എൻഡോസൾഫാൻ: എല്ലാവർക്കും നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ
text_fieldsന്യൂഡല്‍ഹി: 2010-11 വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ പട്ടികയിലെ എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ. നഷ്ടപരിഹാരം ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നാല് അമ്മമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്കായി ഇതിനകം 350 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി പോള്‍ ആൻറണി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹരജി നല്‍കിയ പി. രമ്യ, ജമീല, സിസിലി, ബധാവി എന്നിവര്‍ 2010-11 വര്‍ഷങ്ങളിലെ പട്ടികയിലുള്ളവരാണ്. സാമ്പത്തിക സഹായം ലഭിച്ചില്ലെന്നു ചൂണ്ടിക്കാട്ടി ഇവർ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടില്ലെന്നും എന്നിട്ടും ഇവരുടെ കുട്ടികൾക്ക് ചികിത്സക്ക് സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടുണ്ടെന്നും അതിനാല്‍ കോടതിയലക്ഷ്യ നടപടികള്‍ ഒഴിവാക്കണമെന്നും ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ പറയുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതത്തെ തുടര്‍ന്ന് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപയും കിടപ്പിലായവര്‍ക്ക് മൂന്നു ലക്ഷവും നല്‍കാന്‍ 2010ല്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ ഉത്തരവിട്ടിരുന്നു. കമീഷെൻറ ഉത്തരവ് 2012ല്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു.
2010- 2011 വര്‍ഷങ്ങളിലെ പട്ടിക ആരോഗ്യ പുനരധിവാസത്തിന് തയാറാക്കിയതാണ്. ഈ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. മനുഷ്യാവകാശ കമീഷെൻറ ഉത്തരവിനെ തുടര്‍ന്ന് 2013ലെ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ തയാറാക്കിയ പട്ടികയിലെ ഏതാണ്ട് എല്ലാവര്‍ക്കും മൂന്നു ഗഡുക്കളായി നഷ്ടപരിഹാരം വിതരണം ചെയ്തു. മരിച്ചവരുടെ നിയമപരമായ അനന്തരാവകാശികള്‍ ഇല്ലാത്തവരുടെ തുകയാണ് വിതരണം ചെയ്യാത്തത്. നിയമപരമായ അനന്തരാവകാശികള്‍ വന്നാല്‍ അവര്‍ക്ക് തുക കൈമാറും. ദേശീയ മനുഷ്യാവകാശ കമീഷന്‍ നിർദേശിച്ച പട്ടികക്ക് പുറമെ അർബുദ രോഗികളായ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
