You are here

പൊന്നാനിക്കോട്ടയിൽ ഇ.ടി.

23:40 PM
23/05/2019

മലപ്പുറം: അട്ടിമറികളൊന്നും നടന്നില്ല. ത്രിബിൾ സ്​ട്രോങ്ങായി ഇ.ടി. മുഹമ്മദ്​ ബഷീർ വിജയക്കൊടി പാറിച്ചു. അടിച്ചുവീശിയ യു.ഡി.എഫ്​ തിരമാലകളിൽ പി.വി. അൻവർ മുങ്ങിപ്പോയി. പൊന്നാനി മണ്ഡലത്തിലെ എക്കാലത്തെയും മികച്ച ഭൂരിപക്ഷം സ്വന്തമാക്കി ഹാട്രിക്​ നേട്ടവുമായി ഇ.ടി. തന്നെ ലോക്​സഭയിലുണ്ടാകും​. 1,81,569 വോട്ടി​​െൻറ ഭൂരിപക്ഷത്തിനാണ്​​ മുസ്​ലിം ലീഗ്​ ദേശീയ ഓർഗനൈസിങ്​ സെക്രട്ടറിയായ ഇ.ടി. മുഹമ്മദ്​ ബഷീർ എതിർ സ്​ഥാനാർഥിയായ പി.വി. അൻവറിനെ മലർത്തിയടിച്ചത്​​. വോ​ട്ടെണ്ണലി​​െൻറ ഒരു ഘട്ടത്തിലും ഇ.ടിക്ക്​ ഭീഷണിയുണ്ടായില്ല. ഒന്നാഞ്ഞു പിടിച്ചാൽ മണ്ഡലത്തിൽ വിജയസാധ്യതയുണ്ടെന്ന്​ കണ്ടാണ്​ ഇടതുമുന്നണി നിലമ്പൂർ എം.എൽ.എ പി.വി. അൻവറിനെ കളത്തിലിറക്കിയത്​. 

ഇടതു മണ്ഡലങ്ങളായ തവനൂർ, പൊന്നാനി, താനൂർ എന്നിവിടങ്ങളിൽ ഭൂരിപക്ഷം വർധിപ്പിക്കാനാവുമെന്നും തൃത്താല, തിരൂരങ്ങാടി, തിരൂർ, കോട്ടക്കൽ എന്നീ യു.ഡി.എഫ്​​ മണ്ഡലങ്ങളിൽ കോൺഗ്രസ്​ വോട്ടുകളിൽ വിള്ളൽ വീഴ്​ത്താനാവുമെന്നും അൻവറി​​െൻറ കോൺഗ്രസ്​ പാരമ്പര്യം തുണക്കുമെന്നും​ ഇടതു ക്യാമ്പുകൾ പ്രതീക്ഷിച്ചു. എന്നാൽ സ്​പീക്കർ ശ്രീരാമകൃഷ്​ണ​​െൻറ പൊന്നാനിയിലും മന്ത്രി കെ.ടി. ജലീലി​​െൻറ തവനൂരിലും ഇ.ടിയാണ്​ മുന്നേറിയത്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിനെ കൈവി​ട്ട താനൂരിലും കോട്ടക്കൽ, തിരൂർ, തിരൂരങ്ങാടി, തൃത്താല എന്നീ യു.ഡി.എഫ്​ മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷം ​നേടാനായി. 1,08,256 വോട്ടുമായി എൻ.ഡി.എ​ കഴിഞ്ഞ തവണത്തേക്കാൾ നില മെച്ചപ്പെടുത്തി. 

സി.പി.എം കണക്കുകൂട്ടൽ തകർന്നു -ഇ.ടി.
മലപ്പുറം: പണമുള്ളവരെ മത്സരിപ്പിച്ചാൽ വിജയിപ്പിക്കാമെന്ന സി.പി.എമ്മി​​െൻറ കണക്കുകൂട്ടൽ തകർന്നതായി പൊന്നാനി മണ്ഡലത്തിൽ നിന്ന്​ വിജയിച്ച ഇ.ടി. മുഹമ്മദ്​ ബഷീർ പറഞ്ഞു. കേരളത്തിൽ ഫാഷിസത്തെ തടയാൻ സി.പി.എമ്മിന്​ മാത്രമേ സാധിക്കൂവെന്നതായിരുന്നു അവരുടെ തുറുപ്പുചീട്ട്​. എന്നാൽ, സി.പി.എമ്മി​​െൻറ പ്രസക്​തി നഷ്​ടപ്പെട്ടു എന്നതാണ്​ കേരളം നൽകുന്ന ഒരു പാഠം. സി.പി.എമ്മിന്​ രാജ്യത്ത്​ പ്രസക്​തിയി​ല്ലെന്ന്​ തെരഞ്ഞെടുപ്പ്​ തെളിയി​െച്ചന്നും ഇ.ടി. കൂട്ടിച്ചേർത്തു. 


