ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ കേസ്; ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ തള്ളി
text_fieldsകൊച്ചി: ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ കേസിൽ പ്രതി നോബി ലൂക്കോസിന്റെ ജാമ്യഹരജി ഏറ്റുമാനൂർ മജിസ്ട്രേറ്റ് കോടതി തള്ളി. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശി ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് ജീവനൊടുക്കിയത്. ഷൈനിയുടെ ഭർത്താവാണ് പ്രതിയായ തൊടുപുഴ സ്വദേശി നോബി ലൂക്കോസ്.
ഹരജി തള്ളിയതോടെ നോബിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഷൈനിയുടെ മൊബൈൽ ഫോൺ ഏറ്റുമാനൂരിലെ വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇത് ഡിജിറ്റൽ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഷൈനി മരിച്ചതിന്റെ തലേദിവസം ഫോൺ വിളിച്ചുവെന്നായിരുന്നു നോബിയുടെ മൊഴി. ആ സമയത്ത് മദ്യലഹരിയിലായിരുന്ന നോബിയുടെ സംഭാഷണമാണ് ഷൈനിയെയും മക്കളെയും ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പൊലീസ് കരുതുന്നത്.
ഫെബ്രുവരി 28നാണ് ഷൈനിയെയും മക്കളെയും ഏറ്റുമാനൂർ പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. പള്ളിയിൽ പോവുകയാണെന്ന് പറഞ്ഞ് മക്കളുമായി ഇറങ്ങിയ ഷൈനി മക്കളുമായി ജീവനൊടുക്കുകയായിരുന്നു. നാട്ടുകാരാണ് ട്രാക്കിനടുത്ത് ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ബി.എസ്.സി നഴ്സിങ് ബിരുദധാരിയായ ഷൈനിയെ ജോലിക്ക് പോകാൻ ഭർത്താവ് സമ്മതിച്ചിരുന്നില്ല. ഇതിന്റെ പേരിൽ ഉപദ്രവിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷൈനി മക്കളുമായി സ്വന്തം വീട്ടിലേക്ക് പോന്നു. വിവാഹമോചനത്തിനും നോബി സമ്മതിച്ചിരുന്നില്ല. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് നോബിയെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

