കോഴിക്കോട്: എം.എസ്.എഫ്-ഹരിത പ്രശ്നത്തിൽ മുസ്‍ലിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ ശബ്ദരേഖ പുറത്തുവിട്ടതിൽ ഗൂഢാലോചനയുണ്ടെന്ന് മുൻ എം.എസ്.എഫ് നേതാക്കൾ. മുസ്‌ലിംലീഗ് ഉന്നതാധികാര സമിതിയിൽ അഭിപ്രായവ്യത്യാസമുണ്ടെന്നും മുതിർന്ന നേതാവായ ഇ.ടി. മുഹമ്മദ് ബഷീർ അടക്കമുള്ളവർ നേതൃത്വത്തിന് എതിരാണെന്നുമുള്ള പ്രതീതിയുണ്ടാക്കുകയാണ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.
ഇതുവഴി അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽനിന്ന് മത്സരിക്കാനുള്ള പ്രതലമൊരുക്കാനാണ് സലാമിന്റെ ശ്രമം. അതിന്റെ അവസാനത്തെ അടവാണ് ബഷീറിന്റെ ശബ്ദരേഖ പുറത്തുവന്നതിലൂടെ വ്യക്തമാകുന്നതെന്നും നേതാക്കൾ ആരോപിച്ചു. ഇ.ടിയുടെ സംഭാഷണം വർഷങ്ങൾക്കുമുമ്പുള്ളതല്ല. എം.എസ്.എഫ് പ്രസിഡന്റിനെതിരെ ഉന്നയിച്ച വിഷയങ്ങൾ ശരിയെന്ന് ഇ.ടിയുടെ സംഭാഷണത്തോടെ തെളിഞ്ഞു.
എ.ആർ നഗർ ബാങ്കിലെ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഒതുക്കിത്തീർക്കാൻ പി.കെ. കുഞ്ഞാലിക്കുട്ടി മുൻ മന്ത്രി കെ.ടി. ജലീലുമായി ഒത്തുതീർപ്പുണ്ടാക്കിയെന്ന് ഭാരവാഹികൾ ആരോപിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ, കെ.എം. ഫവാസ്, പി.പി. ഷൈജൽ എന്നിവരാണ് ആരോപണങ്ങൾ ഉന്നയിച്ചത്.