പാതിവില തട്ടിപ്പ് കേസ്: ഇ.ഡിയുടെ വരവിൽ ദുരൂഹത?
text_fieldsതിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വരവിൽ ദരൂഹത. നിലവിലെ അവസ്ഥയിൽ, രണ്ട് ഏജൻസികൾ സമാന്തരമായി അന്വേഷിക്കുന്നത് പ്രതികൾക്ക് സഹായകരമാകുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.
കള്ളപ്പണ, ചൂതാട്ടവിരുദ്ധ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി കേസെടുത്തത്. ഈ നിയമത്തിന്റെ ഭാഗമായി തട്ടിപ്പ് പണം ഉപയോഗിച്ച് സ്വത്ത് സമ്പാദിച്ചിട്ടുണ്ടെങ്കിൽ ഇ.ഡിക്ക് അത് കണ്ടുകെട്ടാനാവും. ആനന്ദകുമാർ പദ്ധതിയിലൂടെ എത്ര രൂപ കൈപ്പറ്റിയിട്ടുണ്ട്, സായി ഗ്രാം അക്കൗണ്ടുകളിലേക്ക് ഈ പണം വന്നിട്ടുണ്ടോ, ഈ പണം ഉപയോഗിച്ച് ഭൂമിയോ കെട്ടിടങ്ങളോ സ്വന്തമാക്കിയിട്ടുണ്ടോ ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾക്ക് പണം കൈമാറിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിച്ചത്. പ്രാഥമിക പരിശോധനയാണ് നടന്നതെന്നും കാര്യമായ തെളിവു ലഭിച്ചാൽ മാത്രമേ തുടരന്വേഷണമുണ്ടാകുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. അക്കൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ പരിശോധിക്കാൻ ബാങ്ക് ജീവനക്കാരുടെ സഹായവുമുണ്ടായിരുന്നു. കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ നിന്നുള്ള ഏഴ് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
അതേസമയം, എൻ.ജി.ഒ കോൺഫെഡറേഷൻ ചെയർമാനെന്ന നിലയിൽ മാസംതോറും ആനന്ദകുമാർ പണം കൈപ്പറ്റിയതായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. സി.എസ്.ആർ ഫണ്ട് ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തി പദ്ധതി തകരാനിടയാക്കിയത് ആനന്ദകുമാറാണെന്ന് മുഖ്യപ്രതി അനന്തുകൃഷ്ണന്റെ മൊഴിയുമുണ്ട്. എന്നിട്ടും കേരള പൊലീസ് ഇതുവരെ ആനന്ദകുമാറിനെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ തയാറായിരുന്നില്ല.
അതിനിടെയാണ് കേന്ദ്ര ഏജൻസിയായ ഇ.ഡിയുടെ വരവ് എന്നതും കേസിനെ കൂടുതൽ ദുരൂഹമാക്കുന്നു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിന് സമാനമായി ഈ കേസിലും രണ്ട് അന്വേഷണ ഏജൻസികളും സമാന്തരമായ അന്വേഷണം നടത്തുന്നത് പ്രതികൾക്ക് സഹായകമാകാനാണ് സാധ്യത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.