എന്‍റെ കേരളം തലസ്ഥാനത്ത് തുടരുന്നു..!
text_fieldsരണ്ടാം പിണറായി സർക്കാറിന്‍റെ നാലാം വാർഷികത്തിന്റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്നിൽ നടക്കുന്ന എന്‍റെ കേരളം പ്രദർശന വിപണന മേള തുടരുന്നു. കഴിഞ്ഞ ദിവസരം ആരംഭിച്ച മേള മന്ത്രി വി. ശിവൻകുട്ടിയാണ് ഉദ്ഘാടനം ചെയ്‌തത്. മന്ത്രി ജി. ആർ. അനിൽ അധ്യക്ഷനായിരുന്നു. തൊഴിൽവകുപ്പിന്‍റെ ഒൻപത് വർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തിയ പുസ്‌തകം രണ്ട് മന്ത്രിമാരും ചേർന്ന് പ്രകാശനം ചെയ്തു. എ.എ. റഹീം എംപി, എംഎൽഎമാരായ ആന്‍റണി രാജു, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യാ രാജേന്ദ്രൻ, കളക്‌ടർ അനുകുമാരി, സബ്‌കളക്‌ടർ ഒ.വി. ആൽഫ്രഡ്, എ.ഡി.എം ബീന പി. ആനന്ദ് തുടങ്ങിയവരും പങ്കെടുത്തു.
പ്രദർശന വിപണന മേളയിൽ വിവിധ വകുപ്പുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൾപ്പെടെ ഇരുനൂറോളം സ്റ്റാളുകൾ സജ്ജീകരിച്ചിട്ടുണ്ട്. മേളയിൽ ജയിൽവകുപ്പിന്‍റെ സ്റ്റാളിൽ ഒരുക്കിയിട്ടുള്ള സെൻട്രൽ ജയിലും ഇരട്ട കഴുമരവും പൂജപ്പുര സെൻട്രൽ ജയിലിന്റെ മിനിയേച്ചർ രൂപവുമെല്ലാം ശ്രദ്ധേയമാകുന്നുണ്ട്. സെൻട്രൽ ജയിലിൻ്റെ മാതൃകയിലാണ് പ്രവേശനകവാടം ഒരുക്കിയിരിക്കുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലുള്ള ഇരട്ട കഴുമരവും യഥാർഥ തൂക്കുകയറും ഡമ്മി പ്രതിമയും ഇവിടെ കാണാം. ജയിലിൽ മൂന്ന് സെല്ലുകളാണൊരുക്കിയിട്ടുള്ളത്.
വിവിധ ആയുധങ്ങൾ, തടവുകാരും ബന്ധുക്കളുമായി ആശയവിനിമയം നടത്തുന്ന ആധുനിക കൂടിക്കാഴ്ച്‌ചാകേന്ദ്രം, സെല്ലുകൾ, ബാരക്കുകൾ എന്നിവയും സ്റ്റാളിൽ സജ്ജീകരിച്ചിട്ടുണ്ട്. വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ജയിൽ അന്തേവാസികളാണ് മാതൃകാ ജയിൽ തയ്യാറാക്കിയത്. പിആർജി പവിലിയനിൽ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് നങ്കൂരമിട്ട മദർഷിപ്പിൻ്റെ മാതൃക കാണാം. രാവിലെ ഒൻപതുമുതൽ രാത്രി ഒൻപതുവരെ നടക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്. എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. മെയ് 23ന് മേള സമാപിക്കുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

