Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുദ്ധം കൊണ്ട്...

യുദ്ധം കൊണ്ട് പരിഹരിക്കാവുന്നതല്ല പാരിസ്ഥിതിക സംഘര്‍ഷങ്ങള്‍-കെ. സഹദേവന്‍

text_fields
bookmark_border
യുദ്ധം കൊണ്ട് പരിഹരിക്കാവുന്നതല്ല പാരിസ്ഥിതിക സംഘര്‍ഷങ്ങള്‍-കെ. സഹദേവന്‍
cancel

കോഴിക്കോട് : യുദ്ധം കൊണ്ട് പരിഹരിക്കാവുന്നതല്ല പാരിസ്ഥിതിക സംഘര്‍ഷങ്ങളെന്ന് സാമൂഹിക പ്രവർത്തകനായ കെ. സഹദേവൻ. ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ കേന്ദ്ര വിഷയം എന്താണെന്നറിയാന്‍ വാര്‍ത്തകള്‍ക്കിടയിലൂടെ സഞ്ചരിക്കേണ്ടത് പ്രധാനമാണ്. ഭീകരവാദത്തിന്റെയും ആണവ മസില്‍പെരുക്കത്തിന്റെയും പശ്ചാത്തലത്തിലുള്ള "ഗ്വാ ഗ്വാ" വിളികള്‍ മാറ്റിവെച്ച്, വിഷയത്തെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസിലാക്കാന്‍ കഴിയുന്ന സുപ്രധാന വിഷയം ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ പൊതുവായി അനുഭവിക്കുന്നതും സമീപഭാവിയില്‍ തന്നെ കൂടുതല്‍ രൂക്ഷമാകാന്‍ പോകുന്നതുമായ ജലപ്രശ്‌നമാണെന്നും സഹദേവൻ കുറിച്ചു.

ഈ വിഷയത്തില്‍ കഴിഞ്ഞ ദശകത്തില്‍ എഴുതപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍ വരാനിരിക്കുന്ന ജലയുദ്ധത്തിന്റെ സാധ്യതകള്‍ തുറന്നുകാട്ടുന്നവയാണ്. ജല ലഭ്യതയെ സംബന്ധിച്ച ആശങ്കകള്‍ ഭൗമ രാഷ്ട്രീയത്തെ നിർണയിക്കുന്ന സുപ്രധാന വിഷയങ്ങളായി മാറുന്നുവെന്നതാണ് ഈ ഗ്രന്ഥങ്ങളൊക്കെ മുന്നറിയിപ്പ് നല്‍കുന്നത്.

പ്രശസ്ത ഭൗമരാഷ്ട്രതന്ത്രജ്ഞന്‍ ബ്രഹ്‌മ ചെല്ലാനി, 2013ല്‍ എഴുതിയ 'Water, Peace and War : Confronting the global water crisis' എന്ന ഗ്രന്ഥത്തിലും, ഇന്ത്യന്‍ കരസേനാ മേധാവിയായിരുന്ന ജനറല്‍ എസ് പത്മനാഭന്‍, 2017ല്‍ എഴുതിയ, 'Next China-India Water War : Worlds first water war -2029' എന്ന ഗ്രന്ഥത്തിലും ചൂണ്ടിക്കാട്ടുന്നത് മേഖലയിലെ ജല ദൗര്‍ലഭ്യത്തെയും അതുമായി ബന്ധപ്പെട്ട് ശക്തമാകാന്‍ പോകുന്ന സംഘര്‍ഷങ്ങളെക്കുറിച്ചാണ്.

എത്രയൊക്കെ മറച്ചുവെക്കാന്‍ ശ്രമിച്ചാലും പാരിസ്ഥിതിക തകര്‍ച്ചകളില്‍ നിന്നുടലെടുക്കുന്ന വിഭവ പ്രതിസന്ധി മറ നീക്കി പുറത്തുവരിക തന്നെ ചെയ്യുമെന്ന് തന്നെയാണ് പുതുതായി ഉടലെടുത്ത സംഭവ വികാസങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യ-പാക് സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം മാധ്യമങ്ങളുടെ സഹായത്തോടെ യുദ്ധോത്സുകത പടര്‍ത്താനും കപട ദേശീയബോധം പ്രചരിപ്പിക്കാനും ഭരണകൂടങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്നാലും സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ അടിസ്ഥാന കാരണങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ സാധ്യമല്ലെന്ന സ്ഥിതി സംജാതമായിരിക്കുകയാണ്.

