റോഷന്റെ ഒന്നാം റാങ്ക്: അമലാപുരത്തിന് അഭിമാനം
text_fieldsകാലടി (കൊച്ചി): കേരള എൻജിനീയറിങ് ആർക്കിടെക്ചർ ഫാർമസി പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കിന്റെ തിളക്കത്തിൽ അയ്യമ്പുഴ അമലാപുരം ഗ്രാമം. ഒന്നാം റാങ്ക് നേടിയ അമലാപുരം കാച്ചപ്പിള്ളി വീട്ടിൽ റോഷൻ രാജുവിന്റെ വീട്ടിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെ നിരവധി പേരാണ് മധുര പലഹാരങ്ങളുമായി ആശംസ അറിയിക്കാൻ എത്തുന്നത്. തുടർപഠനത്തിനായി മദ്രാസ് ഐ.ഐ.ടിയിൽ കമ്പ്യൂട്ടർ സയൻസിൽ അഡ്മിഷൻ എടുത്ത് ഇരിക്കുന്നതിനിടെയാണ് റാങ്ക് തിളക്കം. ജൂലൈ 30ന് അവിടെ ക്ലാസ് ആരംഭിക്കും.
ദിനേന കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചെങ്കിലും ഒന്നാം റാങ്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലന്നും റോഷൻ പറഞ്ഞു. പഠനത്തോടപ്പം ചെസ് ഫുട്ബാളും കളിക്കാറുണ്ടായിരുന്നു. 10ാം ക്ലാസ് വരെ മഞ്ഞപ്ര സെന്റ് പാട്രിക്സ് സ്കൂളിലും ഹയർ സെക്കൻഡറി കോട്ടയം മാന്നാനത്തുമാണ് പഠിച്ചത്. ഇതോടൊപ്പം പ്രവേശന പരീക്ഷ പരിശീലനവും നടത്തുന്നുണ്ടായിരുന്നു. സ്കൂൾ കാലം മുതൽ പഠനത്തിൽ മിടുക്കനായിരുന്നെങ്കിലും ഉന്നത റാങ്ക് പ്രതീക്ഷിച്ചില്ലന്നും ഏറെ സന്തോഷമുണ്ടെന്നും റോഷന്റെ പിതാവ് രാജു പറഞ്ഞു.
കാക്കനാട് കെ.എസ്.എഫ്.ഇയിൽ മാനേജരാണ് രാജു. മാതാവ് ജാസ്മിൻ ആലുവ ഗവ. സ്കൂൾ അധ്യാപികയാണ്. സഹോദരൻ റോഹൻ രാജു പ്ലസ് വൺ വിദ്യാർഥിയാണ്. മന്ത്രി റോജി. എം. ജോൺ വീട്ടിലെത്തി അഭിനന്ദനങ്ങൾ അറിയിച്ചു. പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിനിടെ റോഷൻ തന്റെ മണ്ഡലത്തിലുള്ളയാളാണെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

