കേരളത്തിൽ ഇനി കോൺഗ്രസ് മുഖ്യമന്ത്രിയുണ്ടാവില്ല -ഇ.പി. ജയരാജൻ; ‘അറവുമാലിന്യ ഫാക്ടറി സമരത്തിലെ ആക്രമണം ആസൂത്രിതം, കര്‍ശന നടപടി എടുക്കണം’
text_fieldsഇ.പി ജയരാജൻ
കണ്ണൂർ: കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇനി കോണഗ്രസ് മുഖ്യമന്ത്രിമാർ ഉണ്ടാവില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. കേരളം പുതിയൊരു നാടായി മാറുകയാണ്. ജനതയാകെ ഐശ്വര്യ സമൃദ്ധമായ പുതിയ കേരളത്തിനൊപ്പം സഞ്ചരിക്കുകയാണെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ താൻ ഇടക്കിടെ വരുന്നത് സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ലെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറയുന്നത്. ആ പറച്ചിലിൽ തന്നെ അദ്ദേഹത്തിന്റെ ലക്ഷ്യം വ്യക്തമാണ്. കോൺഗ്രസിൽ കുറേ ആളുകൾ ഇവിടെ മുഖ്യമന്ത്രിയാവാൻ പുറപ്പെടുകയാണ്. ആര് വന്നിട്ടും ഒരു കാര്യവുമില്ലെന്നും കോൺഗ്രസിൽനിന്ന് ഒരു മുഖ്യമന്ത്രിയും ഉണ്ടാവാൻ പോകുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.
കോഴിക്കോട് കട്ടിപ്പാറ ഇറച്ചി മാലിന്യ ഫാക്ടറിക്കെതിരായ സമരത്തിൽ നുഴഞ്ഞുകയറിയവരാണ് പ്രശ്നമുണ്ടാക്കിയത്. ആസൂത്രിത ആക്രമണമാണ് അവിടെ നടന്നത്. രാവിലെ മുതൽ നല്ല നിലക്ക് നടന്ന സമരം വൈകീട്ടോടെ അക്രമാസക്തമാവുകയായിരുന്നു. പൊലീസിനെ ആക്രമിക്കുന്നത് ന്യായീകരിക്കാനാവില്ല. മാലിന്യ പ്രശ്നം സർക്കാർ ഗൗരവമായി പരിശോധിക്കും. അക്രമി സംഘത്തില്‍ ഡി.വൈ.എഫ്.ഐക്കാരുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി വേണം. സമരം ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി എടുക്കണമെന്നും ഇ.പി ജയരാജന്‍ ആവശ്യപ്പെട്ടു.
പി.എം ശ്രീ പദ്ധതിയില്‍ സി.പി.ഐക്ക് അവ്യക്തതയുണ്ടോയെന്നത് അറിയില്ല. കാര്യങ്ങള്‍ മുന്നണിയില്‍ ചര്‍ച്ച ചെയ്തു മുന്നോട്ടു പോകും. ഓരോ പാര്‍ട്ടിക്കും വ്യക്തമായ നിലപാടുകള്‍ ഉണ്ടാകാം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യും. ഇടതുമുന്നണി സുശക്തമാണ്. മുന്നണിയെ ദുര്‍ബലപ്പെടുത്താമെന്ന് ആരും കരുതേണ്ട. സംസ്ഥാനത്ത് വിവിധ വകുപ്പുകളിൽ കേന്ദ്രാവിഷ്‍കൃത പദ്ധതികൾ കുറേയുണ്ട്. കേരള താൽപര്യം നോക്കിയാണ് ഇത്തരം പദ്ധതികളിൽ നിലപാട് സ്വീകരിക്കുക. പദ്ധതിയുടെ പേരിൽ ആർ.എസ്.എസ് അജണ്ടയൊന്നും നടപ്പാക്കാൻ സമ്മതിക്കില്ലെന്നും ഇ.പി. ജയരാജൻ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

