സാന്ത്വന പരിചരണ മേഖലയിൽ കണ്ണീർ പൊടിയുന്നു
text_fieldsപത്തനംതിട്ട: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന നിരവധി സ്ത്രീകളുടെ തൊഴിൽ മേഖലയായ ഹോം നഴ്സിങ്, സാന്ത്വന പരിചരണ രംഗത്തെ വലിയ തോതിൽ ചൂഷണങ്ങൾ നടക്കുന്നതായി വെളിപ്പെടുത്തൽ. വയോധികരുടെ സഹായത്തിനായി നിൽക്കുന്ന ഈ മേഖല സംസ്ഥാനത്തെ പ്രധാന തൊഴിൽ മേഖയായി മാറി. ഉന്നത വിദ്യാഭ്യാസം നേടി വിദേശ രാജ്യങ്ങളിൽ ജോലി നോക്കുന്ന മക്കൾക്ക് നാട്ടിലെ മാതാപിതാക്കളെ മികച്ച രീതിയിൽ ശുശ്രൂഷിക്കാൻ ഏക ആശ്രയം ഈ മേഖലയിലേക്ക് കടന്ന് വരുന്ന സന്നദ്ധരായ സ്ത്രീകളാണ്. വീടും നാടും ഉപേക്ഷിച്ച് ജോലി നോക്കുന്ന വീടുകളിൽ കഴിയുന്ന സ്ത്രീകൾ നിരവധി ബുദ്ധിമുട്ടുകൾ സഹിച്ചാണ് മുന്നോട്ടുപോകുന്നത്.
വീടുകളുടെ ഏക വരുമാനമാർഗം സ്ത്രീകളായി മാറുമ്പോഴാണ് താരതമ്യേന സുരക്ഷിതമായ തൊഴിൽ എന്ന നിലയിൽ മിക്കവരും ഈ മേഖലയിലേക്ക് കടന്നുവരുന്നത്. സാന്ത്വന പരിചരണ രംഗത്ത് ഇന്ന് അന്യ സംസ്ഥാനക്കാരുടെ സാന്നിധ്യവുമുണ്ട്. പല വീടുകളിലും ഇവർ കുടുംബത്തോടാണ് കഴിയുന്നത്. എന്നാൽ, കൂടുതൽ മലയാളി കുടുംബങ്ങളും തങ്ങളുടെ കേരളീയരെ തന്നെ ഒപ്പം നിർത്താനാണ് ആഗ്രഹിക്കുന്നത്. അതേ സമയം പ്രഫഷനൽ സാന്ത്വന പരിചാരകരുടെ അഭാവവും സംസ്ഥാനത്ത് നിലനിൽക്കുന്നതായി പരാതിയുണ്ട്.
വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച് അമേരിക്കയിലും യൂറോപ്പിലും വലിയ തൊഴിൽ സാധ്യതയുള്ള മേഖയയാണിത്. നിരവധി മലയാളികൾ ഇസ്രായേലിൽ ഉൾപ്പെടെ ഈതൊഴിൽ ചെയ്യുന്നുണ്ട്. വലിയ വേതനവും മേഖലക്ക് ലഭിക്കുന്നുണ്ട്.
ചോരയൂറ്റി സ്ഥാപനങ്ങളും
സംസ്ഥാനത്തെ പ്രവാസികളുടെ എണ്ണം ഉയരുകയും വയോധികർ വീടുകളിൽ തനിച്ചാകുകയും ചെയ്തതോടെ സാന്ത്വന പരിചരണ -ഹോം നേഴ്സിങ് മേഖലയിൽ ധാരാളം സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്. കുടുംബങ്ങൾ ഇത്തരം സ്ഥാപനങ്ങളെ ആശ്രയിച്ചാണ് പരിചാരകരെ കണ്ടെത്തുന്നത്. സുരക്ഷിത മാർഗം എന്ന നിലയിലാണ് ഇവരെ സമീപിക്കുന്നത്. എന്നാൽ, വീടുകളിൽ പരിചാരകരായി നിൽക്കുന്ന സ്ത്രീകൾക്ക് കിട്ടുന്ന തുച്ഛവരുമാനത്തിൽനിന്ന് നിശ്ചിത തുക ഊറ്റിയാണ് ഇത്തരം സ്ഥാനപനങ്ങളുടെയും നിലനിൽപ്. സഹായികൾക്ക് നേരിട്ട് പണം നൽകരുതെന്നും തങ്ങളുടെ ഓഫിസിൽ മാസാവസാനം പണം അടക്കണമെന്നും ഉപാധിവെച്ചാണ് വീടുകളിലേക്ക് ഇവർ സ്ത്രീകളെ അയക്കുന്നത്.
ഹോം നഴ്സിങ് സ്ഥാപന മേധാവികളാകട്ടെ ഈ പണം തൊഴിലാളികൾക്കോ അവരെ ആശ്രയിച്ച് ജീവിക്കുന്നവരിലോ എത്തിച്ച് കൊടുക്കുന്നതിൽ താമസിപ്പിക്കാറുമുണ്ട്. മാസം 20,000 മുതൽ 35,000 വരെ ഈടാക്കുന്ന സ്ഥാപനങ്ങളുണ്ട്. വേതനം കൂടുന്ന മുറക്ക് സ്ഥാപനങ്ങൾ കമീഷനായി വാങ്ങുന്ന തുകയും ഉയരും. 2000 മുതൽ 5000 രൂപ വരെ തൊഴിലാളികളിൽനിന്ന് കമീഷനായി വാങ്ങുന്ന സ്ഥാപനങ്ങൾ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. മികച്ച പരിശീലനം നൽകിയാണ് തങ്ങൾ തൊഴിലാളികളെ എത്തിക്കുന്നതെന്ന് അവകാശപ്പെട്ട് കൂടുതൽ പണം കുടുംബങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്. എന്നാൽ, പലപ്പോഴും ഒരു പരിശീലനവും നൽകാതെ രോഗികളോട് മോശമായി പെരുമാറുന്ന നിരവധി അനുഭവങ്ങൾ മക്കളിൽ നിന്ന് ഉയർന്ന് വരുന്നത്. മോഷണം പോലെ ചിലരുടെ പെരുമാറ്റങ്ങളും ഹോം നഴ്സിങ് മേഖലക്ക് ഭീഷണിയായിട്ടുണ്ട്.
ഇത്തരക്കാരെ തിരിച്ചറിയുന്നതിൽ സ്ഥാപനങ്ങളും പരാജയപ്പെടുകയാണ്. നിരവധി സ്ഥാപനങ്ങൾ അനധികൃതമായി ഈ മേഖലയിൽ മുളച്ചു പൊന്തിയ സാഹചര്യത്തിൽ കൃത്യമായ ലൈസൻസ് ഏർപ്പെടുത്തണമെന്നും ആവശ്യം ഉയരുന്നു. നിലവിലെ തൊഴിൽ നിയമങ്ങളൊന്നും രോഗീ പരിചരണ മേഖലയിൽ ഉൾപ്പെടാത്തതും ചൂഷകർക്ക് വളമാണ്.
ഹോം നഴ്സുമാർ അനുഭവം പറയുന്നു
-എത്ര കഠിനമായി ജോലി ചെയ്താലും വീട്ടുകാര്‍ തൃപ്തരല്ല
-സമയത്ത് ഭക്ഷണം ലഭിക്കാറില്ല. ചില ദിവസങ്ങളിൽ പഴകിയ ഭക്ഷണം നല്കുന്നു
-ചില വീട്ടുകാര്‍ ഏജന്‍സി ചാര്‍ജ് നല്‍കാതെ ഹോം നഴ്സുമാരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കുന്നു
-വേതനം കൃത്യസമയത്ത് നല്‍കുന്നില്ല
-വീടുകളിലെ പുരുഷന്മാര് അപമര്യാദയായി പെരുമാറുന്ന അപൂര്‍വം സംഭവങ്ങളുമുണ്ട്
-അത്യാവശ്യസന്ദര്ഭങ്ങളില്പോലും മൊബൈല്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്ത വീട്ടുകാരുമുണ്ട്
-കിടക്കാന്‍ കട്ടിലോ, ബെഡോ നല്കാത്തവസ്ഥയുണ്ട്
-ചില ഏജന്‍സികള്‍ കൂടുതല്‍ വേതനം വാങ്ങി ജോലിക്കാര്‍ക്ക് കുറച്ചു നല്കുന്നു
-രോഗി പരിചരണത്തിനായി മാത്രം നിയുക്തരായവരെ അടുക്കളപ്പണി ചെയ്യിപ്പിക്കുന്നു
-മോശമായ പെരുമാറ്റത്തിനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്താല്‍ മോഷണക്കുറ്റം ആരോപിക്കുന്നു
ആവശ്യങ്ങൾ
-ലൈസന്‍സ് ഇല്ലാതെ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കണം
-ഈ മേഖലയില്‍ ക്ഷേമനിധി വേണം
-ജോലിസമയത്തിന് കൃത്യമായ ക്രമീകരണം വേണം
-ഹോം നഴ്സിങ് രംഗത്ത് സംഘടന വേണം
-ഏജന്‍സികള്‍ക്ക് കൃത്യമായ ഗൈഡ് ലൈന്‍ വേണം
-പാലിയേറ്റിവ് കെയര്‍ മേഖലയില്‍ യോഗ്യതക്കനുസരിച്ച് ശമ്പളം നിശ്ചയിക്കണം
-പി.എഫ്, ഇന്‍ഷുറന്‍സ് വേണം
-പെന്ഷന് വേണം.
-സേവന വേതന വ്യവസ്ഥകള്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കണം.
പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് സർക്കാർ
ഹോം നഴ്സിങ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് കേരള വനിത കമീഷന് സംഘടിപ്പിച്ച തെളിവെടുപ്പിൽ പരാതികളുടെ ഭാണ്ഡക്കെട്ടാണ് സ്ത്രീ തൊഴിലാളികൾ അഴിച്ചുവെക്കുന്നത്. സ്ത്രീ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്നാണ് ഇത്തരം യോഗങ്ങളിൽ മന്ത്രിമാർ പറയുന്നത്. കഴിഞ്ഞയാഴ്ച പത്തനംതിട്ടയിൽ നടന്ന തെളിവെടുപ്പിൽ പരിഹാരം കാണുമെന്ന് മന്ത്രി വീണ ജോര്‍ജും ഉറപ്പ് നൽകി.
സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്നങ്ങളും വെല്ലുവിളികളും മനസ്സിലാക്കുന്നതിനും നടപടി എടുക്കുന്നതിനുമായി 11 മേഖലകള്‍ തിരഞ്ഞെടുത്ത് വനിത കമീഷന് സംസ്ഥാനമൊട്ടാകെ തെളിവെടുപ്പ് നടത്തുന്നുണ്ട്. സാന്ത്വന പരിചരണ നയം ആദ്യമായി ആവിഷ്കരിച്ച സംസ്ഥാനം കേരളമാണെന്നും സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനം ആകുകയാണ് കേരളത്തിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഹോം നഴ്സിങ് മേഖലയിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി നടത്തുന്ന പബ്ലിക് ഹിയറിങ് വളരെ പ്രധാനമാണ്. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ജീവിക്കുന്ന കാലയളവില്‍ ക്വാളിറ്റി ലൈഫ് ഉണ്ടാകണം.
പൊതുസമൂഹത്തിനും സര്‍ക്കാറിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ഹോം നഴ്സിങ്, സാന്ത്വന പരിചരണ മേഖലകള്‍ വലിയ പ്രാധാന്യമുള്ളവയാണ്. ബഹുഭൂരിപക്ഷവും സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലയാണ് ഇത്. അതുകൊണ്ട് തന്നെ നല്ല തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക, ചൂഷണങ്ങള്‍ അവസാനിപ്പിക്കുക എന്നത് ഏറെ പ്രധാനമാണ്. ഇതു കണക്കിലെടുത്ത് സര്‍ക്കാറിന്റെ നേതൃത്വത്തില്‍ സാന്ത്വന പരിചരണ മേഖലയില്‍ പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. സംതൃപ്തിയോടെ ജോലി ചെയ്യാന്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാധിക്കണം.
പബ്ലിക് ഹിയറിങ്ങിന്റെ അടിസ്ഥാനത്തില്‍ വനിത കമീഷന് നല്കുന്ന ശിപാര്‍ശകള്‍ ഗൗരവത്തോടെ പരിഗണിച്ച് സര്‍ക്കാര്‍ ഇടപെടല്‍ നടത്തും. ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകേണ്ടി വരുന്ന അമ്മമാര്‍ക്ക് ഒപ്പം കുഞ്ഞുങ്ങളെയും താമസിപ്പിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുഞ്ഞുങ്ങള്‍ക്കായി അവിടെ ഡേ കെയര്‍ സംവിധാനവും ഉണ്ട്. കുട്ടികളെ 12 വയസ്സുവരെ ഹോസ്റ്റലില്‍ ഒപ്പം നിര്‍ത്തി പഠിപ്പിക്കാം. സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡേ കെയര്‍ സംവിധാനം ഒരുക്കാനുള്ള പദ്ധതി നടപ്പാക്കും. ആദ്യഘട്ടമായി 50 സ്ത്രീകളില്‍ കൂടുതല്‍ പേര് ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാകും ഇത്തരത്തില്‍ ഡേ കെയര്‍ സേവനം ഉറപ്പാക്കുക. ഐ. ടി മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഗര്‍ഭിണിയാകുമ്പോള്‍ നിര്‍ബന്ധിതമായി രാജി വെപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. വനിതകളുടെയും ശിശുക്കളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭ സമിതി നടത്തിയ പഠനത്തിലാണ് ഐ.ടി കമ്പനികളിലെ ഇത്തരമൊരു മോശമായ പ്രവണത ശ്രദ്ധയിൽപെട്ടത്.
ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും. പ്രസവശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുന്ന വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ പരിശീലനം വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

