’അത് അതിന്റെ ആളോട് ചോദിക്ക്’ -വൈദേകം റിസോർട്ട് ഇടപാടിൽ ഇ.പി. ജയരാജൻ; ആരോപണമുന്നയിച്ച ഇ.പി ശ്യാംജിത്തിനും ഭാര്യക്കുമെതിരെ റിസോർട്ട് ഉടമകൾ
text_fieldsകണ്ണൂർ: വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടി സി.പി.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട് ഒമ്പത് കോടിയുടെ ആരോപണം ഉണ്ടല്ലോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ ‘അത് അതിന്റെ ആളോട് ചോദിക്ക്, അവരോട് ചോദിക്ക്’ എന്നായിരുന്നു ഇ.പിയുടെ മറുപടി. അതുവരെ മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരുന്ന ജയരാജൻ, ഈ ചോദ്യം വന്നതോടെ മറുപടി പറയാൻ തയറാകാതെ അതിവേഗം കാറിൽ കയറി.
ശ്യാംജിത്ത് എന്ന വ്യക്തി നിരന്തരം ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ട് അപമാനിക്കുകയും അങ്ങയെ പോലെ ഒരു നേതാവിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുകയാണല്ലോ എന്ന് പറഞ്ഞപ്പോൾ ‘അത് അതിന്റെ ആളോട് ചോദിക്ക്, അതിന്റെ ബോർഡ് ഓഫ് ഡയറക്ടർമാർ പത്രസമ്മേളനം ഒക്കെ നടത്തുണ്ടല്ലോ, അവരോട് ചോദിക്ക്’ എന്നായിരുന്നു മറുപടി. ശ്യാംജിത്തിനും ഭാര്യ ദീപക്കും എതിരായ ആരോപണങ്ങളെ കുറിച്ച് ചോദിച്ചപ്പോഴും ‘അതും അവരോട് ചോദിക്ക്’ എന്നായിരുന്നു മറുപടി.
‘വൈദേകം’ ഇ.പി. ജയരാജന്റെ അനധികൃത സ്വത്താണെന്ന നിലയിൽ സി.പി.എം സംസ്ഥാന സമിതിയിൽ പി. ജയരാജൻ ഉന്നയിച്ചത് വിവാദമായിരുന്നു. ഒടുവിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള നിരാമയ റിട്രിറ്റ്സ് കമ്പനിക്ക് വൈദേകം നടത്തിപ്പ് കൈമാറിയാണ് അന്ന് വിവാദം കെട്ടടങ്ങിയത്. ഇപ്പോൾ ഇ.പിയുടെ കുടുംബത്തിൽനിന്നാണ് വൈദേകവും നിക്ഷേപവും സംബന്ധിച്ച് നിരന്തരം ആരോപണങ്ങൾ.
റിസോര്‍ട്ടിലെ നിക്ഷേപത്തെച്ചൊല്ലി ഇ.പി. ജയരാജനെയും ഭാര്യ പി.കെ. ഇന്ദിരയെയും ലക്ഷ്യമിട്ട് സഹോദരീപുത്രന്‍ ഇ.പി. ശ്യാംജിത്താണ് രംഗത്തെത്തിയത്. കേരള ബാങ്കില്‍നിന്നു വിരമിച്ച ഇന്ദിര റിസോര്‍ട്ടില്‍ ഓഹരി എടുത്തത് വിരമിക്കൽ ആനുകൂല്യങ്ങള്‍ ഉപയോഗിച്ചാണോ എന്നാണ് ശ്യാംജിത്ത് സമൂഹമാധ്യമ കുറിപ്പിലൂടെ ചോദിച്ചു. വിരമിച്ച ഒരാള്‍ക്കു ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എത്രയാണെന്നും ആ തുകയുടെ കണക്കും നിക്ഷേപത്തിന്റെ രേഖകളും പുറത്തുവരേണ്ടതല്ലേ എന്നും അദ്ദേഹം ചോദിച്ചു. ‘ഇനിയും കുറെ തെളിവുകളും രേഖകളും ബന്ധങ്ങളും പുറത്തുവരാനുണ്ട്, കാത്തിരിക്കൂ’ എന്ന മുന്നറിയിപ്പോടെയാണു കുറിപ്പ് അവസാനിക്കുന്നത്.
പി.കെ. ഇന്ദിരയ്ക്ക് ലഭിച്ച തുക വിരമിക്കൽ ആനുകൂല്യത്തിന്റെ ഉറവിടവും തുടർന്നുണ്ടായ നിക്ഷേപങ്ങളും സംബന്ധിച്ച് വ്യക്തത അനിവാര്യമാണെന്ന് ശ്യാംജിത്ത് ആവശ്യപ്പെട്ടു. ‘പ്രൈഡ് ക്രെഡിറ്റ് സൊസൈറ്റിയുടെ പ്രേംകുമാർ (BLM), പി.കെ. ഇന്ദിര, വൈദേകം റിസോർട്ട് എന്നിവരുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. പി.കെ. ഇന്ദിരയ്ക്ക് ലഭിച്ച തുക വിരമിക്കൽ ആനുകൂല്യമാണെങ്കിൽ, അതിന്റെ ഉറവിടവും തുടർന്നുണ്ടായ നിക്ഷേപങ്ങളും സംബന്ധിച്ച് വ്യക്തത അനിവാര്യമാണ്. ആരോപണപ്രകാരം ബ്ലാക്ക്, വൈറ്റ് ഇനങ്ങൾ ഉൾപ്പെടെയുള്ള ഇടപാടുകളിൽ 3 കോടി പി.കെ. ഇന്ദിരയ്ക്ക് പണമായി നൽകിയെന്ന സംശയം ഉണ്ട്. 2 കോടി കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയറിന്റെ കേരള ബാങ്ക് മങ്ങാട്ടുപറമ്പ ശാഖയിൽ 2024 മെയ് മാസം നിക്ഷേപിച്ചു. ശേഷിക്കുന്ന 4 കോടി 2024 മാർച്ച് മാസം ഓഹരിയുടമകളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതായും സംശയം ഉണ്ട്’ -ശ്യാംജിത്ത് ആരോപിച്ചു.
അതിനിടെ, ആരോപണമുന്നയിച്ച ഇ.പി ശ്യാംജിത്തിനും ഭാര്യ ദീപക്കുമെതിരെറിസോർട്ട് മാനേജ്മെന്റ് രംഗത്തെത്തി. റിസോർട്ടിൽ ജോലി ചെയ്തിരുന്ന ദീപ പലരുടെയും പേരിൽ അനധികൃതമായി വൗച്ചറുകൾ ഒപ്പിട്ട് പണം തട്ടിയെടുത്തതായാണ് വെളിപ്പെടുത്തൽ.
5 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതിന് ദീപയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത്, പിആർഒ എന്ന കാർഡ് നിർമിച്ചു റിസോർട്ടിൽ പ്രവർത്തിച്ചെന്നും ആരോപണമുണ്ട്. ഇതുസംബന്ധിച്ച തെളിവുകൾ പൊലീസിന് മാനേജ്മെന്റ് കൈമാറിയിട്ടുണ്ട്. ശ്യാംജിത്ത് ജോലി ചെയ്യുന്ന ഐസിഎമ്മിനും പരാതി നൽകിയിട്ടുണ്ട്.

