എൻഡോസൾഫാൻ ദുരിതബാധിതർ: വറചട്ടിയിൽനിന്ന് എരിതീയിലേക്ക്
text_fieldsഎൻഡോസൾഫാൻ ദുരിതബാധിത
പട്ടികയിലുള്ള ദേവ്നാഥ്
അമ്മ അരുണിയോടൊപ്പം
പ്രഫ. ഡോ. രവീന്ദ്രനാഥ ഷാൻബാഗ് നടത്തിയ പഠനപ്രകാരം അഞ്ചു തലമുറയോളം എൻഡോസൾഫാൻ പ്രയോഗിച്ചതിന്റെ ആഘാതമുണ്ടായേക്കുമെന്നാണ് കണ്ടെത്തിയത്. എന്നാൽ, 2011 ഒക്ടോബർ 25നുശേഷം ജനിച്ചവർ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടില്ലെന്നാണ് സർക്കാറിന്റെ പുതിയ ഉത്തരവിൽ പറയുന്നത്
കാസർകോട്: മണിപ്പാൽ ഫാർമക്കോളജി വിഭാഗം തലവനും മനുഷ്യാവകാശ പ്രവർത്തകനുമായ പ്രഫ. രവീന്ദ്രനാഥ ഷാൻബാഗ് നടത്തിയ പഠനപ്രകാരം, ഏകദേശം അഞ്ചു തലമുറയോളം എൻഡോസൾഫാൻ പ്രയോഗിച്ചതിന്റെ ആഘാതമുണ്ടായേക്കുമെന്നാണ് കണ്ടെത്തിയത്. എന്നാൽ, 2011 ഒക്ടോബർ 25നുശേഷം ജനിച്ചവർ ദുരിതബാധിത പട്ടികയിൽ ഉൾപ്പെടില്ലെന്നാണ് സർക്കാറിന്റെ പുതിയ ഉത്തരവിൽ പറയുന്നത്. എൻഡോസൾഫാന് കേരളത്തിൽ നിരോധനം വന്നത് 2005 ഒക്ടോബർ 25നാണെന്നും അതുകൊണ്ടുതന്നെ കീടനാശിനിയുടെ ദുരന്തഫലം ആറുവർഷം മാത്രമേ നീണ്ടുനിൽക്കുകയുള്ളൂവെന്നും ഉത്തരവിൽ വിശദീകരിക്കുന്നു.
കീടനാശിനിപ്രയോഗം നിർത്തി 11ാം വർഷം നടത്തിയ പരിശോധനയിൽ അതിന്റെ അംശം കണ്ടെത്തിയ റിപ്പോർട്ട് സർക്കാറിന്റെ കൈയിലിരിക്കെ, എങ്ങനെയാണ് ആറുവർഷത്തെ കണക്കുമായി പുതിയ ഉത്തരവുണ്ടാകുന്നത് എന്നത് ആശ്ചര്യമാണെന്നാണ് എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സമരസമിതി പറയുന്നത്. ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത് 2011ന് ശേഷവും ഒട്ടേറെ കുഞ്ഞുങ്ങൾ ദുരിതബാധിതരായി ജനിച്ചിട്ടുണ്ടെന്നാണ്. 6728 പേരാണ് ഇപ്പോൾ ദുരിതബാധിത പട്ടികയിലുള്ളത്. പലപ്പോഴും പല സമരങ്ങളും നടത്തിയതിന്റെ ഫലംകൂടിയാണ് വിദഗ്ധസമിതിയെ നിയോഗിച്ചതും പട്ടികയിൽ ദുരിതബാധിതരായ പലരേയും ഉൾപ്പെടുത്തിയതും. പുതിയ ഉത്തരവിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി എം.എൽ.എമാരുൾപ്പെടെ എതിരാണ്.
