Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇഫ്താർ വിരുന്നിൽ...

ഇഫ്താർ വിരുന്നിൽ ലോകായുക്ത പങ്കെടുത്തതിനെ പ്രത്യേക കണ്ണാടിവെച്ച് കാണരുത് -ഇ.പി ജയരാജൻ

text_fields
bookmark_border
ep jayarajan
cancel

കോഴിക്കോട്: മുഖ്യമന്ത്രി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെതിരായ വിമർശനത്തിൽ പ്രതികരണവുമായി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. ഇഫ്താർ വിരുന്നിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനെ പ്രത്യേക കണ്ണാടി വെച്ച് കാണരുതെന്ന് ഇ.പി ജയരാജൻ വ്യക്തമാക്കി. നീതിന്യായ രംഗത്തുള്ളവരും ഒരു സമൂഹത്തിൽ ജീവിക്കുന്നവരാണ്. വിവാഹങ്ങളിലും വിരുന്നുകളിലും മരണങ്ങളിലും അവർ പങ്കെടുക്കാറുണ്ട്. ഇടുങ്ങിയ മനസുമായി ഇതിനെ കാണാൻ യു.ഡി.എഫിലെ ചില നേതാക്കൾക്കേ കഴിയൂവെന്നും ഇ.പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇ.പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റ്

ലോകായുക്തയും ഉപലോകായുക്തയും മാത്രമല്ല ഗവൺമെന്റുമായി ബന്ധപ്പെടുന്ന ഒട്ടനവധി ആളുകൾ നിയമസഭയിലെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾ, വിവിധ മേഖലയിലെ പ്രശസ്തർ, വ്യത്യസ്ത മതവിഭാഗങ്ങളിലെ ആചാര്യന്മാർ തുടങ്ങി വിവിധ രംഗങ്ങളിലുള്ളവരെല്ലാം ഈ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. ഇഫ്താർ വിരുന്നിൽ പങ്കെടുത്തതിനെ പ്രത്യേകമായ കണ്ണാടി വെച്ച് കാണുന്നത് ശരിയായ കാര്യമല്ല. നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നവർ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലും മതങ്ങളിലും വിവിധ മേഖലകളിലുമെല്ലാം ജീവിക്കുന്നവരാണ്. അവരെല്ലം ഇത്തരം പൊതുപരിപാടികളിൽ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. പാർലിമന്റിലും ഇത്തരത്തിൽ പരിപാടികൾ നടക്കാറുണ്ട്. അതിലെല്ലാം ആശയങ്ങളാൽ വ്യത്യസ്ത ചേരിയിലുള്ളവർ ഒന്നിച്ച് പങ്കെടുക്കാറുണ്ട്. എന്നാൽ അതിനെ മറ്റൊരു രീതിയിൽ വ്യാഖ്യാനിക്കുന്നതും നിരീക്ഷിക്കുന്നതും അഭിപ്രായം പറയുന്നതും ഔചിത്യമില്ലായ്മയാണ്.

നമ്മുടെ നാട്ടിൽ ഇഫ്താർ വിരുന്ന് പോലുള്ള ചടങ്ങുകളുടെ ഒരു പ്രത്യേകത എന്തെന്നാൽ സമൂഹത്തിലെ നാനാ തുറയിൽ നിന്നുള്ളവരും വ്യത്യസ്ത ആശയങ്ങളിൽ നിൽക്കുന്നവരെല്ലാം ഒത്തുചേർന്ന് മനുഷ്യ സാഹോദര്യവും സ്നേഹവും ഉയർത്തിപ്പിടുക്കുന്ന പൊതു പരിപാടികളാണ്. എല്ലാ ആഘോഷങ്ങളും പരിപാടികളും ഇത്തരത്തിലാണ് കേരളത്തിൽ നടക്കുന്നത്. അതാണ് നമ്മുടെ സംസ്കാരം. അവിടെ മതവും രാഷ്ട്രീയവും ഒന്നും ഒരു ഘടകമേ അല്ല. പ്രതിപക്ഷ നേതാവ് ഇഫ്താർ വിരുന്നിൽ പങ്കെടുത്തില്ലേ?.

നീതിന്യായ രംഗത്തുള്ളവരും ഈ സമൂഹത്തിൽ ജീവിക്കുന്നവരാണ്. അവരും സമൂഹത്തിലെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നവരാണ്. വിവാഹങ്ങളിലും വിരുന്നുകളിലും മരണങ്ങളിലും എല്ലാം പങ്കെടുക്കാറുണ്ട്. അതെല്ലാം മാനുഷികമായ നടപടികളുടെ ഭാഗമാണ്. ഇതൊന്നും കാണാൻ കഴിയാതെ 'ഠ' വട്ടത്തിൽ ചിന്തിച്ച്, ചുരുങ്ങിയ പരിസരത്തിൽ ഒതുങ്ങുന്ന അൽപചിന്തകർക്ക് മാത്രമേ ഇത്തരത്തിൽ മഹത് വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങുകളെ വിമർശിക്കാൻ കഴിയുകയുള്ളു.

