ബ്രഹ്മപുരത്തിന്റെ പുകമറയിൽ കലക്ടർക്ക് സ്ഥലംമാറ്റം
text_fieldsകൊച്ചി: ബ്രഹ്മപുരത്തിന്റെ പുകമറയിൽ എറണാകുളം ജില്ല കലക്ടർ രേണുരാജിന് സ്ഥലംമാറ്റം. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയും പുകയും കൈകാര്യം ചെയ്യുന്നതിൽ കൊച്ചി നഗരസഭക്കൊപ്പം ജില്ല ഭരണകൂടത്തിനെതിരെയും കോടതിയിൽ നിന്ന് അടക്കം വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാറിന്റെ ഈ നടപടിയെന്നാണ് സൂചന. മാലിന്യപ്ലാന്റിലെ പുക ഒരാഴ്ചയായിട്ടും പൂർണമായും അണക്കാനോ ജനരോഷം കെടുത്താനോ സാധ്യമാകാത്തതിനെത്തുടർന്ന് ജില്ല കലക്ടറോട് നേരിട്ട് ഹൈകോടതിയിൽ ഹാജരാകാൻ നിർദേശിക്കപ്പെട്ട സമയത്തിന് തൊട്ടുമുമ്പ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. 2022 ജൂലൈ 27നാണ് രേണുരാജ് കലക്ടറായി ചുമതലയേറ്റത്.
സംസ്കരണമില്ലാതെ മാലിന്യം കുമിഞ്ഞുകൂടിയതിൽ മാത്രമല്ല, അത് കത്തിയപ്പോൾ തീ അണക്കുന്നതിലും കാര്യക്ഷമമായി പ്രവർത്തിക്കാൻ ജില്ല ഭരണകൂടത്തിന് കഴിഞ്ഞില്ലെന്നും ആക്ഷേപമുണ്ട്. തീയും പുകയും രണ്ടു ദിവസത്തിനകമെങ്കിലും അണക്കണമെങ്കിൽ 20 എക്സ്കവേറ്ററുകളെങ്കിലും ആവശ്യമാണെന്ന് തുടക്കത്തിൽതന്നെ അഗ്നിരക്ഷാസേന ആവശ്യപ്പെട്ടിരുന്നു. എന്നാൽ, 12 എക്സ്കേവറ്ററുകളിൽ കൂടുതൽ ഒരു ദിവസംപോലും എത്തിക്കാൻ അധികൃതർക്ക് ആയില്ല. മുൻ വർഷങ്ങളിൽ പ്ലാന്റിന് തീ പിടിച്ചപ്പോൾ വാടകക്കെടുത്ത എക്സ്കവേറ്ററുകൾക്കും മറ്റും ഇനിയും വാടകപോലും നൽകാത്തതിനാലാണ് ഡ്രൈവർമാരും ലോറി ഉടമകളുമൊക്കെ വിട്ടുനിന്നത്. അവരെ അനുനയിപ്പിച്ച് എത്തിക്കാനും ജില്ല ഭരണകൂടത്തിനോ നഗരസഭക്കോ കഴിഞ്ഞില്ല. രാത്രിസമയങ്ങളിൽ എക്സ്കവേറ്ററുകൾ പ്രവർത്തനരഹിതമായി. അതുകൊണ്ടുതന്നെ ദിവസവും രാത്രി സമയങ്ങളിൽ പുക കൂടുതൽ വ്യാപിക്കുകയും ചെയ്തു.
വിഷപ്പുക പടർന്നപ്പോൾ ഞായറാഴ്ച വീട്ടിൽനിന്ന് പുറത്തിറങ്ങരുതെന്ന കലക്ടറുടെ നിർദേശവും വിമർശനത്തിനിടയാക്കി. വീട് അടച്ചിട്ടാൽ വിഷവായു ഉള്ളിൽ കടക്കില്ലേ എന്നും അടുക്കളയിൽ തീപിടിത്തം ഉണ്ടായാൽ റൂമിൽനിന്ന് പുറത്തിറങ്ങരുത് എന്ന് പറയുംപോലെയല്ലേ ഇത് എന്നും സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം ഉണ്ടായി. മാലിന്യസംസ്കരണത്തിൽ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ ദുരന്തനിവാരണ നിയമമനുസരിച്ച് നടപടി എടുക്കാൻ ജില്ല കലക്ടർക്ക് അധികാരമുണ്ട്. ഉത്തരവ് പൂർണമായും നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർക്കെതിരെ 2005ലെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാവുന്നതാണ്. എറണാകുളത്തെ പല തദ്ദേശ സ്ഥാപനങ്ങളുടെ കാര്യത്തിൽ വീഴ്ചകൾ വ്യക്തമായിട്ടും ഇത്തരം ഒരു നടപടിയും ഉണ്ടായിട്ടില്ല.
അതേസമയം, നഗരസഭ ഭരണസമിതി, മലിനീകരണ നിയന്ത്രണ ബോർഡ് വിഭാഗങ്ങളുടെ വീഴ്ച പരിഗണിക്കാതെ കലക്ടർക്കെതിരെ മാത്രം നടപടി ഉണ്ടായതിൽ ആേക്ഷപം ഉയർന്നിട്ടുണ്ട്. രേണുരാജിന്റെ ഭർത്താവ് ശ്രീറാം വെങ്കിട്ടരാമൻ സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായി ബുധനാഴ്ച ചുമതലയേറ്റതിന് പിന്നാലെയാണ് കലക്ടറുടെ സ്ഥലംമാറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.