2017ലെ മെഡിക്കൽ ക്യാമ്പിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട് പട്ടികയിൽ ഉൾപ്പെടുത്തിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ അകാരണമായി ഒഴിവാക്കിയിരുന്നു. എൻഡോസൾഫാൻ ദുരന്തം ഒരു രാസദുരന്തമായിട്ടാണ് കാണേണ്ടത്. മനുഷ്യാവകാശ നിഷേധവും എൻഡോസൾഫാൻ ഇരകളോട് സമൂഹം കാട്ടുന്ന വിവേചനും വളരെ വലുതാണ്. ചികിത്സയടക്കം ഒരു സഹായവും ലഭിക്കാത്ത ആയിരക്കണക്കിനുപേർ പട്ടികയിൽ ഇടംനേടാതെ പുറത്തുണ്ട്. ലിസ്റ്റിൽപെട്ടവർതന്നെ ഒഴിവാക്കപ്പെടുകയുംചെയ്യുന്നു. ‘എൻഡോസൾഫാൻ സെല്ല് യോഗം വിളിച്ചിട്ട് ഒരുവർഷത്തോളമായി. സൗജന്യ മരുന്നും ഡയപ്പറും മറ്റും കിട്ടിയിട്ട് മാസങ്ങളായി. ഓരോന്ന് നിർത്തിനിർത്തി എല്ലാം ഒഴിവാക്കുകയാവും ഒടുവിൽ’ -എൻഡോസൾഫാൻ ദുരിധബാധിത കുടുംബത്തിലെ അമ്മമാർ സങ്കടം പറയുന്നു.
എൻഡോസൾഫാൻ വിഷയത്തിൽ അന്ന് ഡി.വൈ.എഫ്.ഐ സുപ്രീംകോടതിയിൽ അന്യായം ഫയൽ ചെയ്തതിനെത്തുടർന്ന് 2011 സെപ്റ്റംബർ 30നുണ്ടായ അന്തിമവിധിയിൽ എൻഡോസൾഫാൻ ഉൽപാദനവും ഉപയോഗവും രാജ്യത്ത് സമ്പൂർണമായി നിരോധിച്ചു. 2017 ഏപ്രിൽ അഞ്ചു മുതൽ ഒമ്പതുവരെ കാസർകോട് ജില്ലയിലെ ബദിയടുക്ക, ബോവിക്കാനം, പെരിയ, രാജപുരം, ചീമേനി എന്നീ സ്ഥലങ്ങളിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ നടന്നിരുന്നു. ക്യാമ്പിൽനിന്ന് 1905 ദുരിതബാധിതരെയാണ് കണ്ടെത്തിയത്. പിന്നീട് ഏകപക്ഷീയമായി 287 ആയി ചുരുക്കി. അങ്ങനെ നിരവധിയായ വെള്ളം ചേർക്കലുകൾ ഇതുസംബന്ധിച്ച് ഉണ്ടായിട്ടുണ്ട്. ഈ അനീതി ഒരു ഇടതുപക്ഷഭരണം അധികാരത്തിലിരിക്കുമ്പോൾ ഉണ്ടായിക്കൂട എന്നാണ് ചിലരെങ്കിലും പറയുന്നത്.
‘ഇനിയും കാലുപിടിക്കാൻ വയ്യ...’
