`കലിപ്പ് മാറാതെ ജയരാജൻ': ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുത്തില്ല, വരും ദിവസങ്ങളിലുണ്ടാകുമെന്ന് എം.വി. ഗോവിന്ദൻ
text_fieldsകണ്ണൂർ: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ പങ്കെടുക്കാത്തത് വീണ്ടും ചർച്ചയാവുന്നു. കഴിഞ്ഞദിവസം കാസർകോട്ട് നിന്നാരംഭിച്ച ജാഥ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. കണ്ണൂരിലുണ്ടായിരുന്ന ജയരാജൻ ഉദ്ഘാടനത്തിന് എത്തിയിരുന്നില്ല. ജാഥ കണ്ണൂരിലെത്തിയിട്ടും എൽ.ഡി.എഫ്. കൺവീനർകൂടിയായ ഇ.പി. പങ്കെടുക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യം ഉയരുന്നുണ്ട്. നേരത്തെ തനിക്ക് നേരെയുർന്ന ആരോപണങ്ങളിൽ പാർട്ടി നേതൃത്വത്തിന് പങ്കുണ്ടെന്ന് ഇ.പി. ജയരാജൻ സംശയിക്കുന്നതായും ഇതിലുള്ള കലിപ്പാണിപ്പോൾ പ്രകടിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.
കണ്ണൂരിൽ പാർട്ടിസെക്രട്ടറി പ്രസംഗിക്കുമ്പോൾ ജയരാജൻ വളപട്ടണത്ത് ഒരു മരണ വീട് സന്ദർശിക്കുകയായിരുന്നു. അതേസമയം, ജാഥയിൽ എം.വി. ജയരാജനും പി. ജയരാജനും ഉൾപ്പടെയുള്ള നേതാക്കൾ സജീവമാണ്. പാർട്ടിയിലെ ചില വിഷയങ്ങളിൽ ഇ.പി. ജയരാജനുള്ള അനിഷ്ടം കഴിഞ്ഞ കുറച്ച് കാലമായി പരസ്യമായി പ്രകടിപ്പിക്കുകയാണ്.
സംസ്ഥാനകമ്മിറ്റിയംഗം പി. ജയരാജന്റെ പരാതിയിൽ ഉയർന്ന റിസോർട്ട് വിവാദം ഇ.പി.ജയരാജന് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. വർഷങ്ങൾക്കുമുൻപ് കെട്ടടങ്ങിയ റിസോർട്ട് വിവാദം വീണ്ടും വന്നതിനുപിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ജയരാജൻ അനുകൂലികൾ പറയുന്നത്. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ നാട്ടിലാണ് വിവാദമായ ആയുർവേദ റിസോർട്ട് സ്ഥിതിചെയ്യുന്നതും.
എന്നാൽ, വരും ദിവസങ്ങളിൽ ഇപി ജാഥയിൽ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എംവി ഗോവിന്ദൻ വ്യക്തമാക്കിയത്. ഇപി ജയരാജന് ജാഥയിൽ നിന്നും വിട്ടുനിൽക്കേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദൻ വിശദീകരിച്ചു. എന്നാൽ, ഇപിയുടെ നാട്ടിലൂടെയടക്കം ജാഥ കടന്നു പോകുമ്പോൾ മുതിർന്ന നേതാവ് വിട്ടു നിൽക്കുന്നതിന് കൃത്യമായ വിശദീകരണം നൽകാൻ പാർട്ടിക്ക് കഴിയാത്തത് പ്രവർത്തകരെയും അങ്കലാപ്പിലാക്കുകയാണ്. ഈ സാഹചര്യത്തിൽ ഉടൻ ജാഥയുടെ ഭാഗമാക്കാനായുള്ള ചർച്ചകൾ നടക്കുന്നതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

