മുഖ്യമന്ത്രിയെ കണ്ടത് പരിഭവം പറയാനല്ല -ഇ.പി. ജയരാജൻ
text_fieldsകണ്ണൂർ/തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ടത് പരിഭവം പറയാനല്ലെന്ന് എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് പോയാൽ മുഖ്യമന്ത്രിയെയും മുതിർന്ന നേതാക്കളേയും കാണുന്നത് പതിവാണ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടതും അങ്ങനെയാണ്. അതിൽ പുതുമയൊന്നുമില്ല. ഞാൻ എവിടെയും സജീവമാവാതിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ സജീവമാവാൻ അദ്ദേഹം ആവശ്യപ്പെടേണ്ട കാര്യവുമില്ല. നേതൃത്വത്തോട് രാഷ്ട്രീയമായ ഒരു പരിഭവവുമില്ല. ഞാനും കൂടി ചേർന്നതാണ് നേതൃത്വം. ഇടതുമുന്നണിക്ക് ആവശ്യമുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ആവശ്യത്തിന് യോഗങ്ങളും ചേരുന്നുണ്ട്.
മൂന്നു മാസം മുമ്പേ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ക്ഷണിച്ചതുകൊണ്ടാണ് ശനിയാഴ്ച തിരുവനന്തപുരത്തെ പരിപാടിയിൽ പങ്കെടുക്കാൻ പോയത്. താൻ പങ്കെടുക്കേണ്ട പരിപാടിയായിരുന്നില്ല കോഴിക്കോട്ടെ ഏക സിവിൽകോഡ് സെമിനാർ. സെമിനാറിന്റെ അജണ്ടകളും മറ്റും നേരത്തേ സ്വാഗതസംഘം വ്യക്തമാക്കിയതാണ്. ആരൊക്കെ പങ്കെടുക്കും, ഏതൊക്കെ നേതാക്കൾ പ്രസംഗിക്കുമെന്നെല്ലാം അറിയിച്ചതാണ്. അതിലൊന്നും എന്റെ പേരില്ല. ഞാൻ പങ്കെടുക്കേണ്ടതായിരുന്നുവെന്നത് മാധ്യമങ്ങൾ തീരുമാനിച്ചതാണ്.
സെമിനാറിൽ ആർക്കും പങ്കെടുക്കാമെന്നാണ് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത്. അദ്ദേഹം പറഞ്ഞതിൽ മറ്റു വ്യാഖ്യാനങ്ങൾക്ക് ഞാനില്ല. വേറെ അർഥമുണ്ടോയെന്ന് നിങ്ങൾ അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും ഇ.പി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സി.പി.എമ്മിന് എത്ര സെക്രേട്ടറിയറ്റ് അംഗങ്ങളുണ്ട്. എല്ലാവരും സെമിനാറിൽ പങ്കെടുത്തിട്ടില്ലല്ലോ. പി.ബി അംഗമായ എം.എ. ബേബി പങ്കെടുത്തിട്ടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.
പരിഭവമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ‘ഞാനും മനുഷ്യനല്ലേ’ എന്ന മറുപടിയിലൂടെ പാർട്ടി നേതൃത്വത്തോടുള്ള അതൃപ്തി കൂടി ഇ.പി ഞായറാഴ്ച പരസ്യപ്പെടുത്തി. ഏക സിവിൽ കോഡ് സെമിനാറിൽനിന്ന് വിട്ടുനിന്നത് വിവാദമായതിന് പിന്നാലെയാണ് ഇ.പി. ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച വൈകീട്ട് ക്ലിഫ്ഹൗസിലായിരുന്നു കൂടിക്കാഴ്ച. പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ജയരാജനോട് മുഖ്യമന്ത്രി നിർദേശിച്ചതായാണ് വിവരം. അതേസമയം താൻ സെമിനാറിൽ പങ്കെടുക്കാത്തതുമായി ബന്ധപ്പെട്ട് പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാധ്യമങ്ങളോട് നടത്തിയ പരാമർശങ്ങൾ അനുചിതമായെന്ന അഭിപ്രായം ഇ.പിക്കുണ്ട്. തന്റെ അസാന്നിധ്യം മാത്രമല്ല, പാർട്ടി സെക്രട്ടറിയുടെ പ്രതികരണം കൂടിയാണ് സെമിനാർ ചർച്ചയാകേണ്ട ദിവസം വിഷയം ഇത്രയും വിവാദമാക്കിയതെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് മുന്നിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

