‘പുറംകാഴ്ചകൾ കണ്ട് മതിയായി’;ഹനുമാൻ കുരങ്ങ് വീണ്ടും കൂട്ടിലേക്ക് കയറി
text_fieldsതിരുവനന്തപുരം: പുറംകാഴ്ചകള്‍ ആസ്വദിച്ച് ഹനുമാന്‍ കുരങ്ങ് തിരികെ വീണ്ടും കൂട്ടിലേക്ക് കയറി. മൃഗശാലയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ എട്ടരയോടെ കൂട്ടില്‍ നിന്ന് ചാടിപ്പോയ പെണ്‍ ഹനുമാന്‍ കുരങ്ങാണ് ചൊവ്വാഴ്ച തിരികെ കൂട്ടിലേക്ക് കയറിയത്. കുരങ്ങിനെ കൂട്ടിലേക്ക് കയറ്റാനുള്ള ശ്രമം മൃഗശാല അധികൃതര്‍ നടത്തിയെങ്കിലും തിങ്കളാഴ്ച വൈകിട്ട് 4.30 ഓടെ തനിയെ പ്രവേശിക്കുകയായിരുന്നു. കൂടിന് മുന്നിലെ വലിയ മരത്തിലാണ് രണ്ട് ദിവസമായി കുരങ്ങ് നിലയുറപ്പിച്ചിരുന്നത്. പഴങ്ങള്‍ കാട്ടി താഴെയിറക്കാനുള്ള ശ്രമം അധികൃതര്‍ നടത്തിയിരുന്നു. എന്നാല്‍ ഒരു തവണ മാത്രമേ കുരങ്ങ് താഴേക്ക് വന്നുള്ളു. പെട്ടെന്നു തന്നെ തിരികെ മുകളിലേക്കും പോയി.
മരത്തിലെ തളിരിലയായിരുന്നു ഭക്ഷണം. മൃഗശാലയില്‍ സന്ദര്‍ശകര്‍ വരുന്നതിനാല്‍ എത്രയും പെട്ടെന്ന് കുരങ്ങിനെ കൂട്ടിലേക്ക് കയറ്റാനായി മയക്ക് വെടി വെക്കാനുള്ള നടപടികളും ആരംഭിച്ചിരുന്നു. ഉച്ചയോടെ ആദ്യ നടപടി തുടങ്ങി. എന്നാല്‍ മരത്തിന് ഉയരം കൂടുതലായതിനാല്‍ ശ്രമം ഫലം കണ്ടില്ല. ക്രെയിന്‍ വെച്ച് വീണ്ടും ശ്രമം നടത്താനുള്ള തയാറെടുപ്പിനിടെ വൈകിട്ടോടെ കുരങ്ങ് തനിയേ കൂട്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. രണ്ട് വർഷം മുമ്പ് ചാടിപ്പോയ അതേ പെൺകുരങ്ങാണ് ഇപ്പോഴും അധികൃതരെ വട്ടം ചുറ്റിച്ചത്.
കൂടിന്റെ വലിയ മതിൽ വഴിയായിരുന്നു ചാട്ടം. 2023 ൽ തിരുപ്പതിയിൽ നിന്നാണ് പെൺകുരങ്ങിനെ മൃഗശാലയിൽ എത്തിക്കുന്നത്. 12 വയസുള്ള ഈ പെൺകുരങ്ങ് 2023 ജൂണിലാണ് ആദ്യം കൂട്ടില്‍ നിന്നും പോയത്. അന്ന് ദിവസങ്ങളോളം നഗരം ചുറ്റി നടന്ന കുരങ്ങിനെ ഏറെ പണിപ്പെട്ടാണ് തിരികെ കൂട്ടിലെത്തിച്ചത്.

