യാക്കോബായ സഭയിൽ പതിറ്റാണ്ടിന് ശേഷം മെത്രാഭിഷേകം
text_fieldsഫാ. മർക്കോസ് എബ്രഹാം, ഫാ. ഷിബു കുറ്റിപറിച്ചേൽ
കോലഞ്ചേരി: ഒരു പതിറ്റാണ്ടിന് ശേഷം യാക്കോബായ സഭയിൽ മെത്രാഭിഷേകം. മെത്രാപ്പോലീത്തമാരുടെ വാഴിക്കൽ ചടങ്ങ് സെപ്റ്റംബർ 14ന് ഡമാസ്കസിൽ നടക്കും. സഭാ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവയുടെ ഇന്ത്യൻ കാര്യ സെക്രട്ടറി ഫാ. മർക്കോസ് എബ്രഹാം, ആസ്ട്രേലിയയിലെ പെർത്ത് സെന്‍റ് പീറേറഴ്സ് പള്ളി വികാരി ഫാ. ഷിബു കുറ്റിപറിച്ചേൽ എന്നിവരെയാണ് മെത്രാപ്പോലീത്ത സ്ഥാനത്തേക്കുയർത്തുന്നത്. പ്രാദേശിക സുന്നഹദോസിന്‍റെ ശിപാർശ പ്രകാരം ഇത് സംബന്ധിച്ച പാത്രിയർക്കീസ് ബാവയുടെ കൽപന പുറത്തിറങ്ങി.
സഭാ തർക്കവുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇവരുടെ വാഴ്ച ഡമാസ്കസിലേക്ക് മാറ്റിയതെന്നാണ്. 2002ൽ സഭ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചതിന് ശേഷം 2012 ജനുവരിയിലാണ് സഭയിൽ അവസാനമായി മെത്രാഭിഷേകം നടന്നത്. ജനുവരി 2ന് തോമസ് മാർ അലക്സാന്ത്രയോസ്, സഖറിയാസ് മാർ പോർ പോളി കോർപ്പസ്, ഏലിയാസ് മാർ യുലീയോസ് എന്നിവരെ പുത്തൻകുരിശിൽ വച്ചും ജനുവരി 15ന് മാത്യൂസ് മാർ അന്തിമോസിനെ ഡമാസ്കസിൽ വച്ചുമാണ് മെത്രാപ്പോലീത്തമാരായി വാഴിച്ചത്.
പിന്നീട് പലവട്ടം മെത്രാപ്പോലീത്തമാരെ വാഴിക്കാൻ പ്രാദേശിക നേതൃത്വം സമ്മർദ്ദം ചെലുത്തിയെങ്കിലും സഭാ മേലധ്യക്ഷനായ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമൻ പാത്രിയർക്കീസ് ബാവ സമ്മതിച്ചിരുന്നില്ല. പാത്രിയർക്കീസ് ബാവയായി 2014 മാർച്ച് 31ന് ഇദ്ദേഹം ചുമതലയേറ്റ ശേഷം ആദ്യമായാണ് മലങ്കരയിലേക്ക് മെത്രാന്മാരെ വാഴിക്കാൻ അനുമതി നൽകുന്നത്. ഇതോടൊപ്പം 2017 ജുലൈ 3ലെ സുപ്രീംകോടതി വിധി യാക്കോബായ സഭയുടെ നിലനിൽപ്പിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സഭയുടെ അസ്ഥിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ട ഈ വിധിക്ക് ശേഷം നടക്കുന്ന ആദ്യ മെത്രാൻ വാഴ്ച കുടിയാണിത്.
വയനാട് ജില്ലയിലെ നെന്മേനി മാടക്കര കുറ്റിപറച്ചേൽ യോഹന്നാൻ - അന്നമ്മ ദമ്പതികളുടെ മകനാണ് ഫാ. ഗീവർഗീസ് കുറ്റിപറിച്ചേൽ. ബിരുദാനന്തര ബിരുദധാരിയായ ഇദ്ദേഹം 2016ൽ ചാവക്കാട് സ്വദേശിനിക്ക് വൃക്ക ദാനം ചെയ്ത് വാർത്തകളിലിടം നേടി. നിരവധി ആത്മീയ ജീവകാരുണ്യ സംഘടനകളിലും നേതൃതലത്തിൽ പ്രവർത്തിക്കുന്നുണ്ട്.
കോതമംഗലം നീണ്ട പാറ ചെമ്പകശ്ശേരിൽ എബ്രഹാം-ഏലിയാമ്മ ദമ്പതികളുടെ മകനാണ് ഫാ. മർക്കോസ് എബ്രഹാം. എഞ്ചിനീയറിങ് ബിരുദധാരിയായ ഇദ്ദേഹം കെ.എസ്.ഇ.ബി യിലും ദുബൈയിലും എഞ്ചിനീയറായി ജോലി ചെയ്തു. 2018 മുതൽ പാത്രിയർക്കീസ് ബാവയുടെ ഇന്ത്യൻ കാര്യ സെക്രട്ടറിയായി ലബനാണിൽ പ്രവർത്തിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

