പുതിയ മന്ത്രി അനിവാര്യമെന്ന് ഇ.പി. ജയരാജന്‍
text_fieldsകോഴിക്കോട്: പുതിയ മന്ത്രി എം.എം. മണിക്കും വ്യവസായ വകുപ്പിന്‍െറ ചുമതലയിലേക്ക് വരുന്ന എ.സി. മൊയ്തീനും അഭിവാദ്യം നേര്‍ന്ന് ഇ.പി. ജയരാജന്‍െറ ഫേസ്ബുക് പോസ്റ്റ്. ഒക്ടോബര്‍ 14ന് താന്‍ രാജിവെച്ചപ്പോള്‍ മുതല്‍ ഒഴിഞ്ഞുകിടന്ന വ്യവസായ വകുപ്പിന്‍െറ ചുമതല മറ്റൊരാള്‍ക്ക് നല്‍കേണ്ടത് ഭരണപരമായ അനിവാര്യതയായിരുന്നുവെന്ന് ജയരാജന്‍ പോസ്റ്റിൽ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച നടന്ന എം.എം. മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനിന്ന അദ്ദേഹം ഈ വിഷയത്തില്‍ ആദ്യമായാണ് പ്രതികരിക്കുന്നത്. കഴിഞ്ഞ സംസ്ഥാന കമ്മിറ്റിയിലും ജയരാജന്‍ പങ്കെടുത്തിരുന്നില്ല.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
എൽ.ഡി.എഫ് മന്ത്രിസഭയിൽ നിന്നും ഞാൻ രാജി വെച്ച ഒഴിവിലേക്ക് പുതിയ മന്ത്രിയെ തീരുമാനിച്ചു കൊണ്ട് സി.പി.ഐ(എം) സംസ്ഥാന കമ്മിറ്റി തീരുമാനം എടുക്കുകയുണ്ടായി. ഞാനും കൂടി അംഗമായ പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് എടുത്ത തീരുമാനമാണ് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്.
ഒക്ടോബർ 14ന് ഞാൻ രാജിവെച്ചപ്പോൾ മുതൽ ഒഴിഞ്ഞു കിടക്കുന്ന വ്യവസായ വകുപ്പിന്‍റെ ചുമതല മറ്റൊരാൾക്ക് നൽകേണ്ടത് ഭരണപരമായ അനിവാര്യതയായിരുന്നു. ഈ യാഥാർഥ്യങ്ങൾ മറച്ചുവെച്ചു കൊണ്ട് ചില മാധ്യമങ്ങൾ എനിക്കും പാർട്ടിക്കുമെതിരെ കെട്ടുകഥകളും ദുഷ്പ്രചരണങ്ങളും പടച്ചു വിടുകയാണ്.
സി.പി.ഐ (എം) നേതൃത്വത്തിനിടയിൽ ഭിന്നതയുണ്ടെന്ന് പ്രചരിപ്പിക്കുവാനും എൽ.ഡി.എഫ് ഗവൺമെന്‍റിന്‍റെ തിളക്കമാർന്ന പ്രവർത്തനങ്ങളെ തമസ്കരിക്കുവാനും ലക്ഷ്യം വച്ചു കൊണ്ടാണ് ഇപ്പോൾ പ്രചരണങ്ങൾ നടത്തുന്നത്. സഖാവ് പിണറായി വിജയൻ മന്ത്രിസഭയിലേക്ക് കടന്നു വരുന്ന സഖാവ് മണിയാശാനും വ്യവസായ വകുപ്പിന്‍റെ ചുമതലയിലേക്ക് വരുന്ന സഖാവ് എ.സി. മൊയ്തീനും എന്റെ അഭിവാദ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