‘‘ഇനിയും കാലുപിടിക്കാൻ വയ്യ സാറേ... നമ്മുടെ അവകാശത്തിനുവേണ്ടിയല്ലേ നമ്മൾ ചോദിക്കുന്നത്? ഇനിയും വയ്യ. പലരിൽനിന്നും നിങ്ങൾ കോടികൾ വാങ്ങിയില്ലേ എന്ന് കേൾക്കുമ്പോൾ ശരിക്കും പട്ടികയിൽ പെടേണ്ടായിരുന്നു എന്നാണ് തോന്നുന്നത്’’. മകന് ട്യൂബിൽ കൂടി അവന്റെ അന്നത്തെ ഭക്ഷണം ജ്യൂസുപോലെയാക്കി കൊടുക്കുന്നതിനിടയിൽ അരുണി പറഞ്ഞു. ‘ട്യൂബിലായതുകൊണ്ട് ഇൻഫെക്ഷൻ വരാതിരിക്കാൻ നല്ലവണ്ണം കെയർ ചെയ്യണം. മോൻ ഉറങ്ങുന്നത് പുലർച്ചെ രണ്ടും മണിക്കും മൂന്നു മണിക്കുമൊക്കെയാണ്. ഉറക്കം കുറയുന്നതുകൊണ്ടുതന്നെ പിറ്റേദിവസം ഫിക്സ് വരും, അതാണ് കൂടുതൽ വിഷമം. കണ്ടുനിൽക്കാനാവുന്നില്ല മോന്റെ അവസ്ഥ. പിന്നെ രണ്ടു മണിക്കൂർ കൂടുമ്പോൾ ഫുഡ് കൊടുക്കണം. അതും ജ്യൂസ് പോലെയാക്കിയിട്ടുവേണം’. എൻഡോസൾഫാൻ ദുരിതബാധിതൻ ദേവ്നാഥിന്റെ അമ്മയാണ് അരുണി.
ഭർത്താവ് ചന്ദ്രൻ കല്ലുംവണ്ടിയിൽ പോയി കിട്ടുന്നതാണ് സമ്പാദ്യം. ആഗസ്റ്റ് മുതലിങ്ങോട്ട് മരുന്നും മറ്റും തരുന്നില്ല. ഇപ്പോഴിതാ സർക്കാറിന്റെ പുതിയ ഉത്തരവ് വന്നിരിക്കുന്നു, 2011 ഒക്ടോബർ 25നുശേഷം ജനിച്ച കുട്ടികൾ ദുരിതബാധിത പട്ടികയിൽ പെടില്ലായെന്ന്. ഞങ്ങളെന്തു ചെയ്യും? ഇനിയാരോട് പറയും? ഇതിലും നല്ലത് ഞങ്ങളെ കൊല്ലുന്നതാണ്’’ -അരുണി മുഴുമിപ്പിച്ചത് കണ്ഠമിടറിയായിരുന്നു. ആരുടേയും കണ്ണലിയിക്കുന്ന കാഴ്ചകളാണ് ചുറ്റും. അരുണി മകനെ ഇന്നും മംഗളൂരുവിലുള്ള കെ.എം.സിയിലാണ് കാണിക്കുന്നത്. സർക്കാറിന്റെ ദുരിതബാധിത പട്ടികയിൽ പെടുന്നതുകൊണ്ടുതന്നെ ചികിത്സച്ചെലവില്ല. പക്ഷേ, യാത്രച്ചെലവടക്കം നല്ലൊരു തുക വേണം. കൂടാതെ മകനെ ചികിത്സക്ക് കൊണ്ടുപോകുമ്പോൾ ഭർത്താവ് ചന്ദ്രന് അന്ന് പണിക്ക് പോകാനും പറ്റില്ല. നിത്യച്ചെലവിന് കൂലിപ്പണിയെടുക്കുന്ന ചന്ദ്രന് സഹായത്തിന് വേറെയാരുമില്ല.
വിവാദ ഉത്തരവ് തീയിലിട്ട് അമ്മമാർ
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതത്തിന് കാലയളവ് രേഖപ്പെടുത്തി ആരോഗ്യ കുടുംബക്ഷേമ വകുപ്പിറക്കിയ ഉത്തരവ് കത്തിച്ച് അമ്മമാർ പ്രതിഷേധിച്ചു. എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധക്കൂട്ടായ്മ എഴുത്തുകാരൻ ഡോ. അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം ചെയ്തു. എൻഡോസൾഫാൻ പുനരധിവാസ പ്രവർത്തനങ്ങൾക്ക് വിലങ്ങായിത്തീരുന്ന ഉത്തരവ് പിൻവലിച്ച് ദുരിതബാധിതരുടെ ആശങ്കയകറ്റണമെന്ന് അദ്ദേഹം സർക്കാറിനോട് ആവശ്യപ്പെട്ടു.
