ന്യൂജൻ ലഹരിമരുന്നുമായി എൻജി. ബിരുദധാരി പിടിയിൽ
text_fields
കോഴിക്കോട്: യുവാക്കൾക്കും വിദ്യാർഥികൾക്കും വിൽപനക്കായി എത്തിച്ച ലക്ഷക്കണക്കിന് രൂപ വിലവരുന്ന ന്യൂജൻ ലഹരിമരുന്നുകളുമായി എൻജിനീയറിങ് ബിരുദധാരി പിടിയിൽ. എരഞ്ഞിപ്പാലത്തെ അലയൻസ് ഹോംസിൽ താമസിക്കുന്ന വെള്ളിമാട്കുന്ന് സ്വദേശി ഖാൻസ് ഹൗസിൽ മുഹമ്മദ് സാക്കിബിനെയാണ് (20) ടൗൺ പൊലീസും കോഴിക്കോട് ഡിസ്ട്രിക്ട് ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും ചേർന്ന് സൗത്ത് ബീച്ച് പരിസരത്തുനിന്ന് പിടികൂടിയത്. നിരോധിത ന്യൂജൻ ലഹരിമരുന്നുകളായ എം.ഡി.എം.എ എക്സ്റ്റസി പിൽസ് 50 എണ്ണം, സ്റ്റാമ്പ് രൂപത്തിലുള്ള എൽ.എസ്.ഡി 25 എണ്ണം, ഹഷീഷ് 50 ഗ്രാം എന്നിവയാണ് ഇയാളിൽനിന്ന് കണ്ടെടുത്തത്.
രണ്ടുവർഷത്തോളമായി ലഹരിമരുന്ന് ഉപയോഗിക്കുന്ന പ്രതി അതിന് ആവശ്യമായ പണം കണ്ടെത്താനാണ് മയക്കുമരുന്ന് കച്ചവടത്തിലേക്ക് കടന്നതെന്നും ഏതാനും ദിവസം മുമ്പ് ഗോവയിൽ വിനോദയാത്രക്കു പോയ സമയത്താണ് ഇൗ ലഹരിവസ്തുക്കൾ കേരളത്തിലേക്ക് കൊണ്ടുവന്നതെന്നും പൊലീസ് പറഞ്ഞു.
ജില്ലയിലെ യുവതീ യുവാക്കൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗം കൂടിവരുന്ന സാഹചര്യത്തിൽ ജില്ല പൊലീസ് മേധാവി എസ്. കാളിരാജ് മഹേഷ്കുമാറിെൻറ മേൽനോട്ടത്തിൽ നോർത്ത് അസി. കമീഷണർ ഇ.പി. പൃഥ്വിരാജെൻറ നേതൃത്വത്തിലുള്ള ജില്ല ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സ് മയക്കുമരുന്നുവേട്ട സജീവമാക്കിയിട്ടുണ്ട്. ജില്ലയിൽ ഈ വർഷം ഇതുവരെയായി 60 കിലോയോളം കഞ്ചാവ്, 500 ഗ്രാം ബ്രൗൺഷുഗർ, അമ്പതിലധികം എം.ഡി.എം.എ എക്സ്റ്റസി ഗുളികകൾ, 8000ത്തിലധികം മറ്റു ലഹരിഗുളികകൾ, 50 ഗ്രാം ഹഷീഷ്, 25 എൽ.എസ്.ഡി സ്റ്റാമ്പുകൾ തുടങ്ങിയവ ഇതിനകം സ്ക്വാഡ് പിടിച്ചെടുത്തു. ടൗൺ സി.ഐ എ. ഉമേഷിെൻറ മേൽനോട്ടത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ലക്ഷ്യമിടുന്നത് പുതുമ തേടുന്നവരെ
കോഴിക്കോട്: ലഹരിയിൽ പുതുമ തേടുന്നവരെ ലക്ഷ്യമിട്ട് മയക്കുമരുന്ന് മാഫിയ. അതിനായി ന്യൂജൻ ലഹരി ഉൽപന്നങ്ങളാണ് ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നായി കോഴിക്കോട് ഉൾപ്പെടെ നഗരങ്ങളിലേക്ക് എത്തിക്കുന്നത്. പൊലീസ് നടപടി ശക്തമാക്കിയതോടെ ഇൗ രംഗത്തുണ്ടായിരുന്ന പലരും ജയിലിലായിരുന്നു.
എന്നാൽ, കോളജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള സംഘം ലഹരി വാഹകരായി പ്രവർത്തിക്കുകയാണ്. ചെറിയതോതിൽ ലഹരി ഉപയോഗിച്ചുതുടങ്ങുന്നവർക്ക് പണം വാങ്ങാതെ ലഹരിനൽകി വിൽപനക്കാരാക്കുകയാണ് ചെയ്യുന്നത്. അടുത്തിടെ, പൊലീസ് നടത്തിയ മയക്കുമരുന്നുവേട്ടകളിൽ പിടിയിലായവരുടെ മൊഴികളെല്ലാം ഇത് ശരിവെക്കുന്നു. കഞ്ചാവുപോലുള്ള മയക്കുമരുന്നുകളുമായി താരതമ്യപ്പെടുത്തുേമ്പാൾ സൗകര്യപ്രദവും രക്ഷിതാക്കൾക്കും അധ്യാപകർക്കും മറ്റും സംശയത്തിന് ഇടനൽകില്ല എന്നതുമാണ് എൽ.എസ്.ഡി, എം.ഡി.എം.എ എക്സ്റ്റസി തുടങ്ങിയ ലഹരിപദാർഥങ്ങൾക്ക് ആവശ്യക്കാരേറെയുണ്ടാകാൻ കാരണം. വീര്യംകൂടിയ ലഹരി ദീർഘസമയത്തേക്ക് ലഭിക്കും.
ഗോവ, ബംഗളൂരു എന്നിവിടങ്ങളിൽ പോയിവരുന്ന യുവാക്കളാണ് ഇവ കേരളത്തിലേക്ക് എത്തിക്കുന്നത്. നിശാപാർട്ടികളിലും മറ്റും ദീർഘസമയം മതിമറന്ന് നൃത്തം ചെയ്യാനാണ് ഇവ ഉപയോഗിക്കുന്നത്. എം.ഡി.എം.എ എക്സ്റ്റസിയുടെ അമിത ഉപയോഗത്തെതുടർന്ന് കഴിഞ്ഞവർഷം ഗോവിന്ദപുരത്തെ ലോഡ്ജിൽ കോളജ് വിദ്യാർഥി മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
