ബി.ജെ.പി ജയിച്ചത് വർഗീയ ചേരിതിരിവ് നടത്തി, ഇടത് മുന്നണി ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് പ്രചരിപ്പിച്ചു -ഇ.പി. ജയരാജൻ
text_fieldsതിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്‍റെ പരാജയത്തെക്കുറിച്ച് പ്രതികരണവുമായി സി.പി.എം നേതാവ് ഇ.പി. ജയരാജൻ. എന്തുകൊണ്ടാണ് ഇത്തരമൊരു ഫലമുണ്ടായത് എന്ന് വിശദമായി പരിശോധിച്ച് വല്ല തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം തിരുത്തണമെന്ന് ഇ.പി. ജയരാജൻ പറഞ്ഞു.
ഇടതുപക്ഷ ജനാധിപത്യ മുന്നണി നല്ല നിലയിൽ ജയിച്ച് വരേണ്ടതാണ്. പക്ഷേ ദൗർഭാഗ്യകരമെന്ന് പറയട്ടെ ഫലം വ്യത്യസ്തമായി. ഇനി നമ്മുടെ മുന്നിലുള്ള പ്രശ്നം എന്തുകൊണ്ടാണ് ഇത്തരമൊരു ഫലമുണ്ടായത് എന്ന കാര്യത്തെക്കുറിച്ച് വളരെ വിശദമായി തന്നെ പരിശോധിച്ച് വല്ല തെറ്റുകളും പിശകുകളും സംഭവിച്ചിട്ടുണ്ടെങ്കിൽ അതെല്ലാം തിരുത്തിക്കൊണ്ട് കൂടുതൽ കരുത്തോട് കൂടി മുന്നോട്ട് പോകണം എന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത് -അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ ജനങ്ങൾക്ക് വേണ്ടി എന്താണ് ബി.ജെ.പി ചെയ്തിട്ടുള്ളത്? ബി.ജെ.പി ജയിച്ചുവന്നത് വർഗീയമായ ചേരിതിരിവ് നടത്തിയാണ്. ഇടത് മുന്നണി ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നത് എന്ന് ഭൂരിപക്ഷ സമുദായങ്ങൾക്കിടയിൽ പ്രാചരവേല നടത്തി വർഗീയ ധ്രുവീകരണം രൂപപ്പെടുത്തിയെടുത്തു. മറ്റൊരു ഭാഗത്ത് ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ ഇടതുപക്ഷത്തിനെതിരായി ശക്തമായ പ്രചാരവേല യു.ഡി.എഫും ബി.ജെ.പിയും നടത്തി -ജയരാജൻ കുറ്റപ്പെടുത്തി.
ആവശ്യമായ തിരുത്തൽ വരുത്തി എൽ.ഡി.എഫ് തിരിച്ചുവരും -പി. രാജീവ്
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായ തോൽവി അപ്രതീക്ഷിമാണെന്നും ആവശ്യമായ തിരുത്തൽ നടത്തി മുന്നണി തിരിച്ചുവരുമെന്നും മന്ത്രി പി. രാജീവ്. സർക്കാരിനെക്കുറിച്ച് എടുത്തുപറയാവുന്ന ആക്ഷേപങ്ങൾ ഒന്നും തന്നെയില്ല. യു.ഡി.എഫ് സർക്കാരുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പക്ഷെ അത് എന്തുകൊണ്ട് ജനങ്ങളിലേക്ക് എത്തിയില്ല എന്നതടക്കം പരിശോധിക്കും -അദ്ദേഹം പറഞ്ഞു.
കൊച്ചി കോർപറേഷൻ ഭരണം മികച്ചതാണെന്ന് കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും അഭിപ്രായപ്പെട്ടതാണ്. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ മുന്നേറാനായില്ല. എന്തെല്ലാം കാര്യങ്ങളാണ് തോൽവിയിലേക്ക് നയിച്ചതെന്ന് പരിശോധിക്കും. തൃപ്പൂണിത്തുറയിൽ ബി.ജെ.പി-യു.ഡി.എഫ് ധാരണയുണ്ടായോ എന്നത് പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

