Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജീവിക്കാനും മരിക്കാനും ഇടമില്ലാതെ; ഒഴിപ്പിക്കപ്പെട്ടവരുടെ വേദന അവസാനിക്കുന്നില്ല

text_fields
bookmark_border
രാത്രി മുഴുവൻ മോർച്ചറിയിൽ കാത്തിരുന്ന് കോടതി ഉത്തരവ് പ്രകാരമാണ് സംസ്കരിച്ചത്
ജീവിക്കാനും മരിക്കാനും ഇടമില്ലാതെ; ഒഴിപ്പിക്കപ്പെട്ടവരുടെ വേദന അവസാനിക്കുന്നില്ല
cancel

അമ്പലമേട്: വ്യവസായ ശാലകളുടെ നടുവിൽ ജീവിക്കാൻ വഴിയില്ലാതെ ഒഴിപ്പിക്കപ്പെടുകയും പിന്നീട് നാടിന്റെ വിവിധ ഭാഗങ്ങളിൽ അനാഥരെപ്പോലെ അലയേണ്ടിവരുകയും ചെയ്യുന്ന അമ്പലമുകൾ അയ്യങ്കുഴിയിലെ 49 കുടുംബങ്ങളുടെ ദുരവസ്ഥ വീണ്ടും ചർച്ചയാകുന്നു. വാടകവീട്ടിൽ മരണപ്പെട്ട അയ്യങ്കുഴി സ്വദേശി രഘുവിന്റെ മൃതദേഹം സംസ്‌കരിക്കാൻ ഇടമില്ലാതെ വന്നതോടെ, കോടതി ഉത്തരവുപ്രകാരം ഒഴിപ്പിച്ച, കാടുകയറിക്കിടക്കുന്ന സ്വന്തം പഴയ വീട്ടുവളപ്പിലെത്തിച്ച് സംസ്‌കാരം നടത്തേണ്ടിവന്നു.

ബി.പി.സി.എൽ കൊച്ചിൻ റിഫൈനറി, എച്ച്.ഒ.സി തുടങ്ങിയ സ്ഥാപനങ്ങളുടെ നടുവിൽ കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടാണ് ഈ 49 കുടുംബങ്ങൾ വർഷങ്ങളായി കഴിഞ്ഞിരുന്നത്. ഇവിടെ മനുഷ്യവാസം സാധ്യമല്ലെന്ന കോടതി നിരീക്ഷണത്തെത്തുടർന്ന്, പ്രതിമാസം 10,000 രൂപ വാടക നൽകി ഇവരെ താൽക്കാലികമായി ഒഴിപ്പിക്കുകയായിരുന്നു. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും കമ്പനികളോ സർക്കാരോ ഇവരുടെ വസ്തുവകകൾ ഏറ്റെടുക്കാനോ ന്യായമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കാനോ തയ്യാറായിട്ടില്ല.മരണമുണ്ടായാൽ മൃതദേഹം അവിടെ വയ്ക്കാനോ സംസ്‌കരിക്കാനോ ഉടമസ്ഥർ സമ്മതിക്കാത്ത സാഹചര്യം നിലനിൽക്കുന്നു.

കഴിഞ്ഞ ദിവസം അന്തരിച്ച രഘുവിന്റെ മൃതദേഹം രാത്രി മുഴുവൻ മോർച്ചറിയിൽ സൂക്ഷിച്ച ശേഷമാണ്, രാവിലെ അയ്യങ്കുഴിയിലെ ഒഴിപ്പിച്ച സ്വന്തം പുരയിടത്തിൽ കൊണ്ടുവന്ന് കർമ്മങ്ങൾ നടത്തിയത്. ‘‘ഞങ്ങൾ ജീവിച്ച സ്വന്തം മണ്ണിലേക്ക് കള്ളന്മാരെപ്പോലെ ഒളിച്ചുകടന്നാണ് മൃതദേഹം സംസ്‌കരിക്കേണ്ടി വന്നത്. ഇനിയും ഇവിടെ മനുഷ്യർ മരിച്ചു വീഴും, അവരെയെല്ലാം റോഡിലാണോ മറവു ചെയ്യേണ്ടത്’’ -ഇതാണ് ഇവർ ചോദിക്കുന്നത്. ഭൂമി കമ്പനികൾ ഏറ്റെടുക്കുകയോ, ജീവിക്കാൻ തക്കവിധം പുനരധിവാസം ഉറപ്പാക്കുകയോ ചെയ്യാത്തപക്ഷം ഈ കുടുംബങ്ങളുടെ ജീവിതം പൂർണ്ണമായും തെരുവിലാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Evacuees Struggle With Nowhere to Go
Next Story