എസ്​.ഡി.പി.ഐക്ക്​ വോട്ടുകൾ കുറഞ്ഞു
മലപ്പുറം: ലോക്​സഭ തെരഞ്ഞെടുപ്പിൽ മലപ്പുറത്തും പൊന്നാനിയിലും എസ്​.ഡി.പി.ഐക്ക്​ വോട്ടുകൾ കുറഞ്ഞു. 2014ലെ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനെക്കാൾ വോട്ടുകൾ കുറവാണ്​ ഇക്കുറി രണ്ടിടത്തും. സംസ്ഥാന പ്രസിഡൻറ്​ മത്സരിച്ചിട്ടും മലപ്പുറത്ത്​ കഴിഞ്ഞതവണ നേടിയതി​​െൻറ പകുതി പോലും കിട്ടിയില്ല ഇത്തവണ. മലപ്പുറത്ത്​ അബ്​ദുൽ മജീദ്​ ​ൈഫസിക്ക്​ കിട്ടിയത്​​ 19,106 വോട്ടുകളാണ്​. കഴിഞ്ഞ തവണ നസ്​റുദ്ദീൻ എളമരത്തിന്​ 47,853 വോട്ടുകളാണുണ്ടായിരുന്നത്​. ​െപാന്നാനിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.ടി. ഇഖ്​റാമുൽ ഹഖിന്​ 26,640​ വോട്ടുകളുണ്ടായിരുന്നു. ഇത്തവണ മത്സരിച്ച കെ.സി. നസീറിന്​ 18,124 വോട്ടാണുള്ളത്​. 

ജലീൽ പ്രഭാവം ഏശിയില്ല: തവനൂരിലും ഇ.ടിക്ക്​ ലീഡ്​
മലപ്പുറം: ജില്ലയിൽനിന്നുള്ള ഏക മന്ത്രിയായ കെ.ടി. ജലീലി​​െൻറ മണ്ഡലമായ തവനൂരിലും ഇ.ടി. മുഹമ്മദ്​ ബഷീറിന്​ ലീഡ്​. പൊന്നാനി ലോക്​സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തവനൂരിൽ ഇക്കുറി 12,353 വോട്ടി​​െൻറ ഭൂരിപക്ഷമാണ്​ യു.ഡി.എഫ്​ സ്ഥാനാർഥിയായ ഇ.ടി. മുഹമ്മദ്​ ബഷീറിന്​ ലഭിച്ചത്​. 2014ൽ ഇവിടെ എൽ.ഡി.എഫ്​ സ്ഥാനാർഥിയായ വി. അബ്​ദുറഹ്​മാനായിരുന്നു ലീഡ്​. 9,172 വോട്ടി​​െൻറ ഭൂരിപക്ഷമാണ്​ അന്ന്​ ഇടതുസ്ഥാനാർഥിക്ക്​ ലഭിച്ചത്​. കൂടാതെ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.ടി. ജലീലി​​െൻറ വിജയം 17,064 വോട്ടിനായിരുന്നു​. 


