയാണ്. വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെയും നിലനിർത്തുക എന്നതാണ് പ്രധാനം. പ്രതിപക്ഷ സ്വരങ്ങളെയും സ്വാഗതം ചെയ്യുകയാണ് വേണ്ടത്. ഭരണഘടനയുടെ അന്തസ്സ് അംഗീകരിക്കാതെ രാജ്യം ഭരിക്കുന്നവർ വിമർശനങ്ങളെ ഭയപ്പെടുകയാണെന്നും അതിനാലാണ് വിലക്കുകൾ കൊണ്ടുവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി തങ്ങൾ അധ്യക്ഷതവഹിച്ചു. രാജ്യത്തിന്റെ മഹത്തായ പാരമ്പര്യം തകർക്കുകയാണെന്നും ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ ഇന്ത്യയുടെ ആത്മാവുതന്നെ നഷ്ടമാവുമെന്നും മുസ്ലിം ലീഗ് അഖിലേന്ത്യ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. കേരളത്തിലെ മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെ ജയിലിടച്ചതിന്റെ കാരണംപോലും ഇതുവരെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങളുടെ ശബ്ദിക്കാനുള്ള അവകാശംതന്നെ ഇല്ലായ്മചെയ്ത സംഭവം നേരത്തേയുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരവാദി, ഗാന്ധിജിയെ വെടിവെച്ചു കൊന്ന ഗോദ്സെയാണെന്നും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം രാജ്യം ഭരിക്കുമ്പോൾ മതേതരത്വവും ജനാധിപത്യവും ഐ.സി.യുവിലാണെന്നും സാഹിത്യകാരൻ പി.കെ. പാറക്കടവ് പറഞ്ഞു.
മീഡിയവൺ സംപ്രേഷണ വിലക്ക് മാധ്യമ സ്വാതന്ത്ര്യത്തിനുമാത്രമല്ല പൗരസ്വാതന്ത്ര്യത്തിനുതന്നെ എതിരാണെന്ന് എഡിറ്റർ പ്രമോദ് രാമൻ പറഞ്ഞു. മൗലികാവകാശംതന്നെയാണ് വിലക്കപ്പെട്ടത്. മീഡിയവണിന്റെ ഉള്ളടക്കത്തിൽ ദേശ സുരക്ഷക്ക് കളങ്കമുള്ള എന്തെങ്കിലുമുണ്ടെങ്കിൽ എഡിറ്ററെന്ന നിലയിൽ എന്നെ അറസ്റ്റുചെയ്യട്ടെ. എന്തിനാണ് വിലക്ക് എന്നുപറയാതെ സർക്കാർ നാട്ടുകാർക്കിടയിൽ നിഴലും സംശയവും പരക്കട്ടെ എന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് അംഗീകരിക്കാനാവുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ. ഫൈസല്‍ ബാബു, സംസ്ഥാന ട്രഷറർ പി. ഇസ്മയിൽ എന്നിവരും സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതവും സെക്രട്ടറി ടി.പി.എം. ജിഷാൻ നന്ദിയും പറഞ്ഞു.