'പരിഷ്കാരിയായി' ജല അതോറിറ്റി; 'വെള്ളക്കരം' വേണ്ട 'വാട്ടർ ചാർജ്' മതി
text_fieldsതിരുവനന്തപുരം: ഇംഗ്ലീഷ് ഭാഷ പ്രേമം തലക്ക് പിടിച്ചപ്പോൾ ഭരണഭാഷയായ മലയാളത്തിന് ജല അതോറിട്ടിയിൽ വിലക്ക്. കേരളത്തിൽ കാലങ്ങളായി ഉപയോഗിക്കുന്ന 'വെള്ളക്കരം' എന്ന വാക്കിനാണ് അതോറിട്ടി നിരോധനം ഏർപ്പെടുത്തിയത്.
കേരള വാട്ടർ അതോറിറ്റി (കെ.ഡബ്ല്യു.എ)യുടെ ഇനി മുതലുള്ള എല്ലാ കത്തിടപാടുകളിലും ചർച്ചകളിലും 'വെള്ളക്കരം' എന്ന വാക്കിനു പകരം 'വാട്ടർ ചാർജ്' എന്ന ഇംഗ്ലീഷ് വാക്ക് മാത്രം ഉപയോഗിക്കേണ്ടതാണെന്ന് നിർദേശിച്ച് അതോറിട്ടി അക്കൗണ്ട്സ് മെംബർ വി. രാമസുബ്രഹ്മണി സർക്കുലർ പുറത്തിറക്കി. ഇത് കർശനമായി പാലിക്കുന്നുണ്ടെന്ന് എല്ലാ ഉദ്യോഗസ്ഥരും ഉറപ്പുവരുത്തേണ്ടതാണെന്നും ആഗസ്റ്റ് 20 ന് പുറത്തിറക്കിയ സർക്കുലർ നിർദേശിക്കുന്നു.
കെ.ഡബ്ല്യു.എയുടെ കത്തിടപാടുകളിൽ വെള്ളക്കരം എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കുന്നെന്നും ഇത് പൊതുസമൂഹത്തിൽ തെറ്റായ സന്ദേശം നൽകുമെന്ന് ബോധ്യമായതിനാൽ ഇൗ വാക്ക് ഉപയോഗിക്കുന്നതിൽ ബോർഡ് അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നെന്നും പറയുന്നു.
എല്ലാ സർക്കാർ ഒാഫിസുകളിലും പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും ഭരണഭാഷയായ മലയാളം ഉപയോഗിക്കണമെന്ന സർക്കാർ തീരുമാനം വെള്ളത്തിലൊഴുക്കിയാണ് ഇൗ തീരുമാനം. നീണ്ട വർഷങ്ങളായി വെള്ളക്കരം എന്ന വാക്കാണ് ഉപയോഗിക്കുന്നത്.
എന്നാൽ, താരീഫ് അടിസ്ഥാനത്തിൽ, ഉപയോഗിക്കുന്ന കുടിവെള്ളത്തിെൻറ നിരക്ക് നിശ്ചയിക്കുന്നതിനാൽ വെള്ളക്കരം എന്ന പൊതു വാക്ക് വേണ്ടന്ന നിർദേശം ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസാണ് മുന്നോട്ട്വെച്ചത്.
അതോറിട്ടിയുടെ മാസികയിൽ വെള്ളക്കരം എന്ന വാക്ക് ഉപയോഗിക്കുന്നത് വിലക്കിയ ഇദ്ദേഹത്തിെൻറ നിർബന്ധത്തിന് വഴങ്ങിയാണ് ഇംഗ്ലീഷ് വാക്കായ വാട്ടർ ചാർജ് ഉപയോഗിക്കാൻ തീരുമാനിച്ചത്.
കുടിവെള്ള നിരക്ക്, കുടിവെള്ള തുക, ജല നിരക്ക് എന്നീ വാക്കുകൾ പ്രയോഗത്തിലിരിക്കെയാണ് ഇൗ ഭാഷാ അട്ടിമറി.