ചുവപ്പുമങ്ങി ഇടതുമുന്നണി​
മലപ്പുറം: ലോക്​സഭ തെരഞ്ഞെടുപ്പിൽ മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് കഴിഞ്ഞതവണ​ ലഭിച്ച ​േവാട്ടുകൾ ഇത്തവണ നേടാനായില്ല. 3,29,720 വോട്ടുകളാണ്​ മലപ്പുറം മണ്ഡലം എൽ.ഡി.എഫ്​ സ്ഥാനാർഥി വി.പി. സാനു നേടിയത്​. 2014​​െന അപേക്ഷിച്ച്​ വോട്ട്​ കൂടിയെങ്കിലും 2017ലെ ഉപതെരഞ്ഞെടുപ്പിൽ എം.ബി. ഫൈസൽ നേടിയതിനേക്കാൾ കുറവാണിത്​. 3,44,307 വോട്ടാണ്​ 2017ൽ കുഞ്ഞാലിക്കുട്ടിക്കെതിരെ ഫൈസൽ ​േനടിയത്​. 2017ൽനിന്ന്​ 2019ലെത്തു​േമ്പാൾ 14,587 വോട്ടുകളുടെ കുറവാണ്​ എൽ.ഡി.എഫിനുണ്ടായത്​. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ 2,42,984 വോട്ടാണ് എൽ.ഡി.എഫ്​ സ്ഥാനാർഥി പി.കെ. സൈനബക്ക്​ ലഭിച്ചിരുന്നത്​​. 
2014ൽ പൊന്നാനി മണ്ഡലത്തിൽ 3,53,093 വോട്ടുകൾ നേടിയ എൽ.ഡി.എഫ്​ സ്ഥാനാർഥി വി. അബ്​ദുറഹ്മാൻ 25,410 വോട്ടുകൾക്കാണ്​ ഇ.ടി. മുഹമ്മദ്​ ബഷീറിനോട്​ പരാജയപ്പെട്ടത്​. ഇത്തവണ പി.വി. അൻവർ 3,28,551 വോട്ടുകൾ മാത്രമാണ്​ നേടിയത്​. 24,542 വോട്ടുകളുടെ കുറവ്​​. 

ഇടിച്ചുകയറി ഇ.ടി 
മലപ്പുറം: ​രാവിലെ വോ​ട്ടെണ്ണൽ തുടങ്ങിയത്​ മുതൽതന്നെ പൊന്നാനിയിലെ മുസ്​ലിം ലീഗ്​ സ്​ഥാനാർഥി ഇ.ടി. മുഹമ്മദ്​ ബഷീറി​​െൻറ മുന്നേറ്റമായിരുന്നു. മലപ്പുറം നഗരത്തിലെ എം.എസ്​.പി സ്​കൂളിലും സ​െൻറ്​ ജമ്മാസ്​ സ്​കൂളിലുമായി നടന്ന വോ​ട്ടെണ്ണലി​​െൻറ ഒരു ഘട്ടത്തിലും ഇ.ടിക്ക്​ വെല്ലുവിളിയുയർത്താൻ എതിർസ്​ഥാനാർഥി പി.വി. അൻവറിനായില്ല. ഓരോ മണിക്കൂറിലും ലീഡ്​ കൂടിക്കൂടി വന്നു. തുടക്കത്തിൽ കാര്യമായ വർധനയുണ്ടായില്ലെങ്കിലും ഉച്ചയോടെ ലീഡ്​ കുത്തനെ കൂടി. 12.30 ആയപ്പോ​ൾതന്നെ 2009ൽ നേടിയ 82,684 വോട്ടി​​െൻറ ഭൂരിപക്ഷം ഇ.ടി മറികടന്നു. പിന്നീടങ്ങോട്ട്​​ മിനിറ്റുകൾക്കുള്ളിൽ ലീഡ്​ നില കുത്തനെ കൂടാൻ തുടങ്ങി. 12.50 ആയപ്പോഴേക്ക്​ ഭൂരിപക്ഷം ഒരു ലക്ഷം കവിഞ്ഞു. ഉച്ചതിരിഞ്ഞ്​ രണ്ടോടെ പൊന്നാനി മണ്ഡലത്തിലെ എക്കാലത്തെയും മികച്ച ഭൂരിപക്ഷത്തിലേക്ക്​ ലീഡ്​ നില മാറി. 1999ൽ ബനാത്ത്​ വാല സ്​ഥാപിച്ച 1,29,478 വോട്ടി​​െൻറ ഭൂരിപക്ഷമെന്ന റെക്കോർഡ്​ ഇ.ടി മറികടന്നു. അവിടെയും നിന്നില്ല. ഒന്നര ലക്ഷവും കടന്ന്​ അത്​ മുന്നോട്ട്​ കുതിച്ചു. അവസാനം വോ​ട്ടെണ്ണൽ പൂർത്തിയായപ്പോൾ ഭൂരിപക്ഷം 1,93,273. പൊന്നാനിയുടെ ചരിത്രത്തിലാദ്യമായി 5,21,824 വോട്ടും ഇ.ടി നേടി. 