അമ്മമാരുടെ പ്രതിഷേധങ്ങളെ അവഗണിക്കാനാണ് ഭാവമെങ്കിൽ സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റേണ്ടിവരുമെന്ന് മുനീസ അമ്പലത്തറ പറഞ്ഞു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ, കെ. ചന്ദ്രാവതി, രാജൻ കയ്യൂർ, ടി. ശോഭന, അബ്ദുൽഖാദർ ചട്ടഞ്ചാൽ, കൃഷ്ണൻ ബന്തടുക്ക, പി.യു. കുഞ്ഞികൃഷ്ണൻ, കെ. ബാലചന്ദ്രൻ, ഇ. തമ്പാൻ, ഹക്കീം ബേക്കൽ, എം.പി. ജമീല എന്നിവർ സംസാരിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി:
1978ലാണ് എൻഡോസൾഫാൻ കാസർകോട് പ്ലാന്റേഷൻ കോർപറേഷൻ തളിച്ചത്. 1998വരെ അവര് തളിച്ചു. അന്ന് സർക്കാർ ജീവനക്കാരിയായിരുന്ന ലീലാകുമാരിയാണ് അതിനെതിരെ ഹോസ്ദുർഗ് കോടതിയെ സമീപിച്ചത്. കോടതി അത് സ്റ്റേ ചെയ്തു. സ്റ്റേ ചെയ്തതിൽ പ്ലാന്റേഷൻ കോറപറേഷൻ വെക്കേറ്റ് ചെയ്തു. ’99ൽ അവർ വീണ്ടും ഹൈകോടതിയെ സമീപിച്ചു. ഹൈകോടതി അത് സ്റ്റേ ചെയ്തു. 1999ഓടുകൂടി എൻഡോസൾഫാൻ ഇവിടെ തളിക്കുന്നത് നിർത്തലാക്കി.
പിന്നെ തളിച്ചിട്ടില്ല. 11 വർഷത്തിനുശേഷം കേരള ഗവൺമെന്റ് ഒരു വിദഗ്ധ സമിതിയെ വെച്ചു. അതാണ് കെ. കൃഷ്ണന്റെ നേതൃത്വത്തിലുള്ള കോഴിക്കോട് മെഡിക്കൽ കോളജിലെ മൂന്നംഗ സമിതി. അവർ ഇവിടെ വന്ന് കാസർകോട്ടെ മണ്ണ്, ജലം, ഗർഭിണികളുടെ അടക്കമുള്ള രക്തം, ഒരുപാട് പരിശോധന നടത്തിയിട്ടാണ് അവർ പറഞ്ഞത്, ഇവിടെ മണ്ണിലും ജലത്തിലും രക്തത്തിലും കീടനാശിനിയുടെ അംശമുണ്ടായിട്ടുണ്ട് എന്ന്. അവർ പറഞ്ഞു, ഏതാണ്ട് പത്ത് കൊല്ലക്കാലം ഇതു നീണ്ടുനിൽക്കുമെന്ന്. അതിന്റെയടിസ്ഥാനത്തിലാണ് വിക്ടിംസ് ഉണ്ടാകുന്നത്. അങ്ങനെയാണ് ആറായിരത്തോളം പേർ പട്ടികയിൽപെട്ടത്. എൻഡോസൾഫാൻ ഇരകൾക്ക് ചികിത്സക്കാവശ്യമായ പണം, മരുന്ന് എന്നിവ കൊടുക്കണം.