സിന്ധു നദീ ജല കരാര്‍ ഇന്ത്യ ഏകപക്ഷീയമായി തള്ളിക്കളഞ്ഞതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവയുടേതായി പുറത്തുകഴിഞ്ഞു. അതിന്റെ നൈതിക പ്രശ്‌നങ്ങള്‍ക്കപ്പുറത്ത്, കരാര്‍ സസ്‌പെന്‍ഷന്‍ മേഖലയില്‍ സൃഷ്ടിക്കാനിരിക്കുന്ന ദീര്‍ഘകാല സംഘര്‍ഷങ്ങളെക്കുറിച്ച് വിവേകമതികള്‍ ആശങ്കാകുലരാണെന്ന് കാണാം.

സിന്ധു നദീ ജല തര്‍ക്കത്തിന് പിന്നിലെ യഥാർഥ കാരണം, രാജ്യങ്ങള്‍ അനുഭവിക്കുന്ന ജല ദൗര്‍ലഭ്യമാണെന്നും അതിന് ചാലകശക്തിയായി മാറിയിരിക്കുന്നത് കാലാവസ്ഥാ പ്രതിസന്ധിയാണെന്നുമുള്ള നിഗമനങ്ങള്‍ക്ക് ഇന്ന് ശാസ്ത്രീയാടിത്തറ വേണ്ടുവോളമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഹിന്ദുക്കുഷ് മേഖലയിലെ ഹിമപാളികളുടെ ഉരുക്കം കൂടുതല്‍ ശക്തിപ്രാപിക്കുന്നത് ഒരേ സമയം നദീതട വ്യവസ്ഥയില്‍ വന്‍തോതിലുള്ള വെള്ളപ്പൊക്കത്തിനും തുടര്‍ന്നുള്ള വരള്‍ച്ചക്കും കാരണമായി മാറുന്നുണ്ട്.

അന്താരാഷ്ട്ര കാര്‍ഷിക-ഭക്ഷ്യ സംഘടനയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ആഗോള ജനസംഖ്യയുടെ 18% ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ ആഗോള ജല വിഭവത്തിന്റെ കേവലം 4% മാത്രമേ ലഭ്യമായുള്ളൂ എന്നത് രാജ്യം നേരിടാന്‍ പോകുന്ന ജല ദൗര്‍ലഭ്യത്തിന്റെ ഗുരുതരാവസ്ഥയെ സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ ഭാവിയിലെ ജലാവശ്യവും ലഭ്യതയും തമ്മിലുള്ള വിടവ് സംബന്ധിച്ച് സി.ഡബ്ല്യു.എം.ഐ അടിസ്ഥാനമാക്കി നീതി ആയോഗ് 2019ല്‍ തയാറാക്കിയ കണക്കനുസരിച്ച്, 2030 ആകുമ്പോഴേക്കും രാജ്യത്തെ പ്രതിശീര്‍ഷ ജല ലഭ്യത (765ഘന മീറ്റര്‍/പ്രതിവര്‍ഷം)യും ആവശ്യകത (1498 ഘന മീ/പ്രതിവര്‍ഷം)യും തമ്മിലുള്ള വിടവ് ഏതാണ്ട് ഇരട്ടിയോടടുത്ത് വരും.

നിലവില്‍ ഇന്ത്യ-പാകിസ്ഥാന്‍-ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ജല സംഘര്‍ഷത്തിലേക്ക് ചൈന കൂടി കടന്നുവരുമ്പോള്‍ സംഘര്‍ഷത്തിന്റെ വ്യാപ്തിയും ആഘാതങ്ങളും എത്രത്തോളം വര്‍ധിക്കുമെന്നതിനെക്കുറിച്ച് ചിന്തിക്കാനുള്ള പ്രാപ്തിപോലും നമുക്കില്ലെന്നതാണ് വസ്തുത.

പാരിസ്ഥിതിക-കാലാവസ്ഥാ പ്രതിസന്ധികളോടുള്ള പ്രതികരണമെന്നത് നിലവിലുള്ള സാമ്പത്തിക-വികസന നയങ്ങളുടെ പുനഃപ്പരിശോധനയും അടിയന്തിര തിരുത്തല്‍ നടപടികളും ആകേണ്ടതുണ്ട്. മറിച്ച്, ആണവായുധങ്ങളടക്കമുള്ള ആയുധശേഖരങ്ങളുടെ വലുപ്പം ചൂണ്ടിക്കാട്ടി മഹത്വം വിളിച്ചുകൂവുന്നതിലല്ല വിവേകമെന്നും കെ. സഹദേവൻ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environmentalistwater problemK. Sahadevan
News Summary - Environmental conflicts cannot be resolved through war - K. Sahadevan
Next Story