
മെഡിക്കൽ സീറ്റ് തട്ടിപ്പ്; കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യുന്നു
text_fieldsകോഴിക്കോട്: മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്തിനെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. കോഴിക്കോട് യൂനിറ്റ് ഒാഫിസിലാണ് ചോദ്യം ചെയ്യൽ.
വിദ്യാഭ്യാസ തട്ടിപ്പ് കേസിലെ പ്രതിയായ സിബി വയലിനെ ഇ.ഡി കഴിഞ്ഞദിവസം ചോദ്യം ചെയ്തിരുന്നു. സിബിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടാം തവണയാണ് ആര്യാടൻ ഷൗക്കത്തിനെ ചോദ്യം ചെയ്യുന്നത്. കേസിൽ പത്തുമണിക്കൂറോളം ആര്യാടൻ ഷൗക്കത്തിനെ ആദ്യം ചോദ്യം ചെയ്തിരുന്നു.
കോടികളുടെ വിദ്യാഭ്യാസ തട്ടിപ്പ് നടത്തിയ സിബി വയലിൽ മൂന്നു കോടി രൂപ കൈക്കൂലി നൽകി 'ഫുഡ‌് കോർപറേഷൻ ഓഫ‌് ഇന്ത്യയുടെ ബോർഡ‌് അംഗമെന്ന വ്യാജ മേൽവിലാസം സംഘടിപ്പിച്ചുവെന്ന് പരാതിയുയർന്നിരുന്നു.
സംസ്ഥാനത്തിന് പുറത്തും വിദേശരാജ്യങ്ങളിലും എം.ബി.ബി.എസ് പഠനത്തിന് അഡ്മിഷൻ ശരിയാക്കുമെന്ന് കാണിച്ച് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലെ രക്ഷിതാക്കളിൽനിന്ന് കോടികൾ തട്ടി എന്നാണ് കേസ്. കഴിഞ്ഞ നവംബറിലാണ് കേസിൽ സിബി അറസ്റ്റിലായത്. ആര്യാടൻ ഷൗക്കത്ത് നിലമ്പൂർ മുനിസിപ്പൽ ചെയർമാനായിരിക്കെ ലക്ഷക്കണക്കിന് രൂപയുടെ സ്പോൺസർഷിപ്പുകൾ നൽകിയിരുന്നു.
കഴിഞ്ഞ ലോക‌്സഭ തെരഞ്ഞെടുപ്പിൽ വയനാട‌് ണ്ഡലത്തിൽ മലയോര കർഷക മുന്നണി സ്ഥാനാർഥിയായിരുന്നു സിബി വയലിൽ. തെരഞ്ഞെടുപ്പ‌് സമയത്ത‌് ഇയാൾ സഞ്ചരിച്ചിരുന്നത‌് അശോകചിഹ്നം ഉൾപ്പെടുന്ന എഫ്.സി.ഐയുടെ ബോർഡ‌് വെച്ച കാറിലായിരുന്നു. തട്ടിപ്പുകേസിൽ പ്രതിയായ വ്യക്തി എഫ്.സി.ഐ ബോർഡ‌് വെച്ച കാറിൽ സഞ്ചരിക്കുന്നത‌് അന്വേഷിക്കണം എന്നാവശ്യപ്പെട്ട‌് നിലമ്പൂർ സ്വദേശിയായ സി.ജി. ഉണ്ണി മുഖ്യമന്ത്രിക്ക‌് പരാതി നൽകി. തുടർന്ന‌് ഡി.ജി.പിയുടെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ‌് തട്ടിപ്പ‌് പുറത്തുവന്നത്.