എറണാകുളം ജനറൽ ആശുപത്രി മികച്ച ചികിത്സാ കേന്ദ്രമാക്കി നിലനിർത്തണം -ഹൈകോടതി
text_fieldsകൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലടക്കം ആരോഗ്യ ഡയറക്ടർക്കുകീഴിലെ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ വിദഗ്ധരുടെ തസ്തിക അനുവദിച്ചിട്ടില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. നിലവിൽ മെഡിക്കൽ കോളജുകളിൽനിന്ന് അടക്കം ഡോക്ടർമാരെത്തിയാണ് ശസ്ത്രക്രിയ നടത്തുന്നതെന്നും വ്യക്തമാക്കി.
ജനറൽ ആശുപത്രിയിൽ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ സെക്രട്ടറി ബിനി കൃഷ്ണനടക്കം നൽകിയ ഹരജിയിലാണ് സർക്കാറിന്റെ വിശദീകരണം.
എന്നാൽ, സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ജനറൽ ആശുപത്രിയെ മികച്ച ചികിത്സാ കേന്ദ്രമായി നിലനിർത്തേണ്ടത് അനിവാര്യമാണെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. നിരവധി മികച്ച ഡോക്ടർമാർ ജനറൽ ആശുപത്രിയിൽ സേവനം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇതിന് ആശുപത്രി സൂപ്രണ്ടിന്റെയും ഉന്നതരുടെയും അനുമതി ആവശ്യമാണെന്നും ഹൈകോടതി പറഞ്ഞു. ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം ബന്ധപ്പെട്ട അധികാരികൾ എടുക്കേണ്ടതുണ്ടെന്നും ഇത് പരിഗണിച്ച് വിശദീകരണം നൽകാമെന്നും സർക്കാർ അഭിഭാഷകൻ മറുപടി നൽകി. തുടർന്ന് ഹരജി ഒക്ടോബർ 12ന് വീണ്ടും പരിഗണിക്കാൻ മാറ്റി. എറണാകുളം ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് സൗകര്യമുണ്ടെങ്കിലും ആഴ്ചയിൽ മൂന്നുദിവസം മാത്രമാണ് ശസ്ത്രക്രിയ നടക്കുന്നതെന്നും സ്ഥിരം ശസ്ത്രക്രിയ വിദഗ്ധരുടെ സംഘം ഇല്ലെന്നുമായിരുന്നു ഹരജിയിലെ ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