നിയമസഭ മണ്ഡലങ്ങളുടെ സ്​ഥിതിയും ഇതുതന്നെയായിരുന്നു. പൊന്നാനി, തവനൂർ, താനൂർ എന്നീ ഇടത്​ മണ്ഡലങ്ങളിൽ തുടക്കത്തിൽതന്നെ ഇ.ടി മുന്നിലെത്തി. സ്​പീക്കർ പി. ശ്രീരാമകൃഷ്​ണ​​െൻറ പൊന്നാനിയിൽ മാത്രമാണ്​ ലീഡ്​ നിലയിൽ വലിയ വർധനയില്ലാതിരുന്നത്​. ​എന്നാൽ, ​വോ​ട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക്​ കടന്നതോടെ ചിത്രം മാറി. പൊന്നാനിയി​െല ലീഡ്​ 10,000 കടന്നു. കെ.ടി. ജലീലി​​െൻറ മണ്ഡലമായ തവനൂരിലും സ്ഥിതി വ്യത്യസ്​തമായിരുന്നില്ല. ഇ.ടിക്ക്​ 12,353 വോട്ടി​​െൻറ ഭൂരിപക്ഷമാണ്​ തവനൂർ നൽകിയത്​. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലീഗിൽനിന്ന്​ വി. അബ്​ദുറഹ്​മാനെ ഇറക്കി സി.പി.എം പിടിച്ചെടുത്ത താനൂരിൽ അൻവറി​​െൻറ പ്രകടനം കൂടുതൽ ദയനീയമായി. 32,000ത്തിലധികം വോട്ടി​​െൻറ ഭൂരിപക്ഷമാണ്​ ഇ.ടിക്ക്​ ഇവിടെനിന്ന്​ കിട്ടിയത്​. തിരൂർ, തിരൂരങ്ങാടി, കോട്ടക്കൽ എന്നീ ലീഗ്​ മണ്ഡലങ്ങളിലും അമ്പരിപ്പിക്കുന്ന ലീഡ്​ നിലയായിരുന്നു. തൃത്താലയിലാണ്​ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച്​ ഭൂരിപക്ഷം അൽപം കുറഞ്ഞത്​. ഒരു മണ്ഡലത്തിൽ പോലും അൻവറിന്​ മികച്ച പ്രകടനം നടത്താനായില്ല.


പൊന്നാനിയിൽ താരമായി പി.എ. സമീറ
പൊന്നാനി: പൊന്നാനിയിൽ രണ്ട്​ ലക്ഷത്തോളം ലീഡ്​ നേടി ഇ.ടി. മുഹമ്മദ് ബഷീർ വിജയിച്ചപ്പോൾ, മണ്ഡലത്തിൽ അപ്രതീക്ഷിത വോട്ട്​ നേടി താരമായത് ഒരു സ്വതന്ത്ര സ്ഥാനാർഥി. ഏഴ് നിയമസഭ മണ്ഡലത്തിലും ആയിരത്തിന് മുകളിൽ നേടി 16,288 വോട്ട് ലഭിച്ച പി.എ. സമീറയാണ് താരമായത്​. തൃത്താലയിൽ 3189, തിരൂരങ്ങാടിയിൽ 1673, താനൂരിൽ 1664, തിരൂരിൽ 2255, തവനൂരിൽ 2450, പൊന്നാനിയിൽ 2815 എന്നിങ്ങനെ വോട്ട്​ നേടിയാണ് മറ്റു സ്ഥാനാർഥികളെ ഞെട്ടിച്ചത്. ഇ.ടി. മുഹമ്മദ് ബഷീറി​​െൻറയും പി.വി. അൻവറി​​െൻറയും അപരന്മാർക്ക് പോലും ഒറ്റക്ക്​ ഇത്രയധികം വോട്ട് സമാഹരിക്കാനായില്ല എന്നതും കൗതുകമാണ്.


