അവസാനിക്കാതെ കോവിഡ് നിയന്ത്രണങ്ങൾ, നട്ടം തിരിഞ്ഞ് വ്യാപാരികൾ
text_fieldsIMAGE CREDIT: istockphoto.com/AlexSava
മലപ്പുറം: കോവിഡ് വ്യാപനത്തിെൻറ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അനിശ്ചിതമായി നീളുന്നത് വ്യാപാര മേഖലയുടെ നടുവൊടിക്കുന്നു. കണ്ടെയ്ൻമെൻറ് സോണുകൾക്ക് പുറത്ത് പ്രാദേശികമായി ലോക്ഡൗൺ നടപ്പാക്കരുതെന്ന കേന്ദ്രനിർദേശം അവഗണിച്ച് സംസ്ഥാനത്ത് കടകൾ തുറക്കുന്നതിന് സമയപരിധി ഇപ്പോഴും തുടരുകയാണ്.
മാസങ്ങളായി തുടരുന്ന മാന്ദ്യത്തിലും ആശ്വാസം നൽകാതെ, ഇല്ലാതായ വാറ്റ് നിയമത്തിെൻറ പേരിലും നിലവിലുള്ള ജി.എസ്.ടിയുടെ പേരിലും നോട്ടീസും പിഴ നോട്ടീസുകളും ലഭിച്ചു കൊണ്ടിരിക്കുന്നു. ജി.എസ്.ടി വകുപ്പ് 2016-17 മുതൽ ഇൻപുട് ടാക്സ് െക്രഡിറ്റിനുവേണ്ടി അപ്ലോഡ് ചെയ്ത ബില്ലുകളിലെ വ്യത്യാസത്തിന് പിഴയും പലിശയും ചേർത്താണ് നോട്ടീസ് അയച്ചുകൊണ്ടിരിക്കുന്നത്. ജി.എസ്.ടി തുടങ്ങിയപ്പോൾ രജിസ്ട്രേഷനുവേണ്ടി ബാങ്ക് അക്കൗണ്ട് നിഷ്കർഷിക്കുകയും സീറോ ബാലൻസ് അക്കൗണ്ട് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എന്നാൽ, കുറച്ചുമാസങ്ങളായി ഒരു മുന്നറിയിപ്പുമില്ലാതെ നോൺ ബാലൻസ് ചാർജ്, മിനിമം ബാലൻസ് മെയിൻറനൻസ് എന്ന പേരിൽ മാസം തോറും ഫീ ഈടാക്കുന്നുണ്ട്. കോവിഡ് മൂലം നഷ്ടപ്പെട്ട വ്യാപാര ദിനങ്ങൾ പോലും വകവെക്കാതെയാണിത്.
ഇതിന് പുറമെ മൊറട്ടോറിയം കാലാവധി പിന്നിടുമ്പോൾ പലിശക്ക് കൂട്ടുപലിശ ചേർക്കുന്ന നടപടികളാണ് ബാങ്കുകൾ കൈക്കൊള്ളുന്നത്. വ്യാപാരാവശ്യങ്ങൾക്ക് പുറമെ ഭവന, വാഹന, വിദ്യാഭ്യാസ വായ്പകളും എടുത്തവരുണ്ട്. വരുമാനം നിലച്ചതിനാൽ ഇത് തിരിച്ചടക്കാൻ നിലവിലെ സാഹചര്യത്തിൽ സാധ്യമല്ല.
രണ്ട് വർഷത്തേക്കെങ്കിലും മൊറട്ടോറിയം അനുവദിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ ഫെബ്രുവരിയിൽ വൻ തുക നികുതിയടച്ച് ലൈസൻസ് പുതുക്കിയെങ്കിലും കച്ചവടം ചെയ്യാൻ സാധിച്ചിട്ടില്ല.
2021-22 കാലയളവിലേക്കുള്ള ലൈസൻസ് ഫീസും തൊഴിൽ നികുതിയും ഒഴിവാക്കുക, കെട്ടിട നികുതി ഒരു വർഷത്തേക്ക് ഒഴിവാക്കുക, വാടക ഇളവ് നൽകുക, അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങളുടെ കണക്ടഡ് ലോഡ് ചാർജ് അടക്കമുള്ളവ ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് വ്യാപാരികൾ ഉന്നയിക്കുന്നത്.