ആശ്വാസത്തിന്റെ ആൾരൂപം; അകമേ ദുഃഖങ്ങളുടെ കലവറ
text_fieldsആൾക്കൂട്ടത്തിനിടയിൽ അവരുടെ ആവലാതികൾ കേട്ടും ആശ്വസിപ്പിച്ചും ജീവിക്കുമ്പോഴും ദുഃഖങ്ങളുടെ കലവറയായിരുന്നു ഉമ്മൻ ചാണ്ടി. എന്നാൽ, അതൊന്നും പുറത്തുകാണിക്കാതെ ജീവിക്കുകയായിരുന്നു അദ്ദേഹം. 10 വർഷമായി മാനസികമായി അസ്വസ്ഥനായിരുന്നു. സോളാർ വിവാദം മാത്രമല്ല, മറ്റു പല പ്രശ്നങ്ങളും അതിന് കാരണമാണ്. അക്കാലത്ത് കുടുംബത്തിനുനേരെ വി.എസ്. അച്യുതാനന്ദൻ നടത്തിയ ചില മോശം പരാമർശങ്ങൾ അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചിരുന്നു.
സോളാർ കേസിൽ അത്ര അസ്വസ്ഥനായിരുന്നില്ല. നേരിടാനുള്ള ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. അവസാനകാലത്ത് ചില കാര്യങ്ങൾ പറയുമ്പോൾ അദ്ദേഹം എന്റെ മുന്നിൽ വിതുമ്പിയിട്ടുണ്ട്. അത് എന്തെന്ന് പറയാൻ പ്രയാസമാണ്. അവസാനകാലത്ത് എന്നെ വിശ്വസിച്ച് പറഞ്ഞത് വെളിപ്പെടുത്താൻ പാടില്ലെന്ന് കരുതുന്നു. ചരിത്രകാരൻ എന്ന നിലയിൽ പിന്നീട് എപ്പോഴെങ്കിലും എഴുതുമ്പോൾ വേണമെങ്കിൽ മാത്രം പറയാം. കേരളത്തിന്റെ മൊത്തം ജനസഞ്ചയത്തിന്റെ നേതാവായി ഉയരേണ്ട ഉമ്മൻ ചാണ്ടി ഗ്രൂപ് നേതാവാകേണ്ട ആളായിരുന്നില്ല. എ ഗ്രൂപ്പിന്റെ പ്രതിനിധിയായി മാറിയതാണ് ഉമ്മൻ ചാണ്ടിയുടെ ജീവിതത്തിലെ പാളിച്ചയെന്ന് ഞാൻ കാണുന്നു. അപ്പോഴാണ് എന്നെ പോലുള്ളവർ വേദനിച്ചത്. പടവെട്ടാൻ ഇറങ്ങിയത്.
പുതുപ്പള്ളിയിൽ മത്സരിക്കാൻ പോകുകയാണെന്ന് ഞാൻ ആദ്യം ഉമ്മൻ ചാണ്ടിയോട് പറയുന്നത് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നാണ്. ചീത്തവിളിക്കും പൊട്ടിത്തെറിക്കുമെന്നാണ് കരുതിയത്. ഒന്നുമുണ്ടായില്ല. തമാശയാണെന്നാണ് കരുതിയത്. വാർത്ത പുറത്തുവന്നിട്ടും അദ്ദേഹം വിശ്വസിച്ചില്ല.
മത്സരകാലത്തും ശേഷവും മോശമായി ഒരു വാക്കുപോലും പറഞ്ഞില്ല. എല്ലാം കഴിഞ്ഞ് എന്നെ വിളിച്ചു. കോൺഗ്രസിലേക്ക് തിരിച്ചുവരണമെന്ന് ആവശ്യപ്പെട്ടു. 20 വർഷം വിട്ടുനിന്നപ്പോഴും ഉമ്മൻ ചാണ്ടിയുടെ വീട്ടിൽ നിത്യസന്ദർശകനായിരുന്നു ഞാൻ. ഉമ്മൻ ചാണ്ടിയുമായി പിണങ്ങി പുതുപ്പള്ളിയിൽ എതിരായി മത്സരിച്ചത് തെറ്റായിപ്പോയെന്ന് എനിക്ക് പിന്നീട് ബോധ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയെപ്പോലുള്ള ഒരാളോട് എന്ത് അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും പറഞ്ഞുതീർക്കണമായിരുന്നു.
എടുത്തുചാടിയുള്ള തീരുമാനമായിരുന്നെന്ന് ഉമ്മൻ ചാണ്ടിയോട് ഞാൻ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. എന്നാൽ, തെറ്റ് തന്റേതാണെന്നും ചെറിയാൻ ഫിലിപ്പിനെപ്പോലുള്ള ഒരാളെ വേണ്ടവിധം പരിഗണിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്നും പറഞ്ഞ് അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയാണ് ചെയ്തത്. ഞാൻ കോൺഗ്രസിലേക്ക് തിരിച്ചുവന്നതിന്റെ കാരണവും ഉമ്മൻ ചാണ്ടിയുടെ ഈ മഹാമനസ്കതയാണ്.
കെ. കരുണാകരനെ താഴെയിറക്കി എ.കെ. ആന്റണിയെ മുഖ്യമന്ത്രിയാക്കിയത് ഉമ്മൻ ചാണ്ടിയുടെ മാസ്റ്റർ ബ്രെയിൻ ആണ്. ഇവിടെ നടന്ന കാര്യങ്ങളൊന്നും ആന്റണി അറിഞ്ഞിരുന്നില്ല. കരുണാകരനെ അട്ടിമറിക്കുക സാധ്യമല്ല, നടക്കുന്ന കാര്യമല്ലെന്നാണ് ആന്റണി പറഞ്ഞിരുന്നത്. ഘടകകക്ഷികളെയും കരുണാകര പക്ഷത്തെ എട്ട് എം.എൽ.എമാരെയും കൂടെനിർത്താൻ ഉമ്മൻ ചാണ്ടിക്ക് കഴിഞ്ഞു. അന്ന് ഉമ്മൻ ചാണ്ടിക്ക് മുഖ്യമന്ത്രിയാകാമായിരുന്നു. ഉമ്മൻ ചാണ്ടി തന്നെയാണ് ആന്റണിയുടെ പേര് പറഞ്ഞത്. സ്നേഹത്തെക്കാൾ ദയ, കാരുണ്യം എന്നീ ഗുണങ്ങൾ ഉമ്മൻ ചാണ്ടിയിൽ രൂഢമൂലമായുള്ളതാണ്.
എന്റെ നാളുകൾ അധികമില്ലെന്ന് അടുത്തകാലത്ത് എന്നോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ കണ്ണ് നനഞ്ഞിരുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് ചികിത്സ സഹായത്തിനായി ഇടപെട്ടയാളാണ് ഉമ്മൻ ചാണ്ടി. അദ്ദേഹത്തിന് വേണ്ടത്ര ചികിത്സ കിട്ടിയില്ലെന്നതാണ് എന്നെ സങ്കടപ്പെടുത്തുന്ന കാര്യം. അതിന്റെ ഉള്ളുകള്ളി അറിയില്ല. രോഗം വന്നപ്പോൾ ദീർഘകാലം അവഗണിച്ചു. അതിനാലുണ്ടായ അകാലമരണമാണ് സംഭവിച്ചത്. 10 വർഷംകൂടി ജീവിക്കേണ്ട വ്യക്തിയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