മണ്ഡല അവലോകനം: പൊന്നാനി നിയോജക മണ്ഡലം
പൊന്നാനി: പൊന്നാനി ലോക്സഭ മണ്ഡലത്തിൽ ഉജ്ജ്വല വിജയം നേടിയ യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിന് അപ്രതീക്ഷിത ലീഡ് നൽകിയ നിയമസഭ മണ്ഡലമാണ് പൊന്നാനി. 9739 വോട്ടി​​െൻറ ലീഡാണ് ഇടതിന് വേരോട്ടമുള്ള പൊന്നാനി നിയമസഭ മണ്ഡലത്തിൽനിന്ന്​ നേടാനായത്. ഇ.ടി. മുഹമ്മദ് ബഷീറിന് 61,294 വോട്ടും ഇടത് സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന്​ 51,555 വോട്ടുമാണ് പൊന്നാനിയിൽനിന്ന്​ സമാഹരിക്കാനായത്. 

ബി.ജെ.പി സ്ഥാനാർഥി വി.ടി. രമ 17,498 വോട്ട് നേടി. എസ്.ഡി.പി.ഐ സ്ഥാനാർഥി കെ.സി. നസീർ 2700 വോട്ടും പി.ഡി.പി സ്ഥാനാർഥി പൂന്തുറ സിറാജ് 895 വോട്ടുമാണ് നേടിയത്. നോട്ടക്ക്​ 895 വോട്ട് നേടാനായി. അൻവറി​​െൻറ അപരൻമാർ ചേർന്ന് 746 വോട്ടും മുഹമ്മദ്​ ബഷീറി​​െൻറ അപരൻമാർ 635 വോട്ടും നേടി. സ്വതന്ത്ര സ്ഥാനാർഥികളായ പി.എ. സമീറ 2815 വോട്ടും ബിന്ദു 114 വോട്ടും നേടി. 
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനി നിയമസഭ മണ്ഡലത്തിൽ 6433 വോട്ടിന് പിറകിലായിരുന്ന യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ 3306 വോട്ട് അധികം നേടിയാണ് മികച്ച വിജയം നേടിയത്. 2014ൽ 47,488 വോട്ട് ഇ.ടിക്കും വി. അബ്​ദുറഹ്​മാന് 53,921 വോട്ടുമാണ് ലഭിച്ചത്.        


2016ൽ ഭൂരിപക്ഷം നേടി വിജയിച്ച മന്ത്രിയുടെ മണ്ഡലത്തിൽ എൽ.ഡി.എഫിന്​ കാലിടറി
എടപ്പാൾ: തവനൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫ്​ മേൽക്കൈ. 12,354 വോട്ട്​ ഭൂരിപക്ഷം നേടി ഇ.ടി. മുഹമ്മദ്​ ബഷീർ മുന്നിലെത്തി. മണ്ഡല രൂപവത്​കരണത്തിന് ശേഷം ആദ്യമായാണ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ മുന്നിട്ട് നിൽക്കുന്നത്. ലോക്​സഭ തെരഞ്ഞെടുപ്പിൽ 62,479 വോട്ട് യു.ഡി.എഫിനും 50,125 എൽ.ഡി.എഫിനും ലഭിച്ചു. 2014ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ 56,209 വോട്ട് ലഭിച്ച എൽ.ഡി.എഫിന്​ 6000 വോട്ട്​ കുറഞ്ഞു. 2014ൽ 47,039 വോട്ട് ലഭിച്ച യു.ഡി.എഫിന് ഇത്തവണ 15,440 വോട്ട് കൂടി. 

ഏഴ്​ പഞ്ചായത്തുകൾ ഉൾപ്പെട്ട തവനൂർ മണ്ഡലത്തിലെ ആറ്​ പഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നിട്ട് നിന്നു. എടപ്പാൾ പഞ്ചായത്തിൽ മാത്രമാണ് എൽ.ഡി.എഫിന് ലീഡ് ചെയ്യാനായത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 17,064 വോട്ട്​ ഭൂരിപക്ഷം നേടിയ മന്ത്രി കെ.ടി. ജലീലി​​െൻറ മണ്ഡലത്തിലാണ് എൽ.ഡി.എഫിന്​ അടിപതറിയത്. 2014ൽ 3522 വോട്ട് ലഭിച്ച എസ്​.ഡി.പി.ഐക്ക് ഇത്തവണ 2614 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. സ്വതന്ത്ര സ്ഥാനാർഥി സെമിറക്ക് 2450ഉം നോട്ടക്ക് 835ഉം വോട്ട്​ കിട്ടി.

              


 

Loading...
COMMENTS