Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിൽ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് പ്രവേശനം അനുവദിക്കില്ല; നിലപാട് ഹൈകോടതിയെ അറിയിച്ച് കേരള സർക്കാർ

text_fields
bookmark_border
news
cancel

കൊച്ചി: തമിഴ്‌നാട് സ്വദേശിയായ ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് ശബരിമലയിൽ ദർശനം നടത്താൻ അനുമതി നൽകുന്നതിനെ എതിർത്ത് കേരള സർക്കാർ. ലിംഗസ്വത്വം സ്ഥിരീകരിക്കുന്ന വ്യക്തമായ മെഡിക്കൽ അല്ലെങ്കിൽ ഔദ്യോഗിക സർട്ടിഫിക്കറ്റ് ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് സർക്കാർ ഹൈകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വീകരിച്ച നിലപാടിനൊപ്പം നിൽക്കുന്നതായും സർക്കാർ അറിയിച്ചു. ഹരജിക്കാരിയുടെ ശാരീരികമോ ജൈവപരമോ ആയ സവിശേഷതകൾ പരിശോധിച്ച് അവർ ട്രാൻസ്‌ജെൻഡർ വ്യക്തിയാണോ സ്ത്രീയാണോ എന്ന് നിർണയിക്കാൻ ദേവസ്വം ബോർഡിന് അധികാരമില്ലെന്നാണ് ബോർഡ് കോടതിയെ അറിയിച്ചത്.

കൃത്യമായ മെഡിക്കൽ പരിശോധനയും നിയമപരമായി അധികാരപ്പെട്ട മെഡിക്കൽ അതോറിറ്റി നൽകുന്ന ഔദ്യോഗിക സർട്ടിഫിക്കറ്റും ഇല്ലാതെ ദർശനത്തിന് അനുമതി നൽകാനാകില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. ആധികാരികമായ പരിശോധനയില്ലാതെ പ്രവേശനം അനുവദിക്കുന്നത് ശബരിമലയിലെ നിലവിലുള്ള ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിരുദ്ധമാകാമെന്നും ബോർഡ് ചൂണ്ടിക്കാട്ടി.

ദേവസ്വം ബോർഡിന്റെ നിലപാടിൽനിന്ന് വ്യത്യസ്തമായ സമീപനം സ്വീകരിക്കാൻ നിലവിൽ സർക്കാരിന് ഉദ്ദേശ്യമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ശബരിമലയിലെ പ്രവേശനവുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും അന്തിമവിധി വരാനിരിക്കുന്നതേയുള്ളൂവെന്നും സർക്കാർ വ്യക്തമാക്കി.

ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് ആവശ്യമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് ശബരിമലയിൽ തീർഥാടനം നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശിയായ സത്യശ്രീ ശർമിള റഹേമത്തലിയാണ് ഹൈകോടതിയെ സമീപിച്ചത്. ഹരജിയിൽ ഇവരെ സ്ത്രീ എന്ന അർഥത്തിലുള്ള 'ഷീ' എന്ന സർവനാമം ഉപയോഗിച്ചാണ് പരാമർശിച്ചിരിക്കുന്നത്.

അയ്യപ്പന്റെ ഭക്തയാണെന്നും ഈ വർഷം ജനുവരി മൂന്നിനും ഏപ്രിൽ 15നും ശബരിമലയിൽ എത്തി ദർശനം നടത്തിയിട്ടുണ്ടെന്നും ഹരജിക്കാരി അവകാശപ്പെട്ടിട്ടുണ്ട്. എന്നാൽ ഓഗസ്റ്റ് 20ന് ശബരിമലയിലേക്ക് പോകുന്നതിനിടെ പമ്പ ഗണപതി ക്ഷേത്രത്തിന് സമീപം പതിവ് പൊലീസ് പരിശോധനക്കിടെ ഇവരെ തടഞ്ഞു.

ശബരിമലയിലെ പ്രവേശനവുമായി ബന്ധപ്പെട്ട കർശന നിബന്ധനകൾ പൊലീസ് ഇവരെ അറിയിച്ചതായും സർക്കാർ കോടതിയിൽ വ്യക്തമാക്കി. തുടർന്ന് ഓഗസ്റ്റ് 26ന് തിരുവോണ ദിവസം ദർശനത്തിന് അനുമതി തേടി ചീഫ് സെക്രട്ടറി, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർക്ക് ഹരജിക്കാരി അപേക്ഷകൾ സമർപ്പിച്ചു.

പരിശോധനക്കിടെ തമിഴ്‌നാട്ടിലെ ബന്ധപ്പെട്ട അധികാരികൾ നൽകുന്ന മെഡിക്കൽ വിവരങ്ങളും ലിംഗമാറ്റവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാൻ പൊലീസ് നിർദേശിച്ചിരുന്നതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. ശബരിമലയിലെ പ്രായം, ലിംഗം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രവേശന ആചാരങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് രേഖകൾ ആവശ്യപ്പെട്ടതെന്നും സർക്കാർ വിശദീകരിച്ചു.

ശബരിമലയിലെ പ്രവേശന നിയന്ത്രണങ്ങൾ, ആചാരങ്ങൾ, മതപരമായ അനുഷ്ഠാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങൾ സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി. സുപ്രീംകോടതിയുടെ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ നിലവിലുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കേണ്ട ബാധ്യത ദേവസ്വം ബോർഡിനും ക്ഷേത്രഭരണസമിതിക്കുമുണ്ടെന്നും സർക്കാർ വ്യക്തമാക്കി.

ഈ സാഹചര്യത്തിൽ ഹരജിക്കാരി ആവശ്യപ്പെട്ടിരിക്കുന്ന ആനുകൂല്യങ്ങൾക്ക് അർഹയല്ലെന്നും ഹരജി തള്ളണമെന്നുമാണ് സർക്കാർ ഹൈകോടതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala: Entry will not be allowed for transgender individuals; Kerala government informs its stance to the High Court
Next Story