രേഖകളിൽ വ്യക്തത വേണം; കെ.എം. ഷാജിയെ മൂന്നാംവട്ടവും ചോദ്യംചെയ്യാൻ ഇ.ഡി
text_fieldsകണ്ണൂർ: സ്കൂൾ കോഴയുമായി ബന്ധപ്പെട്ട പരാതിയിൽ കെ.എം. ഷാജി എം.എൽ.എ സമർപ്പിച്ച രേഖകളിൽ വ്യക്തത തേടി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഇതിനായി മൂന്നാംവട്ടവും ഷാജിയെ ചോദ്യംചെയ്യുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ചാർട്ടേഡ് അക്കൗണ്ടന്‍റ് വഴി ഷാജി രേഖകൾ സമർപ്പിച്ചിരുന്നു.
ഭൂമിയിടപാട്, വീട് നിര്‍മാണത്തിന് ചെലവഴിച്ച പണം, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കുടുംബാംഗങ്ങളുടെ അക്കൗണ്ടിലേക്ക് വന്ന പണം തുടങ്ങിയവയുടെ വിവരം നൽകാൻ ഇ.ഡി ആവശ്യപ്പെട്ടിരുന്നു. ഈ വിവരങ്ങളാണ് കഴിഞ്ഞ ദിവസം കൈമാറിയത്. എന്നാല്‍, നേരത്തെ നല്‍കിയ കണക്കുകളുടെ അനുബന്ധ വിവരങ്ങള്‍ മാത്രമാണെന്നും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയേണ്ടതുണ്ടെന്നുമാണ് ഇ.ഡി നിലപാട്.
രണ്ട് തവണയായി 25 മണിക്കൂറിലേറെ സമയം ഷാജിയെ ഇ.ഡി ചോദ്യംചെയ്തിരുന്നു.
2014ൽ കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെ.എം. ഷാജി എം.എല്‍.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പത്മനാഭനാണ് പരാതിക്കാരന്‍.