ഏക സിവിൽകോഡ് നീക്കം അമ്പരപ്പിക്കുന്നത് –ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsന്യൂഡൽഹി: ബി.ജെ.പിയും കേന്ദ്ര സർക്കാറും ഏക സിവിൽകോഡ് നീക്കങ്ങൾ വീണ്ടും ആരംഭിച്ച വാർത്ത അമ്പരപ്പിക്കുന്നതാണെന്നും ബി.ജെ.പി വൻ വിപത്ത് ക്ഷണിച്ചുവരുത്തുകയാണെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ. ഇത് മുസ്ലിം ന്യൂനപക്ഷങ്ങൾ ക്കെതിരെയുള്ള ഏറ്റവും വലിയ കടന്നാക്രമണമാണ്.
മാത്രമല്ല വ്യക്തിനിയമം മുഖേന വ്യവസ്ഥ ചെയ്യപ്പെട്ടിട്ടുള്ള ആദിവാസി വിഭാഗങ്ങളുടെയും മറ്റു മതന്യൂനപക്ഷ വിഭാഗങ്ങളുടെയും ജീവിത ഗതിയെയും മൗലികമായി ഇത് ബാധിക്കും.
അതിരുകടന്ന പ്രവർത്തനങ്ങളെ ജനാധിപത്യ മതേതര വിശ്വാസികൾ ഒറ്റക്കെട്ടായി എതിർക്കുകയില്ല എന്ന നിഗമനമാണ് ബി.ജെ.പിയെ ഒന്നിനു പിറകെ ഒന്നായി ഇത്തരം ചെയ്തികൾ നടത്താൻ പ്രേരിപ്പിക്കുന്നത്. ഇത് തെറ്റാണെന്ന് തെളിയിക്കേണ്ട സമയമായെന്നും ഇ.ടി ചൂണ്ടിക്കാട്ടി.