നീതിപീഠങ്ങളിൽ ഇരിക്കുന്ന ആളുകൾ നാട്ടിലോ കുടുംബങ്ങളിലോ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കുന്നതുകൊണ്ട് നീതിന്യായ വ്യവസ്ഥയോടുള്ള അവരുടെ ബഹുമാനവും ആദരവും കളങ്കപ്പെടും എന്നൊന്നും ചിന്തിക്കേണ്ടതില്ല. അത്ര ചെറുതായിട്ടുള്ളവരാണ് നമ്മുടെ നീതിപീഠങ്ങളിലിരിക്കുന്നതെന്ന് ഞാൻ കരുതുന്നില്ല. പ്രതിപക്ഷ നേതാവും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും എല്ലാം ഇഫ്താർ വിരുന്നിൽ പങ്കെടുത്തിരുന്നു. അതുകൊണ്ട് അവരുടെയെല്ലാം രാഷ്ട്രീയ നിലപാട് മാറിപ്പോകും എന്നാണോ പ്രേമചന്ദ്രൻ ചിന്തിക്കുന്നത്. എത്ര ഇടുങ്ങിയ ചിന്താഗതിയാണത്.

സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളും അതിന്റെ ഘടനയുമെല്ലാം നമ്മുടെ നീതിപീഠങ്ങളിൽ ഇരിക്കുന്നവരും മനസ്സിലാക്കുന്നത് നല്ലതാണ്. അവർ ജനങ്ങളിൽ നിന്നും ഒളിച്ചോടേണ്ടവരല്ല. പൊതുസമൂഹവുമായി ബന്ധമില്ലാതെ ഇരുട്ടറയിൽ കഴിയേണ്ടവരല്ല നീതിന്യായ വകുപ്പിലുള്ളവർ‌. സമൂഹത്തിന്റെ ഒരോ ചലനങ്ങളും അറിയുകയും മനസ്സിലാക്കുകയും ജനങ്ങളുമായി സംബന്ധിക്കുന്നവരുമായിരിക്കണം നീതിന്യായ രംഗത്തുള്ളവരും. അതുകൊണ്ട് വിവാഹം, ചരമം, മറ്റു ചടങ്ങുകൾ എന്നിവയിലെല്ലാം അവർ പങ്കെടുത്താൽ അതിനെ ഇടുങ്ങിയ മനസുമായി കാണാൻ പ്രേമചന്ദ്രനെ പോലെയുള്ള ഇടുങ്ങിയ മനസുള്ള യു.ഡി.എഫിലെ ചില നേതാക്കൾക്ക് മാത്രമേ കഴിയൂ.

പ്രേമചന്ദ്രനെ പോലെ ഉന്നതസ്ഥാനത്തിരിക്കുന്ന ഒരാൾ ഈ സമൂഹത്തിനെ കുറിച്ച് മനസിലാക്കി വേണം നിലപാട് സ്വീകരിക്കാൻ. എന്ത് കാര്യത്തിനും വിരുദ്ധ നിലപാട് സ്വീകരിക്കുക, സി.പി.എമ്മിനെതിരെ നിലപാടെടുക്കുക, ഗവൺമെന്റിന് എതിരായ നിലപാട് സ്വീകരിക്കുക, മുഖ്യമന്ത്രിയെ ആക്ഷേപിക്കുക എന്നിവക്ക് വേണ്ടി വൃതമെടുത്ത് നടക്കുന്നവർക്ക് ഇതൊക്കെയേ ചെയ്യാൻ കഴിയൂ. പൊതുവായ കാര്യങ്ങളിൽ യു.ഡി.എഫിന്റെ ഇങ്ങനെയുള്ള ചില നേതാക്കൾക്ക് പറ്റിക്കൊണ്ടിരിക്കുന്ന തെറ്റുകളാണ് യു.ഡി.എഫിനെ അപകടത്തിലേക്ക് കൊണ്ടുചെന്ന് എത്തിക്കുന്നത്. ഇത് സംബന്ധിച്ച് ചിന്തിക്കാനും തെറ്റായ നടപടികളെ നിരാകരിക്കാനും പക്വതയുള്ള നേതാക്കൾ രംഗത്ത് വരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EP JayarajanIftar Meetpinarayi vijayan
News Summary - EP Jayarajan React to Chief Minister's Iftar Meet
Next Story