ഇ.പി. ജയരാജൻ: കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണം -യു.ഡി.എഫ്
text_fieldsകൊച്ചിയിൽ യു.ഡി.എഫ് നേതൃയോഗം തുടങ്ങുന്നതിന് മുമ്പ് ഫോൺ വിളികളാൽ തിരക്കിലായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കൈയിലേക്ക് മൊബൈൽ ഫോൺ കൈമാറുന്ന ബെന്നി ബഹനാൻ എം.പി. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സമീപം. നേതാക്കളായ കെ. സുധാകരൻ, രമേശ് ചെന്നിത്തല എന്നിവരുടെ അസാന്നിധ്യവും ശ്രദ്ധിക്കപ്പെട്ടു
കൊച്ചി: സി.പി.എം നേതാവ് ഇ.പി. ജയരാജനെതിരായ ആരോപണങ്ങൾ ഗുരുതരമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസൻ. ഹൈകോടതി നിരീക്ഷണത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയില്‍ ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്വേഷണം ആവശ്യപ്പെട്ട് ജനുവരി നാലിന് എല്ലാ പഞ്ചായത്തിലും പന്തംകൊളുത്തി പ്രകടനം നടത്തും. 10ന് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ധര്‍ണ നടത്തും.
കരുതൽ മേഖല വിഷയത്തിൽ വിധി വന്ന് ആറുമാസം കഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ കൃത്യമായി സർവേ നടത്തി രേഖകൾ ഹാജരാക്കി സുപ്രീംകോടതി മുമ്പാകെ അവതരിപ്പിച്ച് ഇളവ് നേടിയെടുത്തു. ഉപഗ്രഹ സർവേ പ്രായോഗികമല്ലെന്ന് പ്രതിപക്ഷം നേരത്തേ പറഞ്ഞതാണ്. ഫീൽഡ് സർവേ എന്ന ആവശ്യം സർക്കാർ തള്ളിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ജനുവരി അഞ്ച് മുതൽ 15 വരെ കർഷകസംഗമം, പ്രതിഷേധ യോഗങ്ങൾ എന്നിവ പഞ്ചായത്തുതലത്തിൽ നടത്തും. കുമളിയിൽനിന്ന് അടിമാലിയിലേക്ക് നടത്തുന്ന കാൽനട യാത്രക്ക് ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകും. ഇടുക്കി ജില്ലയെ കരുതൽ മേഖല കെണിയിൽനിന്ന് മുക്തമാക്കുക എന്നതാണ് കോൺഗ്രസിന്‍റെ ആവശ്യം. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് സി.ബി.ഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അദ്ദേഹത്തോട് മാപ്പ് പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരുക്കമാണോയെന്ന് ഹസന്‍ ചോദിച്ചു. തനിക്കെതിരായ എല്ലാ അന്വേഷണവും നേരിട്ട ഉമ്മന്‍ ചാണ്ടി മാതൃകയാണ്. എന്നാല്‍, സ്വര്‍ണക്കടത്ത് അടക്കമുള്ള ആരോപണങ്ങളില്‍ അന്വേഷണത്തിന് പിണറായി തയാറാകത്തത് അപലപനീയമാണ്.
അരിയിൽ ഷുക്കൂർ വധക്കേസിൽ പി.കെ. കുഞ്ഞാലിക്കുട്ടി ഇടപെട്ടുവെന്ന ആരോപണത്തിൽ സുധാകരൻ പറഞ്ഞതിലെ ഉദ്ദേശ്യശുദ്ധിയിൽ സംശയമില്ലെന്ന് കുഞ്ഞാലിക്കുട്ടി യോഗത്തെ അറിയിച്ചു. സുധാകരന് സംഭവിക്കുന്നത് നാക്കുപിഴയാണെന്നും എ.കെ. ആന്റണി മതവിശ്വാസിയല്ല, എന്നാല്‍ മതേതര വാദിയാണെന്നും ഹസൻ കൂട്ടിച്ചേർത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