ഇപ്പോൾ ഒമ്പതംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ട് അവരാണ് സർക്കാറിന് റിപ്പോർട്ട് കൊടുത്തത്. അവർ ഇവിടെ വരാതെയാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അവരോട് സർക്കാർ ഇങ്ങനെയൊരു റിപ്പോർട്ട് കൊടുക്കാൻ പറഞ്ഞിട്ടാണ് അവർ കൊടുത്തത്. ദയാഭായി സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരസമരം നടത്തിയപ്പോൾ മന്ത്രിമാർ ചില ഉറപ്പുകൾ നൽകിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. പാർലമെന്റ് നാലാം തീയതി തുടങ്ങുകയാണ്. അന്ന് ഈ വിഷയം ഉന്നയിക്കും. മനുഷ്യത്വരഹിതമായ സമീപനമാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ സ്വീകരിക്കുന്നത്. ഞാൻ എം.പി ആയപ്പോൾ ആദ്യമായി സഭയിൽ സംസാരിച്ചത് ഇതിനെപ്പറ്റിയാണ്.
ഇ. ചന്ദ്രശേഖരൻ എം.എൽ.എ:
പല പത്രക്കാരും എന്നെ സമീപിച്ചു; എനിക്കൊന്നേ പറയാനുള്ളൂ. കാസർകോട് ജില്ലയെ സംബന്ധിച്ചിടത്തോളം എൻഡോസൾഫാൻ ഇരകളുടെ പ്രശ്നം അതിഗൗരവമുള്ള കാര്യമാണ്. അത്തരമൊരു വിഷയത്തിൽ ഇങ്ങനെയൊരു നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിൽ കാസർകോട് ജില്ലക്കൊരു സെല്ലുണ്ട്. ആ സെല്ല് അടിയന്തരമായി യോഗംചേർന്ന് അതുസംബന്ധിച്ച് ചർച്ച നടത്തി വ്യക്തമായൊരഭിപ്രായം സർക്കാറിനെ അറിയിക്കണം.
എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ
സർക്കാറിന്റെ നിലപാട് എന്നുപറഞ്ഞാൽ എൻഡോസർഫാൻ ഇരകളോട് മാത്രമല്ല, അവശതയനുഭവിക്കുന്ന എല്ലാവരുടേയും ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുക എന്നതാണ് നയം. അതിന്റെ ഭാഗമായിട്ടാണ് ഇതും കാണേണ്ടത്. മാത്രമല്ല, എൻഡോസൾഫാൻ ലിസ്റ്റിലുള്ളവരെ ഒരു ന്യായീകരണവുമില്ലാതെ പുറത്താക്കിയതും ഇതാണ് കാണിക്കുന്നത്. എൻഡോസൾഫാൻ ദുരിതബാധിതരുടെ ലിസ്റ്റ് ഏത് പ്രകാരമാണെന്ന് സർക്കാർ അല്ലല്ലോ തീരുമാനിക്കേണ്ടത്, വിദഗ്ധ സമിതിയും ഡോക്ടർമാരുമല്ലേ. ഇത് അവധാനതയോടെ കൈകാര്യംചെയ്യേണ്ട വിഷയമായിരുന്നു. അത് സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. തീർച്ചയായും ഈ വിഷയം നിയമസഭയിൽ ഉന്നയിക്കും.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ (പീഡിത ജനകീയ മുന്നണി)
കേരള ആരോഗ്യവകുപ്പ് വീണ്ടും വിവാദ ഉത്തരവുമായി വന്നിരിക്കുകയാണ്. എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽ വിള്ളലുണ്ടാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. കാലങ്ങളായി എൻഡോസൾഫാൻ കീടനാശിനിയെ സംരക്ഷിക്കാനുള്ള വലിയ ലോഭികൾ പിന്നാമ്പുറങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. പലഘട്ടങ്ങളിൽ എൻഡോസൾഫാൻ പനരധിവാസപ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതിനുള്ള നീക്കങ്ങൾ നടന്നിരുന്നു. ഒരുഘട്ടത്തിൽ 11 പഞ്ചായത്തിലേക്ക് മാത്രം ചുരുക്കാൻ അവർ ശ്രമിച്ചു.
