വിവാദങ്ങൾക്കൊടുവിൽ ഇ.പി. ജയരാജന്റെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങി
text_fieldsകണ്ണൂർ: വിവാദങ്ങൾക്കൊടുവിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്റെ ആത്മകഥ പ്രകാശനത്തിന് ഒരുങ്ങി. നവംബർ മൂന്നിന് കണ്ണൂരിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ‘ഇതാണ് എന്റെ ജീവിതം’ പുസ്തകം പ്രകാശനം ചെയ്യും. ചെറുകഥാകൃത്ത് ടി. പത്മനാഭൻ ഏറ്റുവാങ്ങും. മാതൃഭൂമി ബുക്സാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നത്. നേരത്തേ ഡി.സി ബുക്സിന് പ്രസിദ്ധീകരിക്കാൻ കൈമാറിയ ആത്മകഥയിലെ ഭാഗങ്ങൾ പുറത്തുവന്നത് വിവാദമായിരുന്നു.
‘പരിപ്പുവടയും കട്ടൻ ചായയും’ എന്ന പേരിലുള്ള ആത്മകഥ ജയരാജൻതന്നെ നിഷേധിച്ചു. രണ്ടാം പിണറായി സർക്കാറിനും പാർട്ടിക്കുമെതിരെ രൂക്ഷ വിമർശനങ്ങൾ അടക്കമുള്ള ഭാഗങ്ങൾ വൻ വിവാദമായതോടെ ഈ ഭാഗങ്ങൾ താൻ എഴുതിയതല്ലെന്ന് ജയരാജൻ പ്രതികരിച്ചിരുന്നു. അനുമതിയില്ലാതെ ആത്മകഥയുടെ ചില ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതിനെതിരെ നിയമനടപടിക്കും വഴിവെച്ചു.
ആത്മകഥ വിവാദത്തെക്കുറിച്ച് പുതിയ പുസ്തകത്തിന്റെ ആമുഖത്തിൽ ജയരാജൻ വിശദീകരിക്കുന്നുണ്ട്. സരിൻ, രണ്ടാം പിണറായി സർക്കാർ എന്നിവയെക്കുറിച്ചുള്ള വിവാദ പരാമർശങ്ങൾ, ജാവദേക്കറുമായുള്ള കൂടിക്കാഴ്ച എന്നിവ പുസ്തകത്തിലില്ലെന്നാണ് വിവരം. മുതിർന്ന നേതാക്കളുമായുള്ള ബന്ധം തുടങ്ങിയവ വിശദീകരിക്കുന്ന അധ്യായങ്ങളും പുതിയ പുസ്തകത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

