ഇ.എസ്.എ; കേന്ദ്രത്തിന്‍റെ ചോദ്യങ്ങൾക്ക് പരിസ്ഥിതി വകുപ്പ് മറുപടി തയാറാക്കുന്നു
text_fieldsതൊടുപുഴ: പരിസ്ഥിതി ലോല മേഖല (ഇ.എസ്.എ) നിശ്ചയിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ കരട് വിജ്ഞാപനം സംബന്ധിച്ച ആശങ്ക കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാർ തീവ്ര ശ്രമം തുടങ്ങി. 60 ദിവസത്തിനുള്ളിൽ പരാതി സമർപ്പിക്കണമെന്ന വ്യവസ്ഥയിൽ കേന്ദ്രം ചോദിച്ച കാര്യങ്ങൾക്ക് സംസ്ഥാന പരിസ്ഥിതി വകുപ്പ് മറുപടി തയാറാക്കുകയാണ്.
മുഖ്യമന്ത്രിയും പരിസ്ഥിതി മന്ത്രിയും വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. പശ്ചിമ ഘട്ട പരിസ്ഥിതി സംരക്ഷണത്തിനായി പ്രഫ. മാധവ് ഗാഡ്ഗിലും പിന്നീട് ഡോ. കസ്തൂരിരംഗനും അധ്യക്ഷരായി രൂപവത്കരിച്ച കമ്മിറ്റികൾ തയാറാക്കിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ രൂപവത്കരിച്ച ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയുടെ ശിപാർശ പ്രകാരം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിച്ചതായി പറയുന്ന ഇ.എസ്.എ മേഖല സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തത് മലയോര മേഖലയിലടക്കം പ്രതിഷേധങ്ങൾക്കിടയാക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പ്രശ്ന പരിഹാരത്തിന് ഒരുങ്ങുന്നത്.
കേരളത്തിലെ 131 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമാക്കി 2024ലാണ് കരട് വിജ്ഞാപനമിറങ്ങിയത്. കരടിലെ 131 വില്ലേജുകളെന്നത് 98 ആയി പരിമിതപ്പെടുത്തണമെന്നും ഇതിലൂടെ 1300 ചതുരശ്രമീറ്റർ ഒഴിവാക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. ജനവാസ മേഖലകൾ ഇതിൽ പെട്ടിട്ടുണ്ടെന്ന കാര്യവും കേരളം വ്യക്തമാക്കിയിരുന്നു. ഇത് 1500 ചതുരശ്ര കിലോമീറ്ററോളം വരും. 2024ൽ തന്നെ പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച് കേരളം തയാറാക്കിയ രേഖകളും അതിർത്തി നിർണയ നിർദേശങ്ങളും മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാൽ, ഇതിലൊന്നും കേന്ദ്രം അനുകൂല തീരുമാനമെടുത്തില്ല. ഇതിന്റെ തനിയാവർത്തനം തന്നെയാണ് ജൂലൈ 27ന് ഇറങ്ങിയ കരട് വിജ്ഞാപനത്തിലും. ആദ്യത്തേതിലുള്ള സ്ഥലങ്ങളിലൊന്ന് പോലും പുതിയതിൽ ഒഴിവാക്കപ്പെട്ടിട്ടില്ല.
രണ്ട് മാസമാണ് കരട് വിജ്ഞാപന കാലാവധി. ഇടുക്കി, വയനാട്, പാലക്കാട് ജില്ലകളിലെ ജനവാസ കേന്ദ്രങ്ങളടക്കമാണ് ഉൾപ്പെട്ടിട്ടുള്ളത്. കരട് വിജ്ഞാപനത്തിൽ ഇ.എസ്.എ ആയി നിശ്ചയിച്ച 9993.7 ചതുരശ്ര കിലോമീറ്റർ 9107 ചതുരശ്ര കിലോമീറ്റർ സ്വാഭാവിക ഭൂപ്രകൃതിയും (വനം) 886.7 ചതുരശ്ര കിലോമീറ്റർ ജനവാസ മേഖലകൾ ഉൾപ്പെടുന്ന സാസ്കാരിക ഭൂപ്രകൃതിയുമാണ്. നിയന്ത്രിത മേഖല വനത്തിനുള്ളിൽ മാത്രമായി പരിമിതപ്പെടുത്താനാകും കേന്ദ്രത്തോട് കേരളം ആവശ്യപ്പെടുക. ഒരു പ്രദേശം ഇ.എസ്.എയിൽ ഉൾപ്പെട്ടാൽ പുതിയ ഖനന പ്രവർത്തനങ്ങളുടെ നിരോധനം, വ്യവസായ സ്ഥാപനങ്ങൾക്ക് നിരോധനം, കെട്ടിട -നിർമാണ കൃഷി നിയന്ത്രണങ്ങൾ തുടങ്ങിയവ നടപ്പാക്കുമെന്ന ആശങ്കയാണ് കർഷകർ പങ്കുവെക്കുന്നത്.
സെപ്റ്റംബർ 18ന് സർക്കാർ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നിലവിലെ സംശയങ്ങൾക്ക് കൃത്യത വരുത്തി ഇ.എസ്.എയുമായി ബന്ധപ്പെട്ട് കൃത്യമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഒരു തുണ്ട് ഭൂമി പോലും ജനവാസ കേന്ദ്രങ്ങളും കൃഷി സ്ഥലങ്ങളും തോട്ടങ്ങളും ഇ.എസ്.എ പരിധിയിൽ വരാൻ പാടില്ല എന്ന ഉറച്ച നിലപാടാണ് സർക്കാർ വിഷയത്തിൽ സ്വീകരിക്കുന്നതെന്ന് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