പിന്നീട് ജ. രാമചന്ദ്രൻ നായർ പ്ലാന്റേഷന് ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ളവരെമാത്രം ഇതിൽപെടുത്തിയാൽ മതി എന്നുള്ള ചില ശ്രമങ്ങൾ നടത്തുകയുണ്ടായി. ഇപ്പോഴിതാ 2011നുശേഷം ജനിക്കുന്ന കുട്ടികൾ ദുരിതബാധിത പട്ടികയിൽപെടില്ല എന്നും പറയുന്നു. യുക്തിക്ക് നിരക്കാത്ത സമീപനമാണ് ഇവർ നടത്തുന്നത്. ശാസ്ത്രീയമായ ഒരു പഠനവുമില്ലാതെയാണ് ഇങ്ങനെയൊരു വിചിത്ര ഉത്തരവിറക്കിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ സമരവുമായി പീഡിത ജനകീയ മുന്നണി മുന്നോട്ടുപോകും.
എം. രാജഗോപാലൻ എം.എൽ.എ
വിദഗ്ധ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. മെഡിക്കൽ വിഷയത്തിൽ ശാസ്ത്രീയമായ ഡിബേറ്റിൽ പോകാൻ കഴിയില്ല. അവർ പഠനത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത വർഷം കഴിഞ്ഞാൽ അതിന്റെ എഫക്ടില്ല എന്ന് പറഞ്ഞിരിക്കുകയാണ്. അപ്പോൾ അതിൽ കൂടുതൽ ചർച്ച നടത്തേണ്ടത് ആവശ്യമാണ്. അതേസമയം, എൻഡോസൾഫാൻ ഇരകളുടെ ആശങ്ക പരിഹരിക്കാനാവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണം. അതുപോലെ കൊടുത്തുകൊണ്ടിരിക്കുന്ന ആനുകൂല്യം നിഷേധിക്കുന്ന സ്ഥിതിയും വന്നുകൂടാ. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കാര്യമായി ചർച്ചചെയ്ത് മുന്നോട്ടുപോകണം. എൻഡോസൾഫാൻ സെല്ല് പെട്ടെന്നുതന്നെ വിളിച്ചുചേർക്കണം. ഈ വിഷയം സ്വാഭാവികമായി ജില്ലയിലെ എം.എൽ.എമാർ സഭയിൽ ഉന്നയിക്കും.
അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽr.എ
എൻഡോസൾഫാൻ വിഷയത്തിൽ ഒരു തീയതിയോ വർഷമോ ഒന്നും വെക്കാൻ പാടില്ല. എൻഡോസൾഫാൻ എഫക്ടഡാണ് എന്നുപറഞ്ഞാൽ അതിൽ കൊല്ലം നോക്കിയിട്ട് കാര്യമില്ല. അത് കുട്ടികളായാലും മുതിർന്നവരായാലും എല്ലാംതന്നെ ഈയൊരു ലിസ്റ്റിൽ കൊണ്ടുവരണം, സഹായം കൊടുക്കേണ്ട ലിസ്റ്റിൽ വരുത്തണം. നമ്മുടെ പാർട്ടി തീരുമാനംതന്നെ, ദുരിതബാധിതർക്കൊപ്പം നിൽക്കുക എന്നതാണ്. ഉത്തരവിറക്കിയത് വകുപ്പായിരിക്കും, മെഡിക്കൽ ക്യാമ്പ് സർക്കാർ നടത്തുന്നതുതന്നെ അർഹരെ കണ്ടെത്താൻ വേണ്ടിയാണ്. ഈയൊരു വിഷയം നിയമസഭ കൂടുമ്പോൾ സഭയിൽ ഉന്നയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
