Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോൺഗ്രസ് എം.പിമാർക്കും എം.എൽ.എമാർക്കുമെതിരെ വിമർശനവുമായി പരിസ്ഥിതി പ്രവർത്തകർ; എ.ഐ.സി.സിക്ക് പരാതി

text_fields
bookmark_border
കോൺഗ്രസ് എം.പിമാർക്കും എം.എൽ.എമാർക്കുമെതിരെ വിമർശനവുമായി പരിസ്ഥിതി പ്രവർത്തകർ; എ.ഐ.സി.സിക്ക് പരാതി
cancel

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് ജനപ്രതിനിധികൾ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും വന-വന്യജീവി നിയമങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി ആരോപിച്ച് ‘കോ-എക്സിസ്റ്റൻസ് കളക്ടീവ്’ എന്ന സംഘടന എ.ഐ.സി.സി നേതൃത്വത്തിനും കെ.പി.സി.സിക്കും പരാതി നൽകി. കോൺഗ്രസിന്റെ നയങ്ങൾക്കും പാരമ്പര്യത്തിനും വിരുദ്ധമായി പ്രവർത്തിക്കുന്ന ജനപ്രതിനിധികളെ നിയന്ത്രിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ഇടുക്കി എംപി ഡീൻ കുര്യാക്കോസ്, എം.എൽ.എമാരായ സേനാപതി വേണു, സന്ദീപ് വാര്യർ എന്നിവർക്കെതിരെയാണ് പ്രധാനമായും ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

വനം കൈയേറ്റക്കാരെയും നിയമവിരുദ്ധ ടൂറിസം ലോബിയെയും സഹായിക്കുന്ന നിലപാടാണ് ഡീൻ കുര്യാക്കോസ് എം.പി. സ്വീകരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. കാട്ടാനയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സന്ദർശിച്ചതും, വന്യജീവികളെ വെടിവെച്ചു കൊല്ലാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് പ്രചരിപ്പിക്കുന്നതും വനം കൊള്ളക്കാർക്ക് കുറ്റകൃത്യങ്ങൾ ചെയ്യാൻ ധൈര്യം നൽകുന്നതാണെന്ന് ഇവർ ആരോപിക്കുന്നു. കൂടാതെ, ആലുവ-മൂന്നാർ പഴയ റോഡ് തുറക്കണമെന്ന ആവശ്യം റിസോർട്ട് മാഫിയകളെ സഹായിക്കാനാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

വന-പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ കർഷകർക്ക് ദോഷകരമാണെന്നും, ഈ നിയമങ്ങൾ നടപ്പാക്കിയ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും കർഷക ശത്രുക്കളാണെന്നുമുള്ള ബി.ജെ.പിയുടെ വാദം കോൺഗ്രസ് ജനപ്രതിനിധികൾ ആവർത്തിക്കുന്നതിൽ സംഘടന ആശങ്ക രേഖപ്പെടുത്തി. നിയമങ്ങൾ അറബിക്കടലിൽ എറിയണമെന്ന എം.പിയുടെ പ്രസംഗം കോൺഗ്രസ് നയങ്ങൾക്ക് വിരുദ്ധമാണെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ചിന്നക്കനാൽ റിസർവ് ഫോറസ്റ്റിലെ മുഴുവൻ ആനകളെയും നാടുകടത്തുമെന്നസേനാപതി വേണു എം.എൽ.എയുടെ പ്രഖ്യാപനം അപ്രായോഗികവും വനനിയമങ്ങൾക്ക് വിരുദ്ധവുമാണെന്ന് പരാതിക്കാർ പറയുന്നു.

കാട്ടാനകളെ പിടികൂടി ക്ഷേത്രങ്ങൾക്ക് നൽകണമെന്ന സന്ദീപ് വാര്യർ എം.എൽ.എയുടെ ആവശ്യം പരിസ്ഥിതി നിയമങ്ങളെ ലംഘിക്കുന്നതാണെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

പരിസ്ഥിതി പ്രവർത്തകൻ എം.എൻ. ജയചന്ദ്രനെ ഉപരോധിച്ച സംഭവത്തെ പിന്തുണച്ച ജനപ്രതിനിധികളുടെ നടപടിയെയും കത്തിൽ രൂക്ഷമായി വിമർശിക്കുന്നു. വനവും പരിസ്ഥിതിയും സംരക്ഷിക്കാൻ മുൻകാലങ്ങളിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടുകളിൽനിന്ന് ഇവർ വ്യതിചലിക്കുകയാണെന്ന് കാണിച്ച് എം.എൻ. ജയചന്ദ്രൻ, എൻ. ബാദുഷ, അഡ്വ. സന്തോഷ്, വീണ മരുതൂർ, കെ.എ. സുലൈമാൻ, ടി.വി. രാജൻ, അൻവർ സാദത്ത്, എം. രമിത്ത് എന്നിവരാണ് കത്തിൽ ഒപ്പിട്ടിരിക്കുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Environmental activists file complaint to AICC against Congress MPs and MLAs for anti-environment activities
Next Story