തൊഴിലുറപ്പ് പദ്ധതി ഇല്ലാതാകുന്നു: ഇന്നു മുതൽ വി.ബി-ജി. റാം ജി; ആശങ്കകൾ നിരവധി
text_fieldsകൊച്ചി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ബുധനാഴ്ച മുതൽ ഇല്ലാതാകുന്നു. പകരം വി.ബി - ജി. റാം ജി എന്ന ‘വികസിത് ഭാരത്- ഗാരൻറി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ)’ നടപ്പിൽ വരും. പുതിയ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് കേരളത്തിന്റെയും തീരുമാനം. 3136.44 കോടി രൂപയാണ് കേന്ദ്രവിഹിതം. ബജറ്റിൽ 1422.66 കോടി വകയിരുത്തിയിട്ടുണ്ട്. ഇത് കേന്ദ്രവിഹിതത്തിന്റെ 31.20 ശതമാനം മാത്രമാണ്. 20 വർഷമായി ഗ്രാമീണ കുടുംബങ്ങൾക്ക് താങ്ങായിരുന്ന തൊഴിലുറപ്പ് പുതിയ പദ്ധതിയായി അവതരിക്കുമ്പോൾ വലിയ ആശങ്കകളാണ് ഉയരുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിൽ ദിനങ്ങൾ ഒരു സാമ്പത്തിക വർഷം 100 ആയിരുന്നത് 125 ആയി വർധിപ്പിക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന സവിശേഷത. പദ്ധതിയുടെ സാമ്പത്തിക ഉത്തരവാദിത്തത്തിന്റെ 60 ശതമാനം മാത്രമാകും കേന്ദ്ര വിഹിതം. 40 ശതമാനം സംസ്ഥാനം വഹിക്കണം. നേരത്തെ 100 ശതമാനവും കേന്ദ്രം നൽകിയിരുന്നു. ഇതനുസരിച്ചായാൽ ശരാശരി 2000 കോടിയോളം രൂപ സംസ്ഥാനം പ്രതിവർഷം അധികം കണ്ടെത്തേണ്ടിവരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊഴിൽ ആവശ്യപ്പെട്ടെങ്കിലും 15 ദിവസത്തിനകം നൽകിയില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം നൽകണമെന്ന വ്യവസ്ഥ നിലവിലെ നിയമത്തിലുണ്ട്. മാത്രമല്ല, വേതനം വൈകുന്നതിന് നഷ്ടപരിഹാരവുമുണ്ട്.
പുതിയ നിയമത്തിൽ ഇവ പൂർണമായും സംസ്ഥാനം വഹിക്കണമെന്നാണ് വ്യവസ്ഥ. നിലവിൽ സംസ്ഥാന തലത്തിൽ പദ്ധതി ഏകോപിപ്പിക്കുന്നത് സംസ്ഥാന തൊഴിലുറപ്പ് കൗൺസിലാണ്. പുതിയ നിയമത്തിൽ ഈ കൗൺസിലിന് മുകളിൽ സ്റ്റേറ്റ് ലെവൽ സ്റ്റിയറിങ് കമ്മിറ്റി വരും. ഈ കമ്മിറ്റിയിൽ കേന്ദ്ര സർക്കാർ പ്രതിനിധി കൂടി ഉണ്ടാകും.
പദ്ധതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും കൂടുതൽ മെച്ചപ്പെട്ട പദ്ധതിയാണ് വരുന്നതെന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പദ്ധതിയിൽനിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തുവെന്നും യാതൊരു ചർച്ചകളും കൂടിയാലോചനകളുമില്ലാതെ നിയമനിർമാണം നടത്തിയെന്നുമാണ് കോൺഗ്രസ് ആക്ഷേപം. സാധാരണക്കാർക്ക് താങ്ങായ പദ്ധതിയാണ് പരിഷ്കരിക്കപ്പെടുന്നത്. നിലവിലെ തൊഴിലുറപ്പ് പദ്ധതി കാർഡിന് പുതിയ പദ്ധതി വന്നാലും പ്രാബല്ല്യമുണ്ടാകും
പല പ്രവൃത്തികളും ഒഴിവാക്കി
കേന്ദ്ര സർക്കാർ പുറത്തിറക്കിയ 318 ഇനം പ്രവൃത്തികളുടെ പട്ടികയിൽ നേരത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ചെയ്തുകൊണ്ടിരുന്ന പലതും ഒഴിവാക്കിയിട്ടുണ്ട്. അതിൽ പലതും അവിദഗ്ധർക്ക് തൊഴിൽ നൽകാൻ കഴിയുന്നവയാണ്. സംസ്ഥാന സർക്കാറിന്റെ ലൈഫ് ഭവന നിർമാണ പദ്ധതി വി.ബി-ജി. റാം ജിയിൽനിന്ന് ഒഴിവാകും. ലൈഫ് പദ്ധതിക്കായി തൊഴിലുറപ്പിൽ 90 അധിക തൊഴിൽദിനങ്ങളാണ് നൽകിയിരുന്നത്. നിലവിലുള്ള തൊഴിലുറപ്പ് പ്രതിദിന കൂലിയായ 369 രൂപ പ്രകാരം ഒരു ഗുണഭോക്താവിന് 33,200 രൂപയോളം ഇത് പ്രകാരം ലഭിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയിരുന്നത് പ്രകൃതി വിഭവങ്ങളുടെ പരിപാലന പ്രവൃത്തികൾക്കായിരുന്നു. പുതിയ പദ്ധതിയിൽ പ്രകൃതിവിഭവ പരിപാലനത്തെ കേന്ദ്രം കൈയൊഴിഞ്ഞു. പുതിയ പദ്ധതിയുടെ കൂടുതൽ പ്രവൃത്തികളും വിദഗ്ധ, അർധ വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ളവയാണ്. അതിനാൽ സാധാരണ തൊഴിലാളികൾ പുറത്താകുമെന്നാണ് ആശങ്ക.
വിതയ്ക്കൽ, കൊയ്ത്ത് തുടങ്ങിയ പ്രധാന കാർഷിക സീസണുകളിൽ 60 ദിവസം വരെ പദ്ധതി നിർത്തിവെക്കാൻ കേന്ദ്രത്തിന് അധികാരമുണ്ടെന്നതാണ് കേരളത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു നിർദേശം. കേരളത്തിലെ കൃഷികൾ ‘സീസണൽ’ എന്നതിലുപരി വർഷം മുഴുവൻ നീണ്ടുനിൽക്കുന്നതാണ്. കൂടാതെ, കേരളത്തിലെ ഗ്രാമീണ തൊഴിലാളികളിൽ ഭൂരിഭാഗവും സ്വന്തമായി ഭൂമിയില്ലാത്തവരോ നാമമാത്ര ഭൂമിയുള്ളവരോ ആണ്. ഇന്ത്യയിലെ ശരാശരി കാർഷിക വേതനം 345 രൂപയും കേരളത്തിലെ ശരാശരി കാർഷിക വേതനം 764 രൂപയുമാണ്. കേരളത്തിലെ തൊഴിലുറപ്പ് വേതനം 369 രൂപയും. കേരളത്തിലെ ഉയർന്ന ജീവിതച്ചെലവ് പരിഗണിക്കുമ്പോൾ തൊഴിലുറപ്പ് വേതനം തന്നെ കുറവാണ്. ഈ സാഹചര്യത്തിൽ 60 ദിവസത്തോളം പദ്ധതി നിർത്തിവെക്കുന്നത് ദരിദ്ര കുടുംബങ്ങൾക്ക് തിരിച്ചടിയാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

