കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ വീണ്ടും വിളിപ്പിക്കാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി). ശനിയാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം അടുത്തയാഴ്ച വീണ്ടും എത്താനാണ് എൻഫോഴ്സ്മെൻറ് നിർദേശിച്ചത്. നിലവിലെ മൊഴി വിലയിരുത്തിയശേഷം വ്യക്തത വരുത്തുന്നതിനായിരിക്കും വീണ്ടും വിളിപ്പിക്കുക.
എൻഫോഴ്സ്മെൻറ് അസി.ഡയറക്ടർ പി.രാധാകൃഷ്ണെൻറ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലെ വിശദാംശങ്ങളാണ് പ്രധാനമായും ശിവശങ്കറിനോട് ചോദിച്ചത്. ശിവശങ്കർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ലോക്കർ തുറന്നതെന്ന ചാർട്ടേഡ് അക്കൗണ്ടൻറിെൻറ മൊഴിയാണ് ഇതിന് ആധാരം.
ചാർട്ടേഡ് അക്കൗണ്ടൻറിനോടൊപ്പം ജോയൻറ് അക്കൗണ്ടാണിത്. സ്വപ്നയുടെ മൊഴിയിൽനിന്ന് ലഭിച്ച വിവരങ്ങളും ചോദ്യം ചെയ്യലിൽ നിർണായകമാണ്. രണ്ട് ലോക്കറുകളിൽ നിന്നായി ഒരു കോടിയും ഒരു കിലോ സ്വർണവുമാണ് കണ്ടെടുത്തത്. ഇത് ശിവശങ്കറിെൻറ ബിനാമി ഇടപാടാണോ എന്നതിനെക്കുറിച്ച് എൻഫോഴ്സ്മെൻറ് വ്യക്തത വരുത്തും. ഒരു കോടി രൂപ സ്വപ്നക്ക് ലൈഫ് മിഷൻ വഴി കിട്ടിയ കമീഷനാണെന്ന വിലയിരുത്തലിെൻറ അടിസ്ഥാനത്തിലും ചോദ്യങ്ങളുയർന്നു.
ഔദ്യോഗിക വിദേശ യാത്രകൾക്കിടെ സ്വപ്നയുമായി യു.എ.ഇയിൽ െവച്ച് ശിവശങ്കർ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടോയെന്നതിനെ കുറിച്ചും വിശദീകരണം ചോദിച്ചു. സ്വപ്നയെക്കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നെന്നും ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാമായിരുന്നുവെന്നുമാണ് എൻഫോഴ്സ്മെൻറും വിലയിരുത്തുന്നത്. എൻ.ഐ.എക്കും കസ്റ്റംസിനും പിന്നാലെയാണ് എൻഫോഴ്സ്മെൻറും ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.