കള്ളാടി ദുരന്തത്തിൽ സമിതി വിശദമായ അന്വേഷണം നടത്തണമെന്ന് പരിസ്ഥിതി സംഘടനകൾ
text_fieldsകൽപറ്റ: കളളാടിയിലുണ്ടായ ദുരന്തത്തിന് പിന്നാലെ തുരങ്കനിർമാണം നിർത്തിവെക്കാനും വിദഗ്ദ സമിതിയെ നിശ്ചിയിക്കാനുമുള്ള സർക്കാറിന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്ത് പരിസ്ഥിതി സംഘടനകൾ. കേന്ദ്രവനം- പരിസ്ഥിതി മന്ത്രാലയവും സുപ്രീം കോടതിയും കർശനമായി നൽകിയ ഉപാധികളുടെയും നിബന്ധനകളുടെയും ലംഘനത്തെക്കറിച്ചു മാത്രം അന്വേഷിച്ചാൽ പോരെന്നും തുരങ്ക നിർമിതിക്കു മുമ്പ് ലഭിക്കേണ്ട പരിസ്ഥിതി അനുമതിയടക്കമുളള വിവിധ ക്ലിയറൻസുകൾ നേടിയെടുക്കുന്നതിന് മുന്‍ സർക്കാരും പി.ഡബ്ല്യ.ഡി യും ഉദ്യോഗസ്ഥരും നടത്തിയ പ്രവൃത്തിയെക്കുറിച്ചും പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയ തെറ്റായ റിപ്പോർട്ടുകളെക്കുറിച്ചും സമിതി അന്വേഷിക്കണമെന്ന് സംഘടന ആവശ‍്യപ്പെട്ടു.
വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെയും കേരളത്തിലെ വിവിധ പരിസ്ഥിതി സംഘടനകളുടെയും ശാസ്ത്രജ്ഞന്മാരുടെയും കൂട്ടായ്മയായ കോഎക്സിസ്റ്റൻസ് കളക്ടീവ് വിഷയത്തിൽ നടപടി ആവശ‍്യപ്പെട്ട് കൊണ്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി.
സമിതിയിൽ പരിസ്ഥിതി ശാസ്ത്രജ്ഞന്‍മാരും വിദഗ്ദ്ധരും ഉണ്ടായിരിക്കണമെന്നും കത്തിൽ പറയുന്നു. പരിസ്ഥിതി ആഘാത നിർണയവും സാമൂഹികാഘാതനിർണയവും തെറ്റായാണ് നടത്തിയിട്ടുള്ളത്. വനം വകുപ്പടക്കമുള്ള വിവിധ വകുപ്പുകളിൽ തെറ്റായ റിപ്പോർട്ടുകൾ നൽകാൻ അന്നത്തെ സർക്കാർ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. പി.ഡബ്യൂ.ഡിയും അന്നത്തെ കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എന്‍ഞ്ചിനീയറും ചേർന്നാണ് ഗൂഢാലോചന നടത്തിയത്.
തുരങ്കം കടന്നുപോകുന്ന പ്രദേശം റെഡ് സോണിൽപ്പെട്ട പ്രദേശമാണെന്നും സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ സമിതിക്കും കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തിനും നൽകിയ റിപ്പോർട്ടിൽ മറച്ചുവെച്ചിരുന്നു. തുരങ്കത്തിന്‍റെ സാമൂഹിക ആഘാത പഠനം നടത്തിയത് ഒരു പാരലൽ കോളേജാണ്. ഇതിന്‍റെ ഭാഗമായുണ്ടായ ഗൂഢാലോചനയും സമിതി അന്വേഷിക്കണം.
പരിസ്ഥിതി ആഘാത നിർണയ സമിതിയിൽ സർക്കാർ നോമിനികൾ മാത്രമെ നിലവിൽ ഉള്ളൂ. ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി-വിദഗ്ദ്ധരുടെ അപര്യാപ്ത ബോധപൂർവ്വം സൃഷ്ടിച്ചതാണ്. നിലവിൽ ഇതിനെല്ലാം പരിഹാരം കണ്ടെത്തിയതിന് ശേഷം മാത്രമേ തുരങ്ക നിർമാണം തുടരുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാവൂ സംഘടനകൾ ആവശ‍്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

