ബാങ്ക് ജീവനക്കാർക്ക് ശമ്പളമെത്തി; അധികസമയ വേതനമില്ല
text_fieldsതിരുവനന്തപുരം: ബാങ്ക് ജീവനക്കാർക്ക് ശമ്പളമെത്തി, പക്ഷേ സമയപരിധി നോക്കാതെ ജോലി ചെയ്തവർക്ക് അധികസമയ വേതനം അനുവദിക്കാതെ അധികൃതർ കണ്ണടച്ചു. അസാധാരണ പ്രതിസന്ധിയിൽ അവധി എടുക്കാതെ ജോലി ചെയ്തവർക്കുള്ള ആനുകൂല്യങ്ങൾ നിഷേധിച്ചതിനെതിരെ ജീവനക്കാരുടെ സംഘടന കേന്ദ്ര ലേബർ കമീഷണർക്ക് പരാതി നൽകിയിരിക്കുകയാണ്.
നവംബർ എട്ടിനുശേഷം നിശ്ചയിക്കപ്പെട്ട സമയവും കഴിഞ്ഞാണ് മിക്ക ബാങ്കും പ്രവൃത്തികൾ അവസാനിപ്പിച്ചത്. ചെസ്റ്റ് ബ്രാഞ്ചുകൾ രാത്രി 12 വരെ പ്രവർത്തിക്കുകയാണ്. അധിക ജോലിക്കുള്ള അധിക വേതനം സാധാരണ പ്രവൃത്തി മണിക്കൂറുകൾ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കുന്നത്.
അധികം വൈകിയാൽ 200 ശതമാനം വർധനവരെ ഓരോ മണിക്കൂറിനും നൽകണമെന്നാണ് വ്യവസ്ഥ. 1966 മുതൽ നൽകിപ്പോരുന്ന ആനുകൂല്യമാണ് ഇത്തവണ അട്ടിമറിച്ചത്. നോട്ട് ക്ഷാമം രൂക്ഷമായതിനെത്തുടർന്ന് അവധി ദിനമായ 13നും 14നും ബാങ്ക് ജീവനക്കാർ ജോലിക്കെത്തിയിരുന്നു.
ഓരോ ജീവനക്കാരനും എത്ര മണിക്ക് ഓഫിസിലെത്തി എത്ര മണിക്കൂർ ജോലി ചെയ്തു, എപ്പോൾ തിരിച്ചുപോയി എന്നീ കാര്യങ്ങളെല്ലാം മാനേജ്മെൻറിന് അറിയാം. എന്നിട്ടും അധികസമയ വേതനം അനുവദിക്കാൻ ബാങ്കുകൾ തയാറാകുന്നില്ലെന്നാണ് ജീവനക്കാരുടെ പരാതി. അധികസമയ വേതനം നൽകാൻ ഫണ്ടില്ല എന്നാണ് ഒരു പ്രമുഖ ബാങ്ക് ജീവനക്കാരെ അറിയിച്ചത്.
പണം മാറ്റിവാങ്ങാൻ എത്തുന്നവരുടെ വിരലിൽ മഷി പുരട്ടാനും ബാങ്കുകൾ നേരിട്ട് കൈകാര്യം ചെയ്യുന്ന എ.ടി.എമ്മുകളിൽ മണിക്കൂറുകളുടെ ഇടവേളയിൽ പണം നിറക്കാനും ജീവനക്കാർതന്നെയാണ് നിയോഗിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
