കർഷക കുപ്പായമിട്ട വനംമാഫിയയുടെ കുപ്രചരണം അവസാനിപ്പിക്കണം -പ്രകൃതി സംരക്ഷണ സമിതി
text_fieldsകൽപറ്റ: പരിസ്ഥിതി പ്രവർത്തകർ കർഷകർക്കെതിരെ അപകീർത്തികരമായ പ്രചരണങ്ങൾ നടത്തുന്നതായി ആരോപിച്ചു കൊണ്ട് കർഷക -ആദിവാസി വേഷമിട്ട തൽപരകക്ഷികൾ നടത്തുന്ന തെറ്റായ പ്രചരണം അവസാനിപ്പിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതിയും കോ എക്സിസ്റ്റന്റ് കേരളയും ആവശ്യപ്പെട്ടു.
കേരളത്തിലെ വിവിധ പരിസ്ഥിതി സംഘടനകൾ, ശാസ്ത്രജ്ജർ, ഗവേഷകർ, വിദഗ്ധർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ വിശാല ഐക്യവേദിയായ കോ എക്സിസ്റ്റൻസ് കലക്ടീവ് കേരളയ്ക്ക് എതിരെയാണ് ചില ഗൂഢശക്തികൾ വാളെടുത്തുരംഗത്തുവന്നത്. മനുഷ്യ-വന്യജീവി സംഘർഷത്തിൽ കൃത്യവും ശക്തവുമായ കർഷകപക്ഷ നിലപാട് സ്വീകരിക്കുകയും അത് പരിഹരിക്കാൻ വനം വകുപ്പിലും കേന്ദ്ര-സംസ്ഥാന സർക്കാറുകളിലും ശക്തമായി സമ്മർദ്ദം ചെലുത്തുകയും പ്രക്ഷാഭ സമരങ്ങൾ നടത്തുകയും ചെയ്തവരാണ് പരിസ്ഥിതി പ്രവർത്തകർ. ഇപ്പോൾ കർഷക രക്ഷാ വേഷം കെട്ടി രംഗത്തെത്തിയവർ ഇക്കാലമത്രയും മൗനം പാലിച്ചവരാണ്. മാവൂർ ഗ്വാളിയോർ റയോൺസിനു വേണ്ടി വയനാട്ടിലെയും പശ്ചിമഘട്ട മലകളിലാകെയുമുള്ള മുളങ്കൂട്ടങ്ങൾ വെട്ടിനശിപ്പിച്ചപ്പോഴും പുൽമേടുകളിൽ അക്കേഷ്യ നട്ടപ്പോഴും വനം ക്ലിയർ ഫെല്ലിങ് നടത്തിയപ്പോഴും വന്യമൃഗ ശല്യം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് നൽകി സമര പ്രക്ഷോഭം സംഘടിപ്പിച്ചതും കേസിൽപെട്ടതും പരിസ്ഥിതി പ്രവർത്തകരായിരുന്നു. അന്നൊക്കെ ഭരണകൂടത്തിനും വനം വകുപ്പിനും വേണ്ടി കുടപിടിക്കുകയും ഗുണ്ടാപണിയെടുക്കുകയും ചെയ്തവരാണ് ഇപ്പോഴത്തെ കർഷക - ആദിവാസി രക്ഷാ മിശിഹമാർ.
വയനാട്ടിലേയും മൂന്നാറിലേയും നെല്ലിയാമ്പതിയിലേയും വനത്തിനുള്ളിലും വനം പരിസരത്തുമുള്ള ലക്കും ലഗാനുമില്ലാത്ത ടൂറിസം വന്യമൃഗങ്ങളെ നാട്ടിലിറങ്ങാൻ പ്രേരിപ്പിക്കുമെന്ന് പറഞ്ഞ് പരിസ്ഥിതി പ്രവർത്തകർ ചെറുത്തപ്പോഴും വനപരിസരത്തെ ക്വാറികൾ നിരോധിക്കണമെന്ന് പറഞ്ഞപ്പോഴും പരിസ്ഥിതി പ്രവർത്തക്കെതിരെ ഗുണ്ടാ പടയെ നയിച്ചവരാണ് അഭിനവ കർഷക രക്ഷാ നേതാക്കൾ. പുതുതായി അധികാരമേറ്റെടുത്ത വനം മന്ത്രി ഷിബുബേബിജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ കർഷക സംരക്ഷകനെന്ന വ്യാജേന പരിസ്ഥിതിവിരുദ്ധനും വനം -വന്യജീവി വിദ്വേഷം സംസ്ഥാനത്താകെ പ്രസരിപ്പിക്കുന്നതിൽ മുൻപിൽ നിന്ന ആളും ഖനന - കൈയേറ്റ മാഫിയയുടെ ബിനാമിയുമായ ഒരാളെ നിശ്ചയിച്ചതിൽ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച് പരിസ്ഥിതി പ്രവർത്തകർ മുഖ്യമന്ത്രിക്കും രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കും കത്തയച്ചിരുന്നു. അതിലെവിടെയും കർഷകരെ ആക്ഷേപിച്ചിട്ടില്ല. മന്ത്രിയുടെ ഓഫിസിൽ കയറിക്കൂടിയ വന്യജീവി - കർഷക വിരുദ്ധന്റെ പിണയാളുകളാണ് കിംവദന്തികൾ പ്രചരിപ്പിച്ച് പരിസ്ഥിതി പ്രവർത്തകർക്കെതിരെ വയനാട്ടിലും പാലക്കാട്ടും വെള്ളരിക്കുണ്ടിലും ഉറഞ്ഞുതുള്ളുന്നത്.
യഥാർഥ കർഷകർക്കും കാർഷിക വിളകൾക്കും അവരുടെ ജീവനും യാതൊരു സുരക്ഷയും നൽകാൻ സർക്കാറിന്ന് സാധ്യമായിട്ടില്ല. കർഷകർ രാജ്യത്തെ തീറ്റിപ്പോറ്റുന്നവരാണ്. ആദിവാസി കർഷകർ, പരമ്പരാഗത കർഷകർ, കുടിയേറ്റ കർഷകർ എന്നിവർ വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്. അവരുടെ പ്രശ്നങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടത് പരിഷ്കൃത ജനാധിപത്യ രാഷ്ട്രത്തിന്റെ ഉത്തരവാദിത്തവും കടമയുമാണെന്ന് പരിസ്ഥിതി സംഘടനകൾ വിശ്വസിക്കുന്നു. അതിനാൽ തന്നെ മനുഷ്യ -വന്യജീവി സംഘർഷത്തിന് പരിഹാരം കാണാൻ പ്രതിജ്ഞാബദ്ധമാണെന്നും കോ എക്സിസ്റ്ററ്റന്റ് കലക്ടീവ് ഭാരവഹികൾ പറഞ്ഞു.
യോഗത്തിൽ എം.എൻ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ. സന്താഷ്, എൻ. ബാദുഷ, വീണ മരത്തൂർ, തോമസ് അമ്പലവയൽ, കെ.എൻ. സുലൈമാൻ, അൻവർ സാദത്ത് നിലമ്പൂർ, ടി.വി. രാജൻ, കെ. രമിത്ത് ബാബു മൈലമ്പാടി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

