എന്‍റെ കേരളം കൊല്ലത്തും പ്രദർശന മേള തുടങ്ങി
text_fieldsസംസ്‌ഥാന സർക്കാരിന്‍റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 20 വരെ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് ഇന്ന് തുടക്കമായി. മന്ത്രി കെ.എൻ.ബാലഗോപാൽ പ്രദർശനം ഉദ്ഘാടനം ചെയ്തു. എസ്.എൻ. ഓപ്പൺ സർവകലാശാലയുടെ ആസ്‌ഥാന മന്ദിരത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ഈ വർഷം തന്നെ ആരംഭിക്കുമെന്നും ഒരു സാമ്പത്തിക പ്രതിസന്ധിയും അതിന്റെ നിർമാണത്തിനു തടസ്സമാകില്ലെന്നും മന്ത്രി പറഞ്ഞു.
സർക്കാർ കഴിഞ്ഞ ഒൻപതുവർഷം ജില്ലയിൽ നടപ്പാക്കിയ വികസന, ജനക്ഷേമ, സേവന പ്രവർത്തനങ്ങൾ അവതരിപ്പിക്കുന്ന മേളയിൽ വിസ്മയ, കൗതുകക്കാഴ്ചകൾക്കൊപ്പം എല്ലാ ദിവസവും വൈകീട്ട് കലാപരിപാടികളും ഉണ്ടാകുന്നതാണ്.
ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. 55000 ചതുരശ്ര അടി ശീതീകരിച്ച പവിലിയൻ ഉൾപ്പെടെ 79000 ചതുരശ്ര അടിയിലാണ് സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളും സൗജന്യസേവനങ്ങളും 156 തീം സ്റ്റാളുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും ഉത്പന്ന പ്രദർശനവും ന്യായവിലയ്ക്കുള്ള വിൽപ്പനയും ഉണ്ടാകും.
കേരളം കൈവരിച്ച നേട്ടങ്ങൾ അവതരിപ്പിക്കുന്ന വിവരപൊതുജനസമ്പർക്ക വകുപ്പിന്റെ പ്രദർശനം, കാർഷിക പ്രദർശന-വിപണനമേള, സാംസ്കാരിക കലാപരിപാടികൾ, ഭക്ഷ്യമേള, പുസ്‌തകമേള, കായികവിനോദവിജ്ഞാന പരിപാടികൾ, കാരവൻ ടൂറിസം പ്രദർശനം, സ്റ്റാർട്ടപ്പ് മിഷൻ പ്രദർശനം, ശാസ്ത്ര സാങ്കേതിക പ്രദർശനങ്ങൾ, സ്പോർട്‌സ് പ്രദർശനം, പോലീസ് ഡോഗ് ഷോ, മിനി തിയേറ്റർ ഷോ, ആധുനിക സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുന്ന പ്രദർശനം, കായികവിനോദ മേഖല, തത്സമയ മത്സരങ്ങൾ, ക്വിസ്, ഇതര ആക്ടിവിറ്റി കോർണറുകൾ, സെൽഫി പോയിൻ്റുകൾ എന്നിവ മേളയെ ആകർഷകമാക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.