ഇ.പി. ജയരാജൻ: പിണക്കം തീർത്തെങ്കിലും പ്രശ്നങ്ങൾ ബാക്കി
text_fieldsതിരുവനന്തപുരം: പാർട്ടി ജാഥയിൽ പങ്കെടുത്ത് പിണക്കം തീർന്നുവെന്ന സന്ദേശം നൽകുമ്പോഴും സി.പി.എമ്മിനും ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനുമിടയിൽ പ്രശ്നങ്ങൾ ബാക്കി. ഇ.പി. ജയരാജനെതിരായ സംസ്ഥാന കമ്മിറ്റി മുമ്പാകെയുള്ള റിസോർട്ട് വിവാദത്തിൽ പാർട്ടി തീർപ്പ് കൽപിച്ചിട്ടില്ല. തെറ്റുതിരുത്തൽ ചർച്ചക്കിടെ, പി. ജയരാജൻ സംസ്ഥാന സമിതിയിൽ ഉന്നയിച്ച ആക്ഷേപത്തിന് ഇ.പി. ജയരാജൻ പാർട്ടിക്ക് രേഖാമൂലം വിശദീകരണം നൽകി. ഒടുവിൽ ചേർന്ന സംസ്ഥാന സമിതിയിൽ നേരിട്ട് വിശദീകരിക്കുകയും ചെയ്തു.
കണ്ണൂർ ഇരിണാവിലെ റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്ന വിശദീകരണം അംഗീകരിക്കണമെന്നും റിസോർട്ട് വിവാദം ഉയർത്തി തനിക്കെതിരായ ഗൂഢാലോചന നടത്തിയവർക്കെതിരെ അന്വേഷണം വേണമെന്നും സംസ്ഥാന സമിതിയിൽ ഇ.പി. ജയരാജൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പാർട്ടി അനുകൂലമായി പ്രതികരിച്ചില്ല.
എം.വി. ഗോവിന്ദന്‍റെ ജനകീയ പ്രതിരോധ ജാഥയിൽനിന്ന് ഇ.പി. ജയരാജൻ വിട്ടുനിൽക്കാനുണ്ടായ പ്രകോപനം അതായിരുന്നു. പാർട്ടിയെ സമ്മർദത്തിലാക്കാൻ തുനിഞ്ഞ ഇ.പി സ്വയം സമ്മർദത്തിലാകുന്നതാണ് പിന്നീട് കണ്ടത്. ഇ.പിയുടെ പിണക്കം മാറ്റാൻ പാർട്ടി നേതൃത്വത്തിൽനിന്ന് നീക്കങ്ങൾ ഒന്നുമുണ്ടായില്ല. പാർട്ടി ജാഥയിൽനിന്ന് മാറിനിന്ന് കൊച്ചിയിൽ വിവാദ ഇടനിലക്കാരന്‍റെ സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത വിവരം പുറത്തുവന്നതോടെ പ്രതിരോധത്തിലായെങ്കിലും ജാഥയിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം മാറ്റിയില്ല.
പിന്നാലെയാണ് ആദായ നികുതി വകുപ്പ് വിവാദ റിസോർട്ടിൽ പരിശോധനക്കെത്തിയത്. കേന്ദ്ര ഏജന്‍സികളുടെ ഇടപെടലിനെ രാഷ്ട്രീയ നീക്കമായി കാണുന്ന സി.പി.എം പക്ഷെ, ഇ.പിയുമായി ബന്ധപ്പെട്ട റിസോർട്ടിലെ പരിശോധനയിൽ അകലം പാലിച്ചു.
പാർട്ടിയിൽനിന്ന് ഒറ്റപ്പെടുകയാണെന്ന ഘട്ടത്തിലാണ് ജനകീയ പ്രതിരോധ ജാഥയിൽ തൃശൂരിയിലെ വേദിയിൽ ഇ.പി പ്രത്യക്ഷപ്പെട്ടത്. റിസോർട്ടിനെതിരെ കേന്ദ്ര അന്വേഷണം കൂടി വരുന്ന സാഹചര്യത്തിൽ പാർട്ടിയുമായി നിസ്സഹകരണം തുടരുന്നത് പന്തിയല്ലെന്ന തിരിച്ചറിവും കാരണമാണ്. സീനിയറായ തന്നെ മറികടന്ന് എം.വി. ഗോവിന്ദന് പാർട്ടി സെക്രട്ടറി, പി.ബി അംഗത്വം നൽകിയതിൽ നീരസം പ്രകടിപ്പിച്ച് പാർട്ടിയിൽനിന്ന് അവധിയെടുത്ത് മാറിനിന്നയാളാണ് ഇ.പി. ജയരാജൻ. അന്നും നേതൃത്വത്തിൽനിന്ന് അനുനയ നീക്കങ്ങളൊന്നുമുണ്ടായില്ല. രണ്ടുവട്ടം സ്വയം പിണക്കം തീർത്ത് മടങ്ങാൻ നിർബന്ധിതനായതിന്‍റെ പ്രയാസം ഇ.പി. ജയരാജനെ അലട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

