തന്‍റെ രക്തത്തിനായി പ്രതിപക്ഷം ദാഹിച്ചു -ഇ.പി ജയരാജൻ
text_fieldsതിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും വിമർശിച്ച് രാജിവെച്ച വ്യവസായ മന്ത്രി ഇ.പി ജയരാജന്‍റെ പ്രസ്താവന. പ്രതിപക്ഷം മാധ്യമങ്ങളെ ഉപയോഗിച്ച് തന്നെ വേട്ടയാടിയെന്ന് ജയരാജൻ ആരോപിച്ചു. തന്‍റെ വേണമെങ്കിൽ രക്തം തരാമെന്നും രാജ്യത്തിനു വേണ്ടിയാണ് താൻ പ്രവർത്തിച്ചതെന്നും പ്രത്യേക പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
വ്യവസായ വകുപ്പിൽ അഴിമതി ശക്തമായിരുന്നു. മന്ത്രിയായശേഷം ഇതേക്കുറിച്ചു പഠിച്ചു നടപടിയെടുത്തു. വ്യവസായ മേഖല തകർച്ച നേരിട്ടപ്പോഴാണ് ചുമതല ഏറ്റെടുത്തത്. മേഖലയെ പുനരുജ്ജീവിപ്പിക്കാൻ നടപടികൾ സ്വീകരിച്ചതായും ജയരാജൻ അവകാശപ്പെട്ടു.
തന്നെ സ്വാധീനിക്കാൻ ആർക്കുമായില്ല. കെടുകാര്യസ്ഥതക്കെതിരെ ശക്തമായ നടപടികൾ എടുത്തത് ശത്രുക്കളെ ഉണ്ടാക്കി. പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ചട്ടവും നിയമവും പാലിച്ചിരുന്നു. എന്നാൽ, അഴിമതിക്കെതിരായ നടപടികൾ ചിലരെ അലോസരപ്പെടുത്തി. 12 ദിവസങ്ങൾ മാധ്യമങ്ങൾ തന്നെ വേട്ടയാടിയെന്നും അദ്ദേഹം പറഞ്ഞു.
റിയാബ് നല്‍കിയ പാനലില്‍ നിന്നാണ് നിയമനങ്ങള്‍ നടത്തിയത്. നടപടിക്രമങ്ങളെല്ലാം സുതാര്യമായിരുന്നു. നിലവിലെ നിയമപ്രകാരം നിയമനങ്ങള്‍ ചട്ടവിരുദ്ധമെന്ന് പറയാനാവില്ല. നിയമനങ്ങളില്‍ നിലവില്‍ പ്രത്യേക മാനദണ്ഡങ്ങളൊന്നുമില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിയമനങ്ങളെല്ലാം നടത്തിയതെന്നും ജയരാജന്‍ സഭയില്‍ വിശദീകരിച്ചു.
സിഡ്കോ എം.ഡിയായിരുന്ന സജി ബഷീറിനെതിരായി വിജിലന്‍സ് റിപ്പോര്‍ട്ട് കഴിഞ്ഞ സര്‍ക്കാര്‍ അട്ടിമറിച്ചു. സജി ബഷീറിനെ മാറ്റണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. മാറ്റേണ്ടെന്ന് രമേശ് ചെന്നിത്തല നിലപാടെടുത്തു. നിയമവിരുദ്ധമായി ഒരാളെയും നിയമിച്ചിട്ടില്ല. ഒഴിവാക്കേണ്ടവരെ ഒഴിവാക്കാന്‍ വേണ്ടിത്തന്നെയാണ് റിയാബിനെ ചുമതലപ്പെടുത്തിയത്. വ്യവസായ രംഗത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വേണ്ടി മാധ്യമങ്ങള്‍ രംഗത്തിറങ്ങിയിരിക്കുകയാണ്. എന്തിന് വേണ്ടിയാണ് തന്നെ വേട്ടയാടിയതെന്ന് അറിയില്ല. മാധ്യമങ്ങള്‍ക്ക് പിന്നില്‍ ചില ശക്തികള്‍ പ്രവര്‍ത്തിച്ചു. തന്നെയും സര്‍ക്കാറിനെയും സ്വാധീനിക്കാന്‍ ആവില്ലെന്ന് കണ്ടപ്പോള്‍ മാഫിയ സംഘം രണ്ടും കല്‍പ്പിച്ചിറങ്ങി.
തനിക്കെതിരെ പല തരത്തിലുള്ള ഭീഷണികളും ഉണ്ടായിരുന്നു. സുധീര്‍ നമ്പ്യാരെ നിയമിച്ചത് കഴിവ് പരിഗണിച്ചും റിയാബ് നിര്‍ദേശം പരിഗണിച്ചു. ചുമതല ഏറ്റെടുക്കാന്‍ സമയം നീട്ടിചോദിച്ചതിനാലാണ് നിയമനം റദ്ദാക്കിയത്. ക്ലേ ആന്‍റ് സെറാമിക്സുമായി സര്‍ക്കാറിന് ബന്ധമില്ല. ക്ലേ ആന്‍റ് സെറാമിക്സിലെ നിയമനങ്ങളും മാനദണ്ഡത്തിനുസരിച്ച് തദ്ദേശീയരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചാണ് എല്ലാ നിയമനങ്ങളും നടത്തിയത്.
സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം തലകുത്തി വീണു. തല ഉയര്‍ത്താനാവാത്ത വിധം നാണം കെട്ടു. ഇത് മറക്കാനാണ് തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടക്കുന്ന വഴിയെ നടക്കാന്‍ പ്രതിപക്ഷം ഇനിയും ജനിക്കണം. മാധ്യമങ്ങള്‍ക്ക് പണം നല്‍കിയാണ് പ്രതിപക്ഷം നിലവിലെ പ്രചാരണം നടത്തിയത്. സംശുദ്ധ ഭരണത്തെ കളങ്കപ്പെടുത്താനുള്ള നീക്കമാണ് നടന്നത്. ഇതൊഴിവാക്കാന്‍ താന്‍ രാജി സന്നദ്ധത അറിയിക്കുകയായിരുന്നുവെന്നും ജയരാജന്‍ വിശദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
