എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്തിന് മുന്നിൽ വീണ്ടും സംഘർഷം
text_fieldsഎറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് ഗേറ്റ് തള്ളി തുറക്കാൻ ശ്രമിക്കുന്ന സമരക്കാരെ പൊലീസ് തടയുന്നു
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രാര്‍ഥനായജ്ഞം നടത്തിയിരുന്ന വൈദികരെ പൊലീസ് ബലംപ്രയോഗിച്ച് നീക്കിയതിനെച്ചൊല്ലി സംഘർഷം. വൈദികരെ ശനിയാഴ്ച പുലർച്ചയാണ് പൊലീസ് ബലപ്രയോഗത്തിലൂടെ നീക്കിയത്. ബലപ്രയോഗത്തിൽ വൈദികന്‍റെ കൈയൊടിഞ്ഞതായും മറ്റു ചിലർക്ക് പരിക്കേറ്റതായും വൈദികർ ആരോപിച്ചു.
പ്രായാധിക്യമുള്ള വൈദികരെ പൊലീസ് വലിച്ചിഴച്ചതായും പരാതിയുണ്ട്. ബസിലിക്ക പള്ളി കൈയേറി പ്രതിഷേധമെന്ന അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് പൊലീസ് നടപടി. വിവരമറിഞ്ഞ് വൈദികർക്ക് പിന്തുണയുമായി രാവിലെ നൂറുകണക്കിന് വിശ്വാസികളും വൈദികരും അതിരൂപത ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധവുമായി എത്തി. ആസ്ഥാനത്തിനുമുന്നിലെ റോഡ് ഉപരോധിച്ച സമരക്കാരും പൊലീസും തമ്മിൽ പലതവണ നേർക്കുനേർ പോർവിളിച്ചു.
ഇതിനുശേഷമാണ് അതിരൂപത ആസ്ഥാനത്തെ മുറ്റത്ത് സമരം ചെയ്യുന്ന വൈദികരെ കാണാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൂറോളം വൈദികർ ആസ്ഥാനത്തിന് മുന്നിലെത്തിയത്. എന്നാൽ, ഗേറ്റ് തുറക്കാൻ പൊലീസ് അനുവദിച്ചില്ല. ഇതോടെ വൈദികർക്ക് പിന്തുണയുമായി വിശ്വാസികളുമെത്തി. ഗേറ്റിന് പുറത്ത് റോഡിൽ വൈദികരും വിശ്വാസികളും മറുവശത്ത് അതിരൂപത ആസ്ഥാനത്ത് പൊലീസും മുഖാമുഖംനിന്നു. ബലംപ്രയോഗിച്ച് ഗേറ്റ് തുറക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചെങ്കിലും പൊലീസ് വിഫലമാക്കി.
ഇതിനിടെ ഒരുവിഭാഗം പ്രതിഷേധക്കാർ പ്ലാസ്റ്റിക് കയർ ഗേറ്റിൽ കുരുക്കി വലിച്ചതോടെ ഗേറ്റിന്‍റെ ഒരുഭാഗം പൊളിഞ്ഞുവീണു. ഇതിലൂടെ അകത്തേക്ക് ഇരച്ചുകയറാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. ഒടുവിൽ രണ്ട് വൈദികരെ അകത്തേക്ക് കയറ്റിവിട്ടു. ഇതേസമയംതന്നെ സംഘർഷമൊഴിവാക്കാൻ ജില്ല ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും നേതൃത്വത്തിൽ പ്രതിഷേധക്കാരുമായും സഭ നേതൃത്വവുമായും ചർച്ചകൾ ആരംഭിച്ചിരുന്നു. ഞായറാഴ്ച കലക്ടറുടെ നേതൃത്വത്തിൽ ചർച്ച നടക്കും.
സ്ഥലത്ത് വിശ്വാസികളും കനത്ത പൊലീസ് സന്നാഹവും തുടരുകയാണ്. ഇതേസമയം പൊലീസിന്‍റേത് ഏകപക്ഷീയ നടപടിയാണെന്ന് ഫാ. കുര്യക്കോസ് മുണ്ടാടൻ പ്രതികരിച്ചു. വൈദികരെ അനാവശ്യമായി മർദിച്ചു. പൊലീസിനെതിരെ ഡി.ജി.പിക്കും കമീഷണർക്കും പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആറ് വൈദികർക്ക് സസ്പെൻഷൻ
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് പ്രതിഷേധിച്ച ആറ് വൈദികരെ സസ്പെൻഡ് ചെയ്തു.
21 വൈദികരിൽ നേതൃത്വം നൽകിയ ആറുപേർക്കാണ് അന്വേഷണ വിധേയമായി സസ്പെൻഷൻ. സിറോ മലബാർ സഭ മേജർ ആർച്ബിഷപ്പിന്റെ ആസ്ഥാന മന്ദിരത്തെ സമരവേദിയാക്കാതെ പിരിഞ്ഞുപോകണമെന്ന സഭ സിനഡിന്‍റെ മുന്നറിയിപ്പ് അവഗണിച്ചതിനാണ് നടപടി. ഫാ. സെബാസ്റ്റ്യൻ തളിയൻ, ഫാ. രാജൻ പുന്നയ്ക്കൽ, ഫാ. ജെറി ഞാളിയത്ത്, ഫാ. സണ്ണി കളപ്പുരയ്ക്കൽ, ഫാ. പോൾ ചിറ്റിനപ്പിള്ളി, ഫാ. അലക്സ് കരീമഠം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഇവരോടൊപ്പമുള്ള മറ്റു 15 വൈദികർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകി.
സസ്പെൻഷനിലായ വൈദികർക്ക് ഇപ്പോൾ ചുമതല വഹിക്കുന്ന ഇടവകകളിലോ സ്ഥാപനങ്ങളിലോ തുടരാൻ കഴിയില്ലെന്ന് സഭ നേതൃത്വം വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

