പ്രതിസന്ധിക്ക് അറുതി പ്ലസ് വൺ: സീറ്റ്, ബാച്ച് വർധിപ്പിക്കും, എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ 5812 വിദ്യാർഥികൾ പുറത്താണെന്ന് സമ്മതിച്ച് വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് 50 താലൂക്കുകളിലും പ്ലസ് വൺ സീറ്റ് ക്ഷാമം സമ്മതിച്ച് സർക്കാർ. പ്ലസ് വൺ സീറ്റ് ക്ഷാമമുള്ള ജില്ലകളിൽ സീറ്റുകൾ വർധിപ്പിക്കുമെന്നും വേണ്ടിവന്നാൽ പുതിയ ബാച്ചുകൾ അനുവദിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച 125509 വിദ്യാർഥികളിൽ 5812 പേർക്ക് ഇനിയും പ്രവേശനം ലഭിക്കാനുണ്ട്. ഈ സാഹചര്യത്തിൽ പൂര്‍ണമായി ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി അവ ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിച്ച ജില്ലയില്‍ ആവശ്യകത നോക്കി സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റ് കൂടി അനുവദിക്കും. കുട്ടികള്‍ കൂടുതല്‍ താല്പര്യപ്പെടുന്ന സയന്‍സ് ഗ്രൂപ്പില്‍ വേണ്ടിവന്നാല്‍ താല്‍ക്കാലിക ബാച്ച് അനുവദിക്കും.
മുമ്പ് സീറ്റ് വര്‍ധന നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും 20 ശതമാനം അല്ലെങ്കില്‍ 10 ശതമാനം സീറ്റ് വര്‍ധന അനുവദിക്കും. അടിസ്ഥാനസൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ്/അണ്-എയ്ഡഡ് സ്കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി (മാര്‍ജിനല്‍ വര്‍ധനയുടെ 20 ശതമാനം മാനേജ്മെൻറ് സീറ്റും ബാക്കി പൊതു മെറിറ്റ് സീറ്റായും) 20 ശതമാനം അല്ലെങ്കില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. കൂടാതെ സപ്ലിമെൻററി അലോട്ട്മെൻറിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താൽക്കാലിക ബാച്ചുകള്‍ അനുവദിക്കും. സപ്ലിമെൻററി അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചശേഷം സീറ്റ് ലഭിക്കാത്തവരുടെ കണക്കെടുത്ത് സീറ്റ് വര്‍ധിപ്പിക്കും.
പട്ടികവര്‍ഗ വിദ്യാർഥികള്‍ക്ക് വേണ്ടി വയനാട് നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളിലും കല്പറ്റ ഗവ. മോഡല്‍ ഗേൾസ് റെസിഡന്‍ഷ്യല്‍ സ്കൂളിലും ഓരോ ഹ്യുമാനിറ്റീസ് ബാച്ച് അനുവദിക്കും. സപ്ലിമെൻററി അലോട്ട്മെൻറിെൻറ നടപടിക്രമങ്ങൾ പൂർത്തിയായാൽ മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കുമെന്ന് മന്ത്രി സഭക്ക് ഉറപ്പുനൽകി.
നേരേത്ത സംസ്ഥാനത്തെ ഒറ്റ യൂനിറ്റായി കണക്കാക്കിയായിരുന്നു സർക്കാറും മന്ത്രിയും സീറ്റ് മിച്ചത്തിെൻറ കണക്ക് പറഞ്ഞത്. തുടക്കം മുതൽ പ്രതിപക്ഷവും ആവശ്യപ്പെട്ടത് താലൂക്ക് അടിസ്ഥാനത്തിൽ പരിശോധന ആയിരുന്നു. ഒടുവിൽ താലൂക്ക് അടിസ്ഥാനത്തിലെ കണക്ക് എടുക്കുകയായിരുന്നു. ഒരു കാലത്തും ഇല്ലാത്ത സീറ്റ് പ്രതിസന്ധിയാണ് ഇത്തവണയുണ്ടായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വിമർശിച്ചു.എന്നാൽ കുടലെടുത്ത് കാണിച്ചാലും വാഴനാരെന്നാണ് പ്രതിപക്ഷം പറയുന്നതെന്നും മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു.