തൊഴിലുറപ്പ് പദ്ധതി; ഓംബുഡ്സ്മാൻമാരെ മാറ്റുന്നത് ഡിവിഷൻ ബഞ്ചും തടഞ്ഞു
text_fieldsകോഴിക്കോട്: തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിലെ ഗുരുതര അഴിമതികൾ ദിനംപ്രതി പുറത്തുവരുന്ന വേളയിൽ സംസ്ഥാന സർക്കാറിന് വീണ്ടും തിരിച്ചടി. കാലാവധി അവസാനിക്കും മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലെ മൂന്ന് ജില്ല ഓംബുഡ്സ്മാൻമാരെ നീക്കാനുള്ള സർക്കാർ നീക്കത്തിനാണ് ഹൈകോടതിയിൽ തിരിച്ചടിയായത്. ഇവർക്ക് ഏഴു മാസം വരെ കാലാവധി നിലനിൽക്കെ പുതിയ നിയമനത്തിന് സർക്കാർ നീക്കം നടത്തുകയായിരുന്നു. ഇതിനെതിരെ സിംഗിൾ ബഞ്ച് നൽകിയ അനുകൂല വിധിയാണ് ഡിവിഷൻ ബഞ്ചും ശരിവെച്ചത്.
ജില്ല ഓംബുഡ്സ്മാൻമാരെ കാലാവധി തീരുംമുമ്പ് പ്രവർത്തന മികവ് വിലയിരുത്താതെ നീക്കംചെയ്യാൻ സംസ്ഥാന സർക്കാർ നിയമവിരുദ്ധമായി ശ്രമമാരംഭിച്ചപ്പോൾ, ഓംബുഡ്സ്മാൻ സംവിധാനങ്ങളോട് സർക്കാർ ചട്ടവിരുദ്ധ നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് യഥാക്രമം തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഓംബുഡ്സ്മാൻമാരായ സാം ഫ്രാങ്ക്ളിൻ, വി.പി. സുകുമാരൻ, സി. അബ്ദുൽ റഷീദ് തുടങ്ങിയവരാണ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്.
ഈ കേസിൽ സർക്കാർ നടപടി തടഞ്ഞ്, കാലാവധി തീരുംവരെ തുടരാൻ അനുവദിച്ച് ജസ്റ്റിസ് ഡി.കെ. സിങ് ഉത്തരവിട്ടു. ഇതിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിൽ ഫയൽചെയ്ത അപ്പീലാണ് ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരി, വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് തള്ളി, ഓംബുഡ്സ്മാൻമാർക്കനുകൂലമായ സിംഗിൾ ബെഞ്ചിന്റെ വിധി ശരിവെച്ചത്. തൊഴിലുറപ്പു പദ്ധതിയുടെ ഏക പരാതിപരിഹാര സംവിധാനമായ ജില്ല ഓംബുഡ്സ്മാൻ സംവിധാനത്തോട് സർക്കാറിന് താൽപര്യമില്ലെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

