കേരളത്തിന് ‘കവച’മായി ഇന്ന് അപകട സൈറൺ മുഴങ്ങും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് പലയിടങ്ങളിലായി ഇന്ന് അപകട സൈറൺ മുഴങ്ങും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിവിധ ജില്ലകളിൽ സ്ഥാപിച്ചിട്ടുള്ള 91 മുന്നറിയിപ്പ് സൈറണുകളുടെ (കവചം - കേരള വാണിങ് ക്രൈസിസ് ആൻഡ് ഹസാർഡ്സ് മാനേജ്മെന്റ് സിസ്റ്റം) പ്രവർത്തന പരീക്ഷണമാണ് ചൊവ്വാഴ്ച രാവിലെ 10.30 മുതൽ വൈകീട്ട് 5.45 വരെ നടക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാവുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പ് നൽകാനാണ് ‘കവചം’ എന്ന പേരിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സൈറണുകൾ സ്ഥാപിച്ച് പ്രവർത്തന സജ്ജമാക്കിയിരിക്കുന്നത്. അവയിൽ ഫ്ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്.
സ്കൂളുകളിലും സർക്കാർ കെട്ടിടങ്ങളിലുമൊക്കെയായിട്ടാണ് ഈ സൈറണുകൾ സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്താണ് കൂടുതൽ സൈറണുകൾ സ്ഥാപിച്ചിട്ടുള്ളത്-10. സംസ്ഥാന കൺട്രോൾ റൂമുകൾക്ക് പുറമെ, പ്രാദേശിക ഭരണകൂടങ്ങൾക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകൾ നൽകാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. പരീക്ഷണമായതിനാൽ സൈറണുകൾ മുഴങ്ങുമ്പോൾ ജനങ്ങൾ പേടിക്കരുതെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

