രോഗബാധിതരായ തെരുവുനായ്ക്കൾക്ക് ദയാവധം; എല്ലാ ബ്ലോക്കിലും മൊബൈൽ എ.ബി.സി യൂനിറ്റ് സ്ഥാപിക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേൽക്കുന്ന സംഭവങ്ങൾ വർധിച്ചതോടെ ഇടപെടൽ ശക്തമാക്കാനൊരുങ്ങി സർക്കാർ. നായ്ക്കളുടെ ജനന നിയന്ത്രണത്തിനുള്ള മൊബൈൽ എ.ബി.സി യൂനിറ്റുകൾ എല്ലാ ബ്ലോക്കുകളിലും സജ്ജമാക്കാനും രോഗബാധിതരായ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനും തീരുമാനിച്ചു. ദയാവധത്തിന് വെറ്ററിനറി സർജന്റെ സാക്ഷ്യപ്പെടുത്തൽ ആവശ്യമാണ്. ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്ഷൻ- 8 (എ) പ്രകാരം നടപടിക്രമങ്ങൾ പാലിച്ചാവും ദയാവധം.
മന്ത്രിമാരായ എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ തെരുവുനായ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ചേർന്ന മൃഗസംരക്ഷണ, തദ്ദേശ സ്വയംഭരണ, നിയമ വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. തെരുവുനായ്കൾക്കുള്ള വാക്സിനേഷൻ യജ്ഞം ആഗസ്റ്റിൽ ആരംഭിക്കുമെന്ന് യോഗ ശേഷം മന്ത്രിമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തദ്ദേശ വകുപ്പിന് കീഴിൽ ബ്ലോക്ക് പഞ്ചായത്ത്തലത്തിൽ 152 മൊബൈൽ എ.ബി.സി യൂനിറ്റുകളാണ് തുടങ്ങുക. ഓരോന്നിനും 28 ലക്ഷം രൂപ ചെലവ് കണക്കാക്കുന്നു.
മൃഗസംരക്ഷണ വകുപ്പിന് കീഴിൽ പൈലറ്റ് പദ്ധതി നടപ്പാക്കിയ ശേഷമാണ് ബ്ലോക്ക്തലത്തിലേക്ക് വ്യാപിപ്പിക്കുക. നിലവിൽ മൃഗസംരക്ഷണ വകുപ്പിന്റെ 17 എ.ബിസി കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 13 എണ്ണം ഉടൻ ആരംഭിക്കും. ഇതിന് പുറമേയാണ് മൊബൈൽ യൂനിറ്റുകൾ. എ.ബി.സി കേന്ദ്രത്തിനായി നായ്ക്കളെ പിടിക്കുന്നവർക്ക് 300 രൂപ നൽകും. വന്ധ്യംകരണത്തിന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷന്റെ സേവനം പ്രയോജനപ്പെടുത്തും.
വളർത്തുനായ് വാക്സിനേഷൻ സെപ്റ്റംബറിൽ ആരംഭിക്കും. ഇവക്ക് ലൈസൻസ് നൽകുന്നതിനൊപ്പം ചിപ്പ് ഘടിപ്പിക്കുന്നതിനും നടപടി തുടങ്ങും. വാക്സിനെടുത്തവരും പേവിഷബാധയേറ്റ് മരിക്കുന്ന സംഭവങ്ങൾ ആരോഗ്യ വകുപ്പ് പരിശോധിക്കുന്നുണ്ടെന്നും മന്ത്രിമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

