എൻജിനീയറിങ് പ്രവേശനം കേന്ദ്രീകൃത സ്പോട്ട് അഡ്മിഷനില്ല; വഴിയടഞ്ഞ് വിദ്യാർഥികൾ
text_fieldsതിരുവനന്തപുരം: സർക്കാർ എൻജിനീയറിങ് കോളജുകളിലെ ഒഴിവുള്ള ബി.ടെക് സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ ഒഴിവാക്കി സർക്കാർ. പകരം ഓരോ കോളജുകളിലും പ്രത്യേകം സ്പോട്ട് അഡ്മിഷൻ നടത്താനാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതോടെ മികച്ച കോളജുകളിൽ പ്രവേശനം നേടാനുള്ള വിദ്യാർഥികളുടെ അവസരമാണ് അടയുന്നത്. കഴിഞ്ഞ വർഷം വരെ തൃശൂർ ഗവ. എൻജിനീയറിങ് കോളജിലാണ് ഒമ്പത് സർക്കാർ എൻജിനീയറിങ് കോളജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് കേന്ദ്രീകൃത സ്പോട്ട് അഡ്മിഷൻ നടത്തിയിരുന്നത്. ഇതുവഴി ഒമ്പത് കോളജുകളിൽ ഏതിലും ഒഴിവുണ്ടായാൽ വിദ്യാർഥികൾക്ക് ഒറ്റ കേന്ദ്രത്തിൽവെച്ച് തന്നെ പ്രവേശനം നേടാൻ കഴിയുമായിരുന്നു.
എന്നാൽ, ഇത്തവണ ആഗസ്റ്റ് 11ന് തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ (സി.ഇ.ടി) ഒഴിവുള്ള സീറ്റിലേക്ക് ആദ്യം സ്പോട്ട് അഡ്മിഷൻ നടക്കും. തുടർന്ന് 13ന് തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിങ് കോളജ്, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പാലക്കാട് ഗവ. എൻജിനീയറിങ് കോളജ്, കോഴിക്കോട് ഗവ. എൻജിനീയറിങ് കോളജ്, കണ്ണൂർ ഗവ. എൻജിനീയറിങ് കോളജ്, വയനാട് ഗവ. എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ വെവ്വേറെ സ്പോട്ട് അഡ്മിഷൻ നടക്കും. 14ന് ഇടുക്കി ഗവ. എൻജിനീയറിങ് കോളജിലും.
13ന് ഏഴ് കോളജുകളിൽ സ്പോട്ട് അഡ്മിഷൻ നടക്കുന്നുണ്ടെങ്കിലും വിദ്യാർഥിക്ക് ഏതെങ്കിലും ഒരു കോളജിൽ മാത്രമേ പങ്കെടുക്കാനാകൂ. സ്പോട്ട് അഡ്മിഷൻ നടപടികൾ തുടങ്ങുമ്പോൾ മാത്രമേ പ്രവേശന സാധ്യത മനസ്സിലാകൂ എന്നതിനാൽ ഏതെങ്കിലും കോളജ് തെരഞ്ഞെടുത്ത് പോകാനും കഴിയില്ല.
അതേസമയം, എൻജിനീയറിങ് പ്രവേശനം അവസാനിപ്പിക്കാൻ അഖിലേന്ത്യ സാങ്കേതിക വിദ്യഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ) നിശ്ചയിച്ച സമയപരിധി ആഗസ്റ്റ് 14 ആയതാണ് ഇത്തവണ കേന്ദ്രീകൃത സ്പോട്ട് പ്രവേശനത്തിന് തടസ്സമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റും നൽകുന്ന വിശദീകരണം. 14ന് ശേഷം ഒഴിവുള്ള സീറ്റുകൾ നികത്താൻ സാധിക്കാതെ വരുന്ന പ്രത്യേക സാഹചര്യത്തിലാണ് കോളജ്തലത്തിൽ സ്പോട്ട് അഡ്മിഷൻ നടത്താൻ തീരുമാനിച്ചതെന്നും സർക്കാർ വിശദീകരിക്കുന്നു. മുൻ വർഷങ്ങളിൽ പ്രവേശന തിയതി അവസാനിക്കുന്ന പ്രതിസന്ധി നേരിട്ടപ്പോൾ എ.ഐ.സി.ടി.ഇക്ക് പ്രത്യേകം കത്ത് നൽകി സമയം നീട്ടിവാങ്ങിയിരുന്നു. ഇത്തവണ അതിനുള്ള ശ്രമം നടന്നില്ലെന്നും പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

