എൻജിനീയർമാർക്ക് വിമർശനം; റോഡിൽ പൊലിഞ്ഞവരുടെ ഉറ്റവരുടെ വിഷമം കണ്ണുതുറപ്പിക്കാത്തതെന്തെന്ന് ഹൈകോടതി
text_fieldsകൊച്ചി: കുഴിനിറഞ്ഞ റോഡുകളിൽ വീണ് ജീവൻ പൊലിയുന്നവരുടെ ഉറ്റ ബന്ധുക്കളുടെ വിഷമങ്ങൾ പോലും അധികൃതരുടെ കണ്ണ് തുറപ്പിക്കാത്തതെന്തെന്ന് ഹൈകോടതി. റോഡുകളിൽ അപകടങ്ങളും മരണങ്ങളും വർധിക്കുമ്പോഴും ബന്ധപ്പെട്ട എൻജിനീയർമാർ നിഷ്ക്രിയത്വം പാലിക്കുന്നതിനെ വിമർശിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. ഇനി അപകടങ്ങളുണ്ടായാൽ എൻജിനീയർമാർ നേരിട്ട് ഹാജരായി വിശദീകരണം നൽകേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹരജികളാണ് കോടതി പരിഗണിച്ചത്. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
തൃശൂരിൽ വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് ബൈക്ക് യാത്രികർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ വിമർശനം. റോഡിലൊഴുകുന്ന ചോരയും അനാഥരാകുന്ന കുടുംബങ്ങളുടെ കണ്ണീരുമാണ് ഇങ്ങനെ പറയാൻ കോടതിയെ പ്രേരിപ്പിക്കുന്നത്. എന്നാൽ, ഇവരുടെ വിഷമങ്ങൾ നെഞ്ചേറ്റാനും കണ്ണുതുറന്ന് കാണാനും അധികൃതർ തയാറല്ല. സംസ്ഥാനത്തെ മിക്ക റോഡുകളും കുഴികൾ നിറഞ്ഞ് അപകടാവസ്ഥയിലാണ്. അതേസമയം, ഇതെല്ലാം പരിശോധിച്ച് പരിഹരിക്കാൻ ബാധ്യസ്ഥരായ എൻജിനീയർമാരെ കാണാനേയില്ല. കുഴിയുണ്ടായിട്ട് മൂടുന്നതല്ല, അതുണ്ടാകാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് തടയുന്നതാണ് എൻജിനീയറുടെ കഴിവ്. ഈ എൻജിനീയർമാർക്ക് എന്തിനാണ് ശമ്പളം നൽകുന്നതെന്നും കോടതി വാക്കാൽ ചോദിച്ചു.
തൃശൂരിലെ രണ്ടാമത്തെ അപകടം ഓവർടേക്കിങ്ങിനിടെ ബൈക്ക് തെന്നിയുണ്ടായതാണെന്ന സർക്കാർ വിശദീകരണത്തിന്, കുഴി മൂലമുണ്ടായ ആദ്യ സംഭവത്തിൽപോലും തുടർനടപടിയുണ്ടായില്ലെന്നായിരുന്നു കോടതിയുടെ മറുപടി. ചൊവ്വാഴ്ച ഹരജി പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കണം. കുഴി നിറഞ്ഞ റോഡിലൂടെ ഇരുചക്ര വാഹനയാത്ര അതി ദുഷ്കരമാണ്. ഹെൽമെറ്റ് നിർബന്ധമാക്കിയ സർക്കാർ, റോഡിലെ കുഴികൾ മൂലമുണ്ടാകുന്ന മരണങ്ങൾക്കും പരിക്കുകൾക്കുംകൂടി മറുപടി പറയണം. ഇപ്പോഴും റോഡുകൾ നന്നാക്കാൻ നടപടികളെടുത്തിട്ടില്ല. ഇനിയും മരണങ്ങളുണ്ടാകാൻ കാത്തിരിക്കുകയാണോയെന്നും കോടതി